പൃഥിവ്യധികാരാധികരണം
ആറാമത്തേതായ ഈ അധികരണത്തിലും ഒരു സൂത്രമേയുള്ളൂ, ഭൂമിയുടെ ഉല്പത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇവിടെ പറയുന്നു.
സൂത്രം പൃഥിവ്യധികാരരൂപശബ്ദാന്തരേഭ്യ:
ഭൂമിയാണ് പിന്നീടുണ്ടായത്. മഹാഭൂതാധികാരമായതിനാലും കൃഷ്ണവര്‍ണ രൂപത്തെ പറഞ്ഞതിനാലും മറ്റ് ശ്രുതി വ്യാക്യങ്ങളിലും ഇത് മനസ്സിലാക്കാം.
ഛാന്ദോഗ്യോപനിഷത്തില്‍ താ ആപ ഐക്ഷന്ത ബഹ് വ്യ: സ്യാമ പ്രജായേമഹി ഇതി താ അന്നമസൃജന്ത ഈ ജലത്തെ ആധാരമാക്കിയുണ്ടാക്കുന്ന അന്നത്തിലൂടെ ഞാന്‍ പലതായിത്തീരാം എന്ന് ആലോചിച്ച് അന്നത്തെ സൃഷ്ടിച്ചു. ഇവിടെ അന്നം എന്ന് പറയുന്നത് ഭൂമിയെയാണ് .അല്ലാതെ സാധാരണ അന്നം എന്ന് പറയുമ്പോള്‍ അര്‍ഥം വരുന്ന നെല്ല്, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളല്ല. സൃഷ്ടിക്രമത്തെക്കുറിച്ച് പറയുന്നിടത്ത് പെട്ടെന്ന് അക്കാര്യം വിട്ട് ധാന്യങ്ങള്‍ എന്ന് അര്ഥമെടുക്കാനാവില്ല. അന്നത്തിന്റെ ആധാരമായ ഭൂമി എന്ന് തന്നെയാണ് അര്‍ഥമെടുക്കേണ്ടത്. അന്നത്തിന്റെ നിറം കറുപ്പാണെന്ന് ഇവിടെ പറയുന്നത് ഭൂമിയെ ഉദ്ദേശിച്ച് തന്നെയാണ്. ധാന്യത്തിന്റെ നിറം കറുപ്പല്ല. ഭൂമിയില്‍ അധികമായി കാണുന്നതിനാല്‍ കറുപ്പു നിറത്തെ പറയുന്നു. പാറകളും വൃക്ഷങ്ങളുടെ ഹരിതാഭയുമൊക്കെ അകലെ നിന്ന് നോക്കുമ്പോള്‍ കറുപ്പ് തന്നെ. ഭൂമിയില്‍ നിഴല്‍ പോലെ രാത്രി ഇരുണ്ടിരിക്കുന്നു എന്ന് പൗരാണികരും പറയാറുണ്ട്.
‘അദ്ഭ്യ: പൃഥിവി’ ജലത്തില്‍ നിന്ന് ഭൂമിയുണ്ടായി എന്ന് മറ്റ് ഉപനിഷത്തുക്കളിലും കാണാം.
പൃഥ്വിയില്‍ നിന്ന് ഓഷധികളും ഓഷധികളില്‍നിന്ന് അന്നവും ഉണ്ടായി എന്ന് പിന്നീട് പറയുന്നുണ്ട്. അതിനാല്‍ അന്നമെന്നതിന് ഇവിടെ ഭൂമി എന്ന് തന്നെ അര്‍ഥമെടുക്കണം.
തദഭിധ്യാനാധികരണം
ഈ അധികരണത്തിലും ഒരു മാത്രമാണ് ഉള്ളത്. തത്വങ്ങളുടെ സൃഷ്ടിയുമായി ബന്ധപെട്ടതാണിത്.
സൂത്രം തദഭിധ്യാനാദേവ തു തല്ലിങ്ഗാത് സ:
തത്വങ്ങളെപ്പറ്റി ശരിയായി ചിന്തിക്കുന്നതിനാല്‍ ആ പരമാത്മാവാണ് തത്വങ്ങളുടെ സൃഷ്ടികര്‍ത്താവെന്ന് ബോധ്യമാകും. എന്തെന്നാല്‍ പരമാത്മാവിന്റെ ലക്ഷണങ്ങള്‍ അവയിലും ഉള്ളതിനാല്‍. തത്വങ്ങളുടെ അഥവാ ഭൂതങ്ങളുടെ സൃഷ്ടിയെപ്പറ്റി വീണ്ടും പറയുന്നു. ആകാശത്തില്‍ നിന്ന് വായുവും വായുവില്‍ നിന്ന് അഗ്നിയും അഗ്നിയില്‍ നിന്ന് ജലവും ജലത്തില്‍ നിന്ന് പൃഥ്വിയും ഉണ്ടായി എന്ന തൈത്തിരീയ ശ്രുതിയില്‍ ഓരോ ഭൂതങ്ങളും മറ്റുള്ള ഭൂതങ്ങളെ സൃഷ്ടിച്ചുവെന്ന് പറയുന്നു. ഭൂതങ്ങള്‍ ജഡങ്ങളായതിനാല് അത് സംഭവിക്കുന്നതെങ്ങനെയെന്നാണ് പൂര്‍വപക്ഷത്തിന്റെ വാദം. എന്നാല്‍ ഇത് ശരിയല്ല. ഭൂതങ്ങള്‍ ജഡങ്ങളാണെങ്കിലും അവയില്‍ ചേതനാ രൂപികളായ ദേവതകള്‍ കുടികൊള്ളുന്നുണ്ട്. തദൈക്ഷത, തദസൃജത തുടങ്ങിയ ശ്രുതി വാക്യങ്ങള്‍ ഇതിനെ കാണിക്കുന്നതാണ്. പരമാത്മാ ലക്ഷണങ്ങളൊക്കെ ആ ദേവതകളിലും കാണാം.ബൃഹദാരണ്യകത്തില്‍ ‘യ: പൃഥിവ്യാം തിഷ്ഠന്‍ പൃഥിവ്യാന്തരോ യം പൃഥിവി ന വേദ യസ്യ പൃഥിവീ ശരീരം യ: പൃഥിവീമന്തരോ യമയതി’ യാതൊരാളാണോ ഭൂമിയില്‍ ഇരിക്കുകയും ഭൂമിയുടെ ഉള്ളില്‍ കടക്കുകയും ചെയ്യുന്നത്, യാതൊരാളെ ഭൂമി അറിയുന്നില്ല, യാതൊരാളുടെ ശരീരമാണോ ഭൂമി യാതൊരാള്‍ ഭൂമിയുടെ ഉള്ളിലിരുന്ന് നിയന്ത്രിക്കുന്നുവോ… എന്ന് വ്യക്തമാക്കുന്നുണ്ട്. ഇത്തരം ശ്രുതികള്‍ പരമാത്മാവ് തന്നെയാണ് ഭൂതങ്ങളില്‍ അന്തര്യാമിയായി വര്‍ത്തിക്കുന്നതെന്ന് കാണിക്കുന്നു. ഓരോ ഭൂതങ്ങളിലും ദേവതാരൂപത്തിലിരിക്കുന്ന പരമാത്മാവ് തന്നെയാണ് സൃഷ്ടികര്ത്താവായിരിക്കുന്നത്.അന്തര്യാമിയായി വര്‍ത്തിക്കുന്ന പരമാത്മാവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: