ശുദ്ധബുദ്ധിസ്വരൂപമായ ബ്രഹ്മനാഡി
ദ്വാസപ്തതി സഹസ്രാണി
നാഡീദ്വാരാണി പഞ്ജരേ
സുഷുമ്നാ ശാംഭവീശക്തി:
ശേഷാസ്ത്വേവനിരര്ഥകാ:4 18
ഈ ശരീര (പഞ്ജര) ത്തില്‍ 72000 നാഡീ ദ്വാരങ്ങള്‍ ഉണ്ട്. സുഷുമ്ന ( മധ്യ നാഡി) ശാംഭവീ ശക്തിയാണ്. മററുള്ളവ നിഷ്പ്രയോജനങ്ങളാണ്.
72000 നാഡികളും അസ്ഥികളും ചേര്‍ന്ന ഒരു കൂടാണ് ശരീരം. ഓരോ നാഡിക്കും പ്രാണന്റെ പ്രവേശനത്തിനായി അററം തുറന്നിരിക്കുന്നു. അവയില്‍ ഏറ്റവും പ്രധാനവും പ്രയോജനപ്രദവും മധ്യ നാഡിയായ സുഷുമ്നയാണ്. അത് ശാംഭവീശക്തിയുമാണ്. ശം എന്നാല്‍ സുഖം. ‘ശം ഭവതി ‘, ഭക്തന്മാര്ക്ക് സുഖം ഭവിക്കുന്നു, സുഖം ഉണ്ടാവുന്നു എന്നതിനാല്‍ ശംഭു. ശംഭുവിന്റെ, ഈശ്വരന്റെ ശക്തി ശാംഭവീ ശക്തി. ധ്യാനം കൊണ്ട് ശംഭുവിനെ പ്രാപിക്കാന്‍ കഴിയുന്നതിനാലും ശാംഭവി.
ശംഭുവിനെ പ്രത്യക്ഷമാക്കാന്‍ സഹായിക്കുന്നതിനാലും ശാംഭവി. ശം എന്നാല്‍ സുഖ രൂപം, ആത്മാവ്. അതിന്റെ ശക്തി ശാംഭവീ ശക്തി. ധ്യാനം കൊണ്ട് ആത്മസാക്ഷാത്കാരമുണ്ടാക്കുന്നതുകൊണ്ടും ശാംഭവി. ഇംഗ്ലീഷുകാരനായ ജോണ്‍ വുഡ്രോഫ് (ആര്‍തര്‍ ആവ്ലോണ് )എഴുതിയ ‘ദി സര്‍പ്പന്റ് പവര്‍ ‘ ലോകപ്രസിദ്ധമായ തന്ത്ര ഗ്രന്ഥമാണ്.
സര്വാനന്ദനാഥന് എഴുതിയ ശ്രീ തത്വ ചിന്താമണി എന്ന ഗ്രന്ഥത്തിലെ ആറാമത്തെ അധ്യായമായ ശ്രീചക്ര നിരൂപണത്തിലെ 55 ശ്ലോകങ്ങളുടെ വ്യാഖ്യാനമാണ് ‘സര്‍പ്പന്റ് പവര്‍’ അഥവാ കുണ്ഡലിനീ ശക്തി. അതില്‍ നാഡികളേ പറ്റി പറയുന്നുണ്ട്. അതില്‍ ചില ഭാഗം നോക്കാം.ഒന്നാമത്തെ ശ്ലോകം :
മേരോ: ബാഹ്യപ്രദേശേ (മേരുവിന്റെ, നട്ടെല്ലിന്റെ പുറത്തായി) ശശി മിഹിര സിരേ (ചന്ദ്രന്, സൂര്യന് എന്നീ രണ്ടു സിരകള്‍, നാഡികള്‍) സവ്യ ദക്ഷേ നിഷണ്ണേ (ഇടതും വലതുമായി സ്ഥിതി ചെയ്യുന്നു) മദ്ധ്യേ (മധ്യത്തില്‍) നാഡീ സുഷുമ്നാ (സുഷുമ്നാ നാഡി) ത്രിതയ ഗുണമയീ (മൂന്നു ഗുണങ്ങള്‍, സത്വ രജ തമസ്സുകള്‍, അഥവാ വജ്ര ചിത്രിണി ബ്രഹ്മ നാഡീ തന്തുക്കള്‍ ഉള്ള) ‘ചന്ദ്രസൂര്യ അഗ്നി രൂപ ‘ യാണ്. ധാത്തൂര സ്മേര പുഷ്പഗ്രഥിതതമ വപു: (വിടര്‍ന്ന ഉമ്മത്തിന് പൂവിന്റെ മാല പോലുള്ള ശരീരത്തോടു കൂടിയ) കന്ദ മധ്യാത് (കന്ദ മധ്യത്തില്‍ നിന്ന്, മൂലാധാരത്തിന്റെ സമീപത്തുനിന്ന്) ശിരസ്ഥാ (ശിരസ്സു വരെ നീണ്ടവള്‍ ) ആണ്. അസ്യാ: മധ്യമേ (അതിന്റെ ഉള്ളില്‍) ജ്വലന്തീ ( തിളങ്ങുന്ന) മേഢ്ര ദേശാച്ഛിരസി പരിഗതാ (ലിംഗ പ്രദേശം മുതല്‍ ശരിസ്സുവരെ നീണ്ട ) വജ്രാഖ്യാ (വജ്രാ എന്നു പേരായ നാഡിയുമുണ്ട്) രണ്ടാമത്തെ ശ്ലോകത്തില്‍ വജ്രാ നാഡിയുടെ ഉള്ളിലിരിക്കുന്ന ചിത്രിണീ നാഡിയെപ്പററി പറയുന്നു. അത് ചിലന്തിവലയുടെ നൂലുപോലെ നേര്‍ത്തതും എല്ലാ ചക്രങ്ങളെയും ഭേദിക്കുന്നതും ശുദ്ധബുദ്ധി സ്വരൂപയുമാണ്. അതിന്റെയും ഉള്ളില്‍ ബ്രഹ്മനാഡി. മൂന്നാമത്തെതില് ബ്രഹ്മ നാഡിയുടെ വിവരണമാണ്. അത് മിന്നല്‍പ്പിണരു പോലെ മനോഹരമാണ്. ശുദ്ധജ്ഞാന സ്വരൂപയാണ്. ശുദ്ധ ബോധമാണ്. അമൃതമയമാണ്. പിന്നെ ആറ് ആധാര ചക്രങ്ങളുടെ വിശദമായ പഠനമാണ് വരുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: