ശിഷ്ടാപരിഗ്രഹാധികരണം നാലാമത്തേതായ ഈ അധികരണത്തില്‍ ഒരു സൂത്രം മാത്രമേ ഉള്ളൂ.
സൂത്രം ഏതേന ശിഷ്ടാപരിഗ്രഹാ അപി വ്യാഖ്യാതാ:
ഇതിനാല്‍ ശിഷ്ടന്മാര് സ്വീകരിച്ചിട്ടില്ലാത്ത പരമാണു തുടങ്ങിയ വാദങ്ങളേയും വ്യാഖ്യാനിച്ചു. കഴിഞ്ഞ സൂത്രങ്ങളിലൂടെ സാംഖ്യമതത്തെ മാത്രം ഖണ്ഡിച്ചു എന്ന് കരുതാനാവില്ല. മനു, വ്യാസന് തുടങ്ങിയ ശിഷ്ടന്മാരുടെ വാക്കുകളെ വകവയ്ക്കാത്തവരുടെ വാദങ്ങളും ഇവിടെ ഖണ്ഡിച്ചു.
വൈദിക സിദ്ധാന്തത്തെ സ്വീകരിക്കാത്തവരുടെ വാദങ്ങളും നിഷേധിച്ചിരിക്കുന്നു എന്നറിയണം. വേദോക്തമായ മതം മാത്രമാണ് നിത്യവും സ്വീകാര്യവുമായത്. ഇവിടെ പ്രത്യേകം എടുത്തു പറയാത്തതായ മറ്റ് മതക്കാരുടെ വാദങ്ങളെ കൂടി നിഷേധിക്കുകയാണ്. വേദാന്തമൊഴികെ മറ്റെല്ലാ ദര്‍ശനങ്ങളേയും തള്ളേണ്ടവയാണ്. ഭോക്ത്രാപത്ത്യധികരണം ഈ അധികരണത്തില്‍ ഒരു സൂത്രം മാത്രമേ ഉള്ളൂ.
സൂത്രം ഭോക്ത്രാപത്തേരവിഭാഗശ്ചേത് സ്യാല്ലോകവത്
(ഭോക്ത്രാപത്തേ: അവിഭാഗ: ചേത് സ്യാത് ലോകവത് )
ഭോക്താവായി ഭവിക്കുന്നതു കൊണ്ട് ഭോക്തൃ ഭോഗ്യവിഭാഗം ഇല്ലാതാകും എന്നാണെങ്കില്‍ ലോകത്തിലെന്നപോലെ ആ വിഭാഗം ഉണ്ടാകും. ബ്രഹ്മം ജഗത് കാരണമായാല്‍ ചൈതന്യമുള്ളതിനും ജഡത്തിനും അഥവാ കഴിക്കുന്നയാള്ക്കും കഴിക്കുന്ന വസ്തുക്കള്‍ക്കും വേര്‍തിരിവ് വരാതിരിക്കുമല്ലോ എന്ന് പറയുകയാണെങ്കില്‍ ശരിയല്ല. അത് സാധാരണ ലോകത്തില്‍ കാണുന്നതുപോലെ എന്ന് ധരിക്കണം. ജഗത്തിന്റെ കാരണം ബ്രഹ്മമാണ് എന്ന് പറഞ്ഞതിനെ എതിര്‍ത്ത് മറ്റൊരു തര്‍ക്കത്തെ കൊണ്ടുവരുന്നു.
ലോകത്തില്‍ കഴിക്കുന്നയാളും കഴിക്കുന്ന വസ്തുവും എന്നിങ്ങനെ രണ്ടു വിഭാഗമുണ്ട്. കഴിക്കുന്നയാള്‍ ചേതനനും കഴിക്കുന്ന സാധനം അചേതനവുമാണ്. എല്ലാം ബ്രഹ്മമെന്ന് പറഞ്ഞാല്‍ എങ്ങനെ ഈ രണ്ട് എണ്ണം ഉണ്ടാകും? ബ്രഹ്മത്തിന് കര്‍തൃത്വവും ഭോക്തൃത്വവും ഉണ്ടാകേണ്ടേ? എല്ലാം ബ്രഹ്മമായാല്‍ സചേതനത്തേയും അചേതനത്തേയും തിരിച്ചറിയാനാന്‍ പ്രയാസമാകും. അതിനാല്‍ ബ്രഹ്മമാണ് എല്ലാറ്റിനും കാരണമെന്നത് അംഗീകരിക്കാനാവില്ലെന്ന് പൂര്‍വപക്ഷം വാദിക്കുന്നു. ഈ വാദം ശരിയല്ല എന്ന് സൂത്രം പറയുന്നു. ‘സ്യാത് ലോകവത്’ എന്ന പ്രസ്താവന കൊണ്ട് ജീവനെ കഴിക്കുന്നയാളായ ഭോക്താവായും അന്നം മുതലായ വിഷയങ്ങളെ കഴിക്കുന്നതായ ഭോഗ്യങ്ങളായും അറിയണം. ഈ ലോകാനുഭവം അങ്ങനെതന്നെയുണ്ടാകും. കാരണം ബ്രഹ്മം ഉപാധിയില്‍ പ്രവേശിക്കുമ്പോള്‍ ഉപാധിയുടെ ധര്‍മ്മങ്ങളൊന്നും ബ്രഹ്മത്തെ ബാധിക്കുന്നില്ല. ഓരോ ശരീരത്തിലുമിരുന്ന് ലോകവ്യവഹാരങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന പുണ്യപാപങ്ങളും സുഖദു:ഖങ്ങളും ധര്‍മ്മാധര്‍മ്മങ്ങളും എല്ലാം ജീവനെ ബാധിക്കും. കാരണം ജീവന് അവിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ്. എന്നാല്‍ ആത്മാവിനെ ഇതൊന്നും ബാധിക്കില്ല. എത്ര കാലം അറിവില്ലായ്മയുണ്ടോ അത്രയും കാലം കഴിക്കുന്നവനെന്നും കഴിക്കുന്നവയെന്നുമുള്ള ഭേദവും വ്യവഹാരവും ഉണ്ടാകും. ഇവിടെ ഒരേ സമയം ഭേദവും അഭേദവും കാണാം. ഇത് കടലില്‍ അലയും നുരയും പതയുമൊക്കെ കാണും പോലെയാണ്. ഇവയൊക്കെ വേറെ വേറെയാണെങ്കിലും വാസ്തവത്തില്‍ എല്ലാം വെള്ളം തന്നെയാണ്.
ജീവനെ ബാധിക്കുന്നതൊന്നും ബ്രഹ്മത്തെ ബാധിക്കില്ല എന്നത് ലോകാനുഭവങ്ങളെ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ വളരെ വ്യക്തമാവും. അച്ഛന്റെ അംശം തന്നെയാണ് മകന്. എങ്കിലും അച്ഛന്റെ അനുഭവങ്ങള്‍ മകനോ മകന്റേത് അച്ഛനോ ഉണ്ടാകുന്നില്ല. ഇവ രണ്ടുപേരേയും ഒരു പോലെ ബാധിക്കുന്നില്ല. ലോകത്തിലെ ഭേദം തോന്നിക്കുന്ന എല്ലാ തരത്തിലുമുള്ള വ്യവഹാരങ്ങള്‍ക്കും ആധാരം ബ്രഹ്മമാണ്. തൈത്തിരീയത്തില്‍ ‘തത് സൃഷ്ട്വാ തദേവാനുപ്രാവിശത് ‘അത് സൃഷ്ടിച്ചു അത് തന്നെ പ്രവേശിച്ചു എന്നുള്ളത് ജീവന്റെയും പരമാത്മാവിന്റെയും അഭേദത്തെ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: