വായുഃ പരിചിതോ യസ്മാ ദഗ്നിനാ സഹ കുണ്ഡലീം
ബോധയിത്വാ സുഷുമ്നായാം
പ്രവിശേദനിരോധത: 4 19
പ്രാണായാമത്തോടെയുള്ള വായുവും ജഠരാഗ്നിയും ചേര്‍ന്ന് കുണ്ഡലിയെ ഉണര്‍ത്തി തടസ്സമില്ലാതെ സുഷുമ്നയില്‍ പ്രവേശിപ്പിക്കണം.
സുഷുമ്നാ വാഹിനി പ്രാണേ
സിദ്ധത്യേവ മനോന്മനീ
അന്യഥാ ത്വിതരാഭ്യാസാ:
പ്രയാസായൈവ യോഗിനാം. 4 20
പ്രാണന് സുഷുമ്നയിലൊഴുകിയാല് മനോന്മനി ലഭിക്കും. അതില്ലാതെയുള്ള അഭ്യാസങ്ങള്‍ യോഗിമാര്‍ക്ക് അനാവശ്യമായ പ്രയാസങ്ങളുണ്ടാക്കുന്നവയാണ്.
ചില ശക്തമായ പ്രാണായാമവിധികള് ചെയ്താല്‍ പിന്നീട് സാധകന് അറിയാതെ, വെറും സ്വാഭാവിക രീതിയില്‍ ശ്വാസം നിലയ്ക്കും (കുംഭകത്തിലാവും). ഇതിന് കേവല കുംഭകമെന്നാണ് പേര്. ഇതില്‍ സാധകന്റെ പരിശ്രമം, അഭ്യാസം ഒട്ടുമില്ല. കുണ്ഡലിനീ ശക്തിയുടെ ഉണര്‍ച്ചയും ഇതുപോലെ സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. ഇഡാപിംഗളാസുഷുമ്നാ നാഡികള്‍ യോജിക്കുന്നതും നാം ചിന്തിക്കാത്ത പ്രതീക്ഷിക്കാത്ത സമയത്താകും. സാധകനായ യോഗി പ്രതീക്ഷയോടെ വിനയത്തോടെ കാത്തിരിക്കുകയേ വഴിയുള്ളൂ. പരിചാരകന് തന്റെ യജമാനനെ കാത്തിരിക്കുന്നതുപോലെ. സാധനയില്‍ മുഴുകി, ജാഗ്രതയോടെ കാത്തിരിക്കുക. അതു കൊണ്ടു തന്നെ യോഗിയുടെ വിശ്രമം താമസിക അനുഭവമല്ല, തനി സാത്വികമാണ്.
മനോന്മനി എന്നാല്‍ മനസ്സിലാത്ത മനസ്സിന്റെ അവസ്ഥയാണ്. മനസ്സ് അതിന്റെ പരിധികള്‍ ലംഘിച്ച് അപ്പുറം കടന്ന അവസ്ഥ. അതീത മനസ്സ് നിയന്ത്രണമേറ്റെടുത്ത അവസ്ഥ. പിന്നീട് ആ യോഗിക്ക് ചെറുതാവാന്‍ കഴിയില്ല.
പവനോ ബദ്ധ്യതേ യേന
മനസ്തേനൈവ ബദ്ധ്യതേ
മനശ്ച ബദ്ധ്യതേ യേന
പവനസ്തേന ബദ്ധ്യതേ 4 21
പ്രാണനെ ബന്ധിക്കുന്ന യോഗി മനസ്സിനെയും ബന്ധിക്കും. മനസ്സിനെ ബന്ധിക്കുന്നവന്‍ പ്രാണനെയും ബന്ധിക്കും.
മനസ്സും ശ്വാസവും (പ്രാണന്) വളരെ ബന്ധപ്പെട്ടവയാണ്. മനസ്സിന് പിരിമുറുക്കമുണ്ടെങ്കില്‍, ചിന്തകള്‍ വേഗത്തോടെ ആവര്‍ത്തിക്കുന്നുവെങ്കില്‍ മനസ്സിന്റെ താളം തെറ്റിയിരിക്കുന്നു, വേഗം കൂടിയിരിക്കുന്നു എന്നര്ഥമാണ്. ഈ വേഗം, താളപ്പിഴ അവന്റെ ശ്വാസത്തിലുമുണ്ടാകും. കഠിനമായ കോപമുള്ളവന് ശ്വാസം മുട്ടും. ഇത് മറ്റു വികാരങ്ങള്‍ക്കും ബാധകമാണ്. മനസ്സിന്റെ വേഗം ഏറ്റവും ചുരുങ്ങുന്നതാണ് ശാന്തത. അപ്പോള്‍ ശ്വാസവും സ്വാഭാവികമായും ആഴമുള്ളതും ദീര്‍ഘവുമായിരിക്കും. അതു കൊണ്ട് ശ്വാസത്തിന്റെ ദൈര്‍ഘ്യം കൃത്രിമമായി കൂട്ടിയാല്‍ മനസ്സിന് ശാന്തത കിട്ടുമെന്നുള്ളത് യുക്തിഭദ്രമാണ്; അനുഭവവേദ്യവുമാണ്.
ഹേതു ദ്വയം തു ചിത്തസ്യ
വാസനാ ച സമീരണ:
തയോര്‍ വിനഷ്ട ഏകസ്മിന്‍
തൗ ദ്വാവപി വിനശ്യത: 4 22
ചിത്തത്തിന്റെ പ്രവൃത്തികള്‍ക്ക് രണ്ടു കാരണങ്ങള്‍ ഉണ്ട് വാസനയും വായുവും. അവയില്‍ ഒന്നു നശിച്ചാല്‍ മറ്റു രണ്ടും നശിക്കും.
ചിത്തത്തിന്റെ അടിത്തട്ടിലുള്ള പഴകിയ സംസ്കാരമാണ് വാസന. അപ്പോള്‍ ചിത്തം, വാസന, ശ്വാസം (പ്രാണന് ) ഇവ മൂന്നും പരസ്പര സഹായികളാണ്. ഒന്നിച്ചു നില്കുന്നവയാണ്. വാസന ക്ഷയിച്ചാല്‍ ചിത്തവും പ്രാണനും ക്ഷയിക്കും. പ്രാണന് ക്ഷയിച്ചാല്‍ ചിത്തവും വാസനയും ക്ഷയിക്കും. ചിത്തം ക്ഷയിച്ചാല്‍ വാസനയും പ്രാണനും ക്ഷയിക്കും.
യോഗവാസിഷ്ഠം ഇതു തന്നെ പറയുന്നു. ‘ദ്വേ ബീജേ രാമ ചിത്തസ്യ’ ഹേ രാമ, മനസ്സ് രണ്ടു വിത്തുകളില്‍ നിന്നാണുണ്ടാവുന്നത് ‘പ്രാണ സ്പന്ദന വാസനേ ‘ പ്രാണനും വാസനയും. ‘ഏകസ്മിന്‍ ച തയോര്‍ നഷ്ടേ’ അവയില്‍
ഒന്നു നഷ്ടമായാല്‍ ‘ക്ഷിപ്രം ദ്വേ അപി നശ്യത: ‘ വേഗത്തില്‍ തന്നെ രണ്ടും നശിക്കും.
തിരിച്ചും പറയുന്നു.: മനസ് ലയിച്ചില്ലെങ്കില്‍ വാസന ക്ഷയിക്കില്ല. വാസന ക്ഷയിച്ചില്ലെങ്കില് മനസ്സു ശമിക്കില്ല. തത്വജ്ഞാനമില്ലാതെ ചിത്തം നശിക്കില്ല. ചിത്തം ശമിക്കാതെ ജ്ഞാനവും കിട്ടില്ല. വാസനാ നാശമില്ലാതെ തത്വജ്ഞാനമില്ല; മറിച്ചും. അതുകൊണ്ട് ജ്ഞാനം, മനോനാശം, വാസനാക്ഷയം ഇവ മൂന്നും ഒരേ സമയത്ത് അഭ്യസിക്കണം.
മനോ യത്ര വിലീയേത
പവനസ്തത്ര ലീയതേ
പവനോ ലീയതേ യത്ര
മനസ്തത്ര വിലീയതേ. 4 23
മനസ്സ് ലയിച്ചാല്‍ പ്രാണന് ലയിക്കും. പ്രാണന് ലയിച്ചാല്‍ മനസ്സു ലയിക്കും
(കൊച്ചി പതഞ്ജലിയോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: