ജീവന് കര്‍ത്താവാണെന്ന് സ്ഥാപിക്കുന്ന കര്‍ത്രധികരണം തുടരുന്നു.
സൂത്രം വ്യപദേശാച്ച ക്രിയായാം ന ചേന്നിര്‍ദേശ വിപര്യയ:
പ്രവൃത്തിയില്‍ കര്‍ത്താവായി വ്യപദേശിച്ചതിനാല്‍ ജീവന് കര്‍ത്താവാണ്. അങ്ങനെയല്ലെങ്കില്‍ നിര്‍ദേശത്തിന് വിപരീതമാകും. ജീവനെ കര്‍ത്താവായി ശ്രുതി നിര്‍ദ്ദേശിക്കുന്നുണ്ട് പ്രവൃത്തിയുടെ കാര്യത്തില്‍. അങ്ങനെ കരുതിയില്ലെങ്കില്‍ ശ്രുതിയുടെ നിര്‍ദ്ദേശത്തിന് വിലയില്ലാതാകും.
വൈദികവും ലൗകികവുമായ കര്‍മ്മങ്ങളില്‍ കര്‍തൃത്വം പറഞ്ഞിരിക്കുന്നതിനാല്‍ ജീവന് കര്‍ത്താവാണ്. തൈത്തിരീയത്തില്‍ ‘വിജ്ഞാനം യജ്ഞം തനു തേ കര്‍മ്മാണി തനുതേ /പി ച’ ജീവന് യജ്ഞവും കര്‍മ്മങ്ങളും ചെയ്യുന്നു,
ഇവിടെ വിജ്ഞാനം എന്നതിന് ബുദ്ധി എന്ന അര്‍ത്ഥമെടുത്ത് ജീവനല്ല ബുദ്ധിയ്ക്കാണ് കര്‍തൃത്വം എന്ന് ചിലര്‍ വാദിക്കാറുണ്ട്. എന്നാല്‍ അത് ശരിയല്ല. അങ്ങനെയായിരുന്നുവെങ്കില്‍ ബൃഹദാരണ്യത്തിലെ പോലെ ‘തദേഷാം പ്രാണാ നാം വിജ്ഞാനേന വിജ്ഞാന മാദായ’ എന്ന് തൃതീയ വിഭക്തി ഉപയോഗിക്കുമായിരുന്നു. തൈത്തിരീയ മന്ത്രത്തില്‍ പ്രഥമാ വിഭക്തിയായി വിജ്ഞാനം എന്ന് പ്രയോഗിച്ചതിനാല്‍ ജഡമായ ബുദ്ധിയെയല്ല ചേതനനായ ജീവനെയാണ് കര്‍ത്താവായി നിര്‍ദേശിക്കുന്നത്. അതല്ല എങ്കില്‍ നിര്‍ദ്ദേശത്തിന് മാറ്റംവരുത്തേണ്ടിവരും.
സൂത്രം ഉപലബ്ധിവദനിയമ:
അറിവെന്ന പോലെ നിയമമില്ല.
സുഖദു:ഖാദി ഭോഗങ്ങളുടെ പ്രാപ്തിക്കനുസരിച്ച് കര്‍മം ചെയ്യുന്നു. അല്ലാതെ പ്രത്യേക നിയമമൊന്നുമില്ല.
ജീവന് സ്വതന്ത്രമായ കര്‍ത്താവാണെങ്കില്‍ തനിക്ക് അനിഷ്ടഫലങ്ങളെ നല്കുന്ന ദുഷ്കര്‍മ്മങ്ങളെ എങ്ങനെയാണ് ചെയ്യുന്നത്? തനിക്ക് ദോഷമുണ്ടാകണമെന്ന് ആരെങ്കിലും ആഗ്രഹിക്കുമോ? നല്ലത് വരണമെന്നാണ് എല്ലാവരും കരുതുക. അതിനാല്‍ ജീവനല്ല കര്‍ത്താവ് എന്നാണ് പൂര്‍വപക്ഷത്തിന്റെ അഭിപ്രായം. ഇതിനുള്ള സമാധാനമാണ് ഇവിടെ പറയുന്നത്. ജീവന് ജ്ഞാനസ്വരൂപമാന്നെങ്കിലും വിഷയങ്ങള്‍ ഇന്ദ്രിയങ്ങള്‍ എന്നിവയുടെ സംയോഗ മനുസരിച്ചാണ് ജ്ഞാനം പ്രകാശിക്കുക. അതുപോലെ തന്നെ കര്‍മ്മങ്ങള്‍ ചെയ്യുന്നതും ഉപാധിയോഗത്തിനനുസരിച്ചാണ്. അതു കൂടാതെ അനേക ജന്മങ്ങളിലെ വാസനകള്‍ക്കനുസരിച്ചാണ് കര്‍മ്മം ചെയ്യുന്നത്.ജീവന് സ്വതന്ത്രനാണെങ്കിലും പ്രാരബ്ധത്തിന് വഴങ്ങാതെ നിവൃത്തിയില്ല.
സൂത്രം ശക്തിവിപര്യയാത്
ശക്തിയ്ക്ക് മാറ്റം വരുന്നതിനാല്‍ ബുദ്ധിയ്ക്ക് കര്‍തൃത്വം ഉണ്ടാകില്ല.
പ്രാരബ്ധം അഥവാ സ്വഭാവം ശക്തിപ്പെട്ടതാകുകയും ഹിതത്തിന് വിപരീതമാകുകയും ചെയ്യുമ്പോള്‍ അനിഷ്ടാചരണമുണ്ടാകുന്നു. ബുദ്ധിയില്‍ നിന്ന് വേറിട്ടിരിക്കുന്ന ജീവനെയാണ് കര്‍ത്താവ് എന്ന് പറഞ്ഞത് എന്നതിന് മറ്റൊരു കാരണം കൂടി കാണിക്കുന്നു. വിജ്ഞാനം എന്നതിനെ ബുദ്ധി എന്ന് കണക്കാക്കി കര്തൃത്വശക്തിയെ പറഞ്ഞാല്‍ ബുദ്ധിയുടെ കരണശക്തി ഇല്ലാതാകും.പ്രവൃത്തി ചെയ്യാനുള്ള കാരണമായ അഹംഭാവവും ബുദ്ധിയ്ക്കാണെന്ന് വരും. കരണ ശക്തിയുള്ള വേറൊന്നിനെ കല്പിക്കേണ്ടി വരും. കര്‍ത്താവ് കരണ ശക്തിയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കര്‍തൃത്വവും കരണത്വവും ഒന്നില്‍ തന്നെയുണ്ടാകില്ല. അതിനാല്‍ ബുദ്ധിയെയല്ല ജീവനെയാണ് കര്‍ത്താവെന്ന് പറയുന്നത്.
സൂത്രം സമാധ്യഭാവാച്ച
സമാധി ഉണ്ടാവത്തതിനാല്‍ ബുദ്ധി കര്‍ത്താവല്ല.
ജീവന് കര്‍ത്താവല്ല എന്ന് വന്നാല്‍ മോക്ഷ വിധിയനുസരിച്ചുള്ള സമാധിയുടെ അനുഭവം ആവശ്യമില്ല. കര്‍ത്താവും ഭോക്താവുമായ ബുദ്ധിക്കും അത് വേണ്ട. അതിനാല്‍ മോക്ഷ ശാസ്ത്രവും സമാധിവിധിയും പ്രയോജനമില്ലാത്തതാകും. ബൃഹദാരണ്യകത്തില്‍ ആത്മാവിനെ കാണണം കേള്‍ക്കണം മനനം ചെയ്യണം, നിരന്തരം ധ്യാനിക്കണം എന്ന് പറയുന്നുണ്ട്. ആത്മാവിനെയാണ് അറിയേണ്ടത്.ഛാന്ദോഗ്യവും മുണ്ഡകവുമൊക്കെ ഈ ആശയത്തെ തന്നെയാണ് പറയുന്നത്. ആത്മാവ് കര്‍ത്താവല്ലെങ്കില്‍ ഈ ശ്രുതിവാക്യങ്ങള്‍ക്ക് അര്‍ത്ഥമില്ലാതാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: