മാവേലിക്കര: മൊയ്തീനെ…ആ ചെറിയെ സ്പാനറിങ് എടുത്തേ ഇപ്പൊ.. ശരിയാക്കിത്തരാം. ഈ ഡയലോഗ് ഓര്‍ക്കാത്ത ഒരു മലയാളിയും കാണില്ല. എന്നാല്‍ ഇത് വെള്ളാനകളുടെ നാടല്ല, മാവേലിക്കരയാണ്. അതെ ഇവിടെയുമുണ്ട് റോഡ് റോളര്‍ മാത്രം പണിയുന്ന ഒരു മെക്കാനിക്ക്.
മാവേലിക്കര തട്ടാരമ്പലം ജങ്ഷന് തെക്ക് വിഎസ്എം ആശുപത്രിക്ക് സമീപമാണ് പുന്നമൂട്ടില്‍ വീട്ടില്‍ സന്തോഷ്കുമാര്‍ ബിഎസ് എഞ്ചിനീറിങ് വര്‍ക്സ് എന്ന പേരില്‍ റോഡ് റോളര്‍ വര്‍ക്ക് ഷോപ്പ് നടത്തുന്നത്. 94 വയസുള്ള അച്ഛന് വി.കെ. ഭാസ്കരന് 48 വര്‍ഷം മുന്‍പ് തുടങ്ങിയതാണ് സ്ഥാപനം. ആദ്യകാലത്ത് തൊണ്ടുതല്ലി യന്ത്രവും, റോളര്‍ അറ്റകുറ്റപ്പണികളും മെഷിനറി ഫിറ്റിങ് ജോലികളും മാത്രമായിരുന്നു. പിന്നീട് 1988ല്‍ പുറത്തിറങ്ങിയ വെള്ളാനകളുടെ നാട് എന്ന സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രമാണ് അച്ഛന് ഭാസ്കരനെ റോഡ് റോളര്‍ പണിയിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ചത്. ശേഷം അച്ഛന് പിന്നാലെ മകന് സന്തോഷും റോഡ് റോളര്‍ മെക്കാനിസം സ്വായത്തമാക്കി.
കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് റോളറിന്റെ ചെറിയ അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന വര്‍ക്ക്ഷോപ്പുകള്‍ ഉണ്ടെങ്കിലും വണ്ടിയുടെ പാര്‍ട്സുകള്‍ ലഭ്യമാകുന്ന തെക്കന്‍ജില്ലയിലെ ഏക സ്ഥാപനം കൂടിയാണ് സന്തോഷിന്റേത്. പാറശാലയില്‍ നിന്നുവരെ ആളുകള്‍ റോളറിന്റെ ഭാഗങ്ങള്‍ വാങ്ങാന്‍ എത്തുന്നതായും സന്തോഷ് പറയുന്നു. ഇതോട് ചേര്‍ന്ന് ഏഴ് തൊഴിലാളികളുള്ള ലേയ്ത്ത് ശാലയും ഉണ്ട്.
കേരളത്തിലെ പ്രമുഖ പൊതുമരാമത്ത് കോണ്ട്രാക്ടര്മാരുടെ വാഹനങ്ങള്‍ ഇവിടെയാണ് പണിയുന്നത്. കടവൂര്‍ യുപി സ്കൂളിലെ അദ്ധ്യാപിക ആശയാണ് ഭാര്യ. മകന് പി.എസ്. അമല്‍ലാല്‍ കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളജില്‍ അധ്യാപകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: