ചിലത് അങ്ങനെയാണ്. കാലമെത്ര കഴിഞ്ഞാലും മാറ്റമില്ലാതെ തുടരും. പഴയ തറവാടുകളുടെ നെടുന്തൂണുകളും മോന്തായവും പോലെ കാലത്തെ അതിജീവിക്കും. തൂണിന് അപചയം വന്നാല്‍ മോന്തായം വളയും. മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയും എന്നു പ്രമാണം. ലോകകപ്പു ക്രിക്കറ്റ് സെമിയില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ ഇന്ത്യയുടെ തോല്‍വി കണ്ടപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ തോന്നി. ക്രിക്കറ്റിലുമുണ്ട് കാലത്തെ അതിജീവിക്കുന്ന ചില മൂല്യങ്ങള്‍. അതു വളഞ്ഞാല്‍ ടീമാകെ വളയും. ഇന്ത്യയുടെ മോന്തായം വളഞ്ഞോന്നൊരു സംശയം.
ടെസ്റ്റ് ആണ് ക്രിക്കറ്റിന്റെ തറവാട്. ആ കളരിയില്‍ പഠിച്ചു വളരണം. ബാറ്റിങ് നിരയ്ക്കൊരു നെടുന്തൂണുണ്ട്. അതാണു നാലാമന്. നാലാം നമ്പരായി ബാറ്റുചെയ്യാന്‍ വരുന്നയാള്‍ എന്നര്‍ഥം. ആശാനാണ് കളിയിലെ ആദ്യസ്ഥാന വേഷക്കാരനും ബാറ്റിങ് നിരയുടെ അമരക്കാരനും. നാലാമന്റെ ചുമതല കുറച്ചു കട്ടിയാണ്. കളിയെ നിര്‍ദിഷ്ട ദിശയിലേയ്ക്കു നയിക്കുകയോ വേണ്ടിവന്നാല്‍ ദിശതിരിച്ചുവിടുകയോ ചെയ്യേണ്ടത് ആ കളിക്കാരനാണ്. ബാറ്റിങ് ഓര്‍ഡറില്‍ ഓരോരുത്തര്‍ക്കും ചുമതലകളുണ്ട്. ടീമിനെ സുരക്ഷിതമായ പ്ലാറ്റ്ഫോമിലെത്തിക്കുക എന്നതാണ് ഓപ്പണര്‍മാരുടെ കടമ. അതു സാധിച്ചാല്‍പ്പിന്നെ തുറന്ന ആക്രമണത്തിന് ഇറങ്ങാം. പിന്നാലെ വരാന്‍ എട്ടുപേര്‍കൂടിയുണ്ടല്ലോ. തുടക്കം പിഴച്ചാല്‍ പിന്നാലെ വരുന്നവര്‍ക്കാണു പണി. അവിടെയാണ് നാലാമന്റെ പ്രസക്തി. സാഹചര്യത്തിനനുസരിച്ചു നങ്കൂരമിടുകയോ അടിച്ചുതകര്‍ക്കുകയോ ആവാം.
പക്ഷേ, സാഹചര്യം മനസ്സിലാക്കാനുള്ള പക്വതയും പരിചയസമ്പത്തും ക്രിക്കറ്റ് ബുദ്ധിയും വേണം. അതുകൊണ്ടാണ് പരിചയസമ്പന്നരും കളിയുടെ തനതു ശൈലിയില്‍ വാര്‍ത്തെടുത്ത മികവും ദിശാബാധവുമുള്ളവരെ ആ സ്ഥാനത്ത് ഇറക്കുന്നത്. അവര്‍ക്ക് ഏതു ശൈലിയും വഴങ്ങണം. കൂടെയുള്ളവരെ കാത്തു രക്ഷിക്കണം. അത്തരക്കാരാണ് ഗുണ്ടപ്പ വിശ്വനാഥിനേയും ദിലിപ് വെങ്സാര്‍ക്കറേയും മുഹമ്മദ് അസ്ഹറുദ്ദീനേയും പോലുള്ളവര്‍. ലോക ക്രിക്കറ്റില്‍ വെസ്റ്റ്ഇന്‍ഡീസിന്റെ ആല്വിന് കള്ളിച്ചരനും വിവിയന്‍ റിച്ചാര്‍ഡ്സും ശ്രീലങ്കയുടെ അരവിന്ദ ഡിസില്‍വയും ജയവര്‍ധനെയും ന്യൂസീലന്‍ഡിന്റെ മാര്ട്ടിന് ക്രോയും പാക്കിസ്ഥാന്റെ മിയന്‍ദാദും മറ്റും ആ ഗണത്തില്‍ വരും. അവര്‍ നായകരല്ലെങ്കിലും നായകന്റെയും ടീമിന്റെയും മനസ്സ് അറിഞ്ഞവരായിരുന്നു. ഇന്ത്യക്ക് ഇന്നും അത്തരക്കാരില്ലെന്നു പറയാനാവില്ല. പക്ഷേ, അവരൊക്കെ എവിടെപ്പോയി?
1996 ലോകകപ്പിലെ അരവിന്ദ ഡിസില്‍വ എന്ന ശ്രീലങ്കന്‍ താരം ഒരു പ്രത്യക്ഷ ബിംബമായി മുന്നില്‍ നില്ക്കുന്നു. ഏകദിന ക്രിക്കറ്റിലെ സ്കോറിങ് ശൈലിയെ ശീര്ഷാസനത്തില് നിര്‍ത്തി ശ്രീലങ്ക മഹാല്ഭുതം കാഴ്ചവച്ച ലോകകപ്പായിരുന്നു അത്. ആദ്യ ഓവറുകളില്‍ കരുതിക്കളിക്കുകയും അവസാന ഓവറുകളില്‍ അടിച്ചുപൊളിക്കുകയും ചെയ്യുന്ന പരമ്പരാഗത ശൈലിയെ അവര്‍ കീഴ്മേല്‍ മറിച്ചു. ഫീല്‍ഡീങ് നിയന്ത്രണുള്ള ആദ്യ പതിനഞ്ച് ഓവറില്‍ തകര്‍ത്താടി എല്ലാവരേയും ഞെട്ടിച്ചു. അതിനു പറ്റിയ രണ്ട് കൊടുംഭീകരന്മാരെ ഓപ്പണര്‍മാരായി അവതരിപ്പിക്കുകയും ചെയ്തു. അവരാണ് ജയസൂര്യയും കലുവിതരണയും.
പിടികിട്ടാപ്പുള്ളികളായി അവര്‍ നിറഞ്ഞാടി. സെമിയില്‍ അതുപൊളിക്കാന്‍ പദ്ധതി തയ്യാറാക്കിയ ഇന്ത്യ തുടക്കത്തില്‍ കളി കയ്യിലെടുത്തു. സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍ നില്‍ക്കെ ഇരുവരും പുറത്ത്. ഒന്നിനു രണ്ടു വിക്കറ്റ് എന്ന അവസ്ഥയിലാണ് ഡിസില്‍വ ക്രീസിലെത്തുന്നത്. അപ്പുറത്ത് പേടിച്ചരണ്ടപോലെ ഗുരുസിംഗെ. പിന്നീട് ഡിസില്‍വ കളിച്ച കളിയാണ് കളി. ഇവിടെ നടന്നതൊന്നും ഞാനറിഞ്ഞേയില്ല എന്ന മട്ടില്‍ കൂള്‍കൂളായ ബാറ്റിങ്. അടിച്ചു തകര്‍ക്കലൊന്നുമില്ല. തെളിനീര് പ്രവാഹം പോലെ ഒഴുകുന്ന സുന്ദര ശൈലി. ഒറ്റ റണ്‍ മാത്രമെടുത്ത് ഗുരുസിംഗെയും മടങ്ങുമ്പോഴേയ്ക്കും സ്കോര്‍ബോര്‍ഡില്‍ റണ്‍സ് 35. ലങ്കയുടെ സ്കോര്‍ 251ലാണ് ചെന്നവസാനിച്ചത്. അന്നത്തെ നിലയ്ക്കുള്ള വിന്നിങ് സ്കോര്‍. ലങ്ക ജയിക്കുകയും ചെയ്തു.
ഉദാഹരണങ്ങള്‍ വേറേയും പലതും പറയാനുണ്ടാകും. ഇന്ത്യക്ക് അതു കഴിയാതെ പോയത് അത്തരമൊരു നാലാമന് ഇല്ലാതെ പോയതുകൊണ്ടാകാനേ തരമുള്ളു. കോഹ്ലിയും രോഹിത്തുമൊന്നും മോശമാണെന്നല്ല. പക്ഷേ, അടിച്ചൊതുക്കുന്നവര്‍ മാത്രം പോരല്ലോ. പതിനൊന്നു സ്ട്രൈക്കര്‍മാര്‍ ചേര്‍ന്നാല്‍ ഫുട്ബോള്‍ ടീമാകില്ലല്ലോ. ആ നാലാം സ്ഥാനത്ത് ധോണിയായിരുന്നു വേണ്ടിയിരുന്നത് എന്ന വാദമാണ് പരക്കെ. പക്ഷേ, ധോണി ഫിനിഷറാണ്. കൂള്‍ ഫിനിഷര്‍. ഓപ്പണിങ് ഒരു വെല്ലുവിളിയും മധ്യനിര കണക്കെടുപ്പും ഡാമേജ് കണ്‍ട്രോളുമാണെങ്കില്‍ ഫിനിഷിങ് ഒരു കലയാണ്. ആ കലയില്‍ ഡോക്ടറേറ്റ് നേടിയവരാണ് ധോണിയും കപില്‍ദേവും സ്റ്റീവ് വോയും റിച്ചാര്‍ഡ് ഹാര്‍ഡിലിയുമൊക്കെ. അവരവിടത്തന്നെ വേണം. കളി എത്ര കേമമായാലും ഫിനിഷിങ് പാളിയാല്‍ എല്ലാം പാളും; ലാന്‍ഡിങ് അറിയാത്തവന് വിമാനം പറപ്പിച്ചപോലെ.
ഫുട്ബോളിലെ മിഡിഫീല്‍ഡറുടെ റോളാണ് ക്രിക്കറ്റില്‍ നാലാമന്. ആങ്കര്‍മാനാകണം, പ്രതിരോധത്തിലും ആക്രമണത്തിലും ഒരു പോലെ പങ്കാളിയാകണം. ഫുട്ബോളില്‍ പരീക്ഷണങ്ങള്‍ ഏറെ വന്നിട്ടും മിഡ്ഫീല്ഡറുടെ പ്രസക്തികൂടിയിട്ടല്ലേയുള്ളൂ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: