പത്തനംതിട്ട: ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി പന്തളം തെക്കക്കേക്കര പെരുമ്പുളിക്കല്‍ പടുക്കോട്ടുക്കല്‍ വേലന്‍പറമ്പില്‍ ചന്ദ്രന്റെയും തങ്കമണിയുടെയും മകള്‍ അഞ്ജന ടി ചന്ദ്രന് നടന്നുകയറിയത് ഹിമാലയ പര്‍വ്വതത്തില്‍ ഭാഗമായ ലഡാക് മഞ്ഞുമലകളുടെ നെറുകയിലേക്ക്. സമുദ്രനിരപ്പില്‍ നിന്നും 17540 അടി ഉയരമുള്ള മഞ്ഞുമൂടിയ പര്‍വ്വതം കീഴടക്കി നെറുകയില്‍ ഭാരതത്തിന്റെ ത്രിവര്‍ണ്ണപതാക പാറിച്ചപോള് ഈ കൊച്ചു മിടുക്കി നാടിന്റെ മുഴുവന്‍ അഭിമാനമായി മാറുകയായിരുന്നു.
ഈ ചരിത്ര ദൗത്യം പൂര്‍ത്തിയായതോടെ പതിനെട്ടാം വയസില്‍ ലഡാക്ക് പര്‍വ്വതം കീഴടക്കുന്ന ആദ്യ പെണ്‍കുട്ടി എന്ന നേട്ടവും അഞ്ജനയ്ക്ക് സ്വന്തം. കൂടാതെ വര്‍ഷങ്ങള്‍ക്കുശേഷം ഈ ദൗത്യം പൂര്‍ത്തിയാക്കുന്ന കേരളത്തില്‍നിന്നുള്ള എന്‍സിസി കേഡറ്റ് എന്ന അംഗീകാരവും. 2017 ജൂലൈ മൂന്നിനാണ് അഞ്ജന ഉള്‍പ്പെട്ട 18 അംഗസംഘം ലഡാക് മലനിര കീഴടക്കിയത്. അഞ്ജന ഉള്‍പ്പെടെ നാല് പേരാണ് ആദ്യം മലമുകളില്‍ എത്തിയത്.
2017 ജൂലൈ രണ്ടിന് രാത്രി 12.30ന് മണാലിയില്‍ നിന്നുമാണ് യാത്ര ആരംഭിച്ചത്. ജൂലൈ മൂന്നിന് രാവിലെ 11.30ന് പര്‍വ്വതം കീഴടക്കി. തുടക്കത്തിലുണ്ടായിരുന്ന ഭയം പിന്നീട് ഇല്ലാതായതായും മുന്നോട്ടുപോകാനുള്ള ശക്തി എവിടെ നിന്നോ ലഭിക്കുന്ന അനുഭവമായിരുന്നു എന്നും ഈ മിടുക്കി ഓര്‍ക്കുന്നു. സൈനിക സേവനം എന്ന ആഗ്രഹത്തോടെയാണ് പന്തളം എന്‍എസ്എസ് കോളേജി്ല്‍ എക്കണോമിക്സ് വിദ്യാര്‍ത്ഥിയായി ചേര്‍ന്നപ്പോള്‍ തന്നെ എന്‍സിസിയില്‍ അംഗമായത്. അത് ജീവിതത്തിലെ വഴിത്തിരിവായി അഞ്ജന കാണുന്നു. പര്‍വതാരോഹണത്തില്‍ താല്പര്യമുള്ള കേഡറ്റുകളെ ചെങ്ങന്നൂരിലെ പത്താം ബറ്റാലിയന് സംഘടിപ്പിക്കുന്ന വിവരമറിഞ്ഞ് അപേക്ഷ നല്കി. എഴുത്തുപരീക്ഷയും അഭിമുഖത്തിനു ശേഷമാണ് പ്രാഥമിക യോഗ്യത ലഭിച്ചത്.
തുടര്‍ന്ന് ന്യൂദല്‍ഹിയില്‍ ആരോഗ്യ കായിക ക്ഷമത പരിശീലനമായിരുന്നു അതും വിജയകരമായി പൂര്‍ത്തീകരിച്ചു. പരിശീലനത്തിനെത്തിയ നൂറിലധികം കേഡറ്റുകളിലെ ഏക മലയാളിയും അഞ്ജന ആയിരുന്നു. 10 ദിവസത്തെ പരിശീലനത്തില്‍ നിന്നും 20 പേരെ തെരഞ്ഞെടുത്തു. തുടര്‍ പരിശീലനത്തിന് മണാലിയിലേക്ക് പോയി. ഇവുടുത്തെ പരിശീലനത്തില്‍ രണ്ടുപേര്‍ പരാജയപ്പെട്ടതോടെ അംഗസംഖ്യ 18 ആയി ചുരുങ്ങി. ക്യാപ്റ്റന്‍ അരുന്ധതി, സണ്ബേര് സിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് ലഡാക് പര്‍വ്വതം കീഴടക്കാനുള്ള യാത്രതിരിച്ചത്. വടവും മഞ്ഞില്‍ വെട്ടാനുള്ള മഴുവും, ആഹാരവും വസ്ത്രവും അവശ്യ സാധനങ്ങളും അടങ്ങിയ ബാഗ് ചുമലിലും വഹിച്ചായിരുന്നു യാത്ര. എല്ലാ സംവിധാനങ്ങളും ഉണ്ടായിരുന്നെങ്കിലും പിടിച്ചു കയറുന്ന പാറ അടര്‍ന്നു പോകുന്നതും, മലമുകളില്‍ ഉറപ്പില്ലാത്ത പ്രതലവും വെല്ലുവിളികള്‍ ആയിരുന്നു.
കാല്‍വഴുതി അഞ്ജനയും മഞ്ഞില്‍ വീണിരുന്നു, അതും ഉറപ്പില്ലാത്ത പ്രദേശത്തായിരുന്നു. ആ നിമിഷം ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല എന്ന് അഞ്ജന പറയുന്നു. കൂടെയുള്ളവര്‍ വടം ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പര്‍വ്വതം കീഴടക്കണം ആഗ്രഹം എല്ലാത്തിനെയും അതിജീവിച്ച് മുന്നോട്ടു പോകാന്‍ കാരണമായി. ജൂലൈ 3 രാവിലെ 11.30ന് അഞ്ജനയടക്കം നാലു പേര് പര്വ്വതത്തിന് മുകളിലെത്തി.
ആദ്യം എത്തിയ നാലുപേരില്‍ ദേശീയ പതാക ഉയര്‍ത്തുവാനുള്ള ഭാഗ്യം ലഭിച്ചത് അഞ്ജനക്ക്. ആ നിമിഷം വലിയ അഭിമാനവും ആത്മവിശ്വാസവുമാണ് തോന്നിയതെന്ന് അഞ്ജന പറയുന്നു. മടക്കയാത്ര കൂടുതല്‍ സാഹസികം ആയിരുന്നു. ഇതിനിടയില്‍ മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടു.
കോളേജ് മുതല്‍ എന്‍സിസി ഓഫീസര്‍മാര്‍ നല്കിയ പിന്തുണയാണ് യാത്രയില്‍ അഞ്ജനക്ക് കരുത്തേകിയത്. മുമ്പ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുവാനുള്ള ക്യാമ്പില്‍ പങ്കെടുത്തിരുന്നെങ്കിലും ഉയരക്കുറവ് കാരണം പുറത്തായപ്പോള്‍ ഉണ്ടായ വിഷമം ഈ ദൗത്യത്തില്‍ വിജയിച്ചപ്പോള്‍ മാറിയതായി അഞ്ജന പറയുന്നു. തിരികെ ഡല്‍ഹിയിലെത്തിയ ശേഷം നടന്ന പരിപാടിയില്‍ ക്യാമ്പിലെ പുലിക്കുട്ടി താനായിരുന്നു എന്ന് അധ്യാപകരില്‍ നിന്ന് കേട്ടപ്പോള്‍ വളരെയധികം അഭിമാനം തോന്നിയതായി അഞ്ജന പറയുന്നു.
എവറസ്റ്റ് പര്‍വതം കീഴടക്കണമെന്നതാണ് ഈ കൊച്ചുമിടുക്കിയുടെ അടുത്ത ആഗ്രഹം. പഠനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകണമെന്നും ആഗ്രഹിക്കുന്നു. കലാ-കായിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ അഞ്ജന പന്തളം ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തില്‍ കഥകളിയും അഭ്യസിക്കുന്നു. അരുണ്‍ ആണ് അഞ്ജനയുടെ സഹോദരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: