വിഭീഷണപ്രസംഗത്തിനുള്ള മറുപടി രാവണന്‍ തുടര്‍ന്നു. കലിയടങ്ങാതെ വീണ്ടും അലറി വിളിച്ചു. ‘ഹിരണ്യകശിപുവിന്റെ കഥ നീ എടുത്തു പറഞ്ഞതെന്തിനെന്ന് എനിക്ക് ബോധ്യമായി. സമയോചിതമായി, കാര്യമാത്രപ്രസക്തമായി നീയത് പറഞ്ഞു തന്നു.
ആ കഥയിലെ ഹിരണ്യകശിപുവിനോട് നീ എന്നെയാണ് ഉദാഹരിക്കുന്നത്. നീ പ്രഹ്ലാദന്‍. നരസിംഹം നിന്റെ രാമന്‍. പടുകിഴവനായ ഹിരണ്യകശിപു പഴയൊരു തൂണില്‍ വെട്ടി. തൂണ്‍ പൊളിഞ്ഞു വീണ് തലയും കുടവയറും പൊളിഞ്ഞ് ആ പടുകിഴവന്‍ മരിച്ചു. അതിനൊരു ഇതിഹാസഛായ നല്‍കിയപ്പോള്‍ അതില്‍ നരസിംഹാവതാരം രൂപമെടുത്തു.
ബ്രാഹ്മണരെ കണ്ടാല്‍ കൈകൂപ്പി നില്‍ക്കുന്നവരാണ് ക്ഷത്രിയര്‍. ആ ക്ഷത്രിയരെ പരശുരാമന്‍ അനേകതവണ വിജയിച്ചുവെന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്? യുദ്ധവും വധവുമെല്ലാം ബ്രാഹ്മണര്‍ക്ക് നിഷിദ്ധ്യമാണ്. അങ്ങനെയെങ്കില്‍ പരശുരാമന്‍ ചെയ്തത് ജാതിധര്‍മലംഘനമാണ്. ഭീരുക്കളെ വധിച്ചതാണോ ഭൃഗുരാമന്‍ നിര്‍വഹിച്ച അവതാരകാര്യം.’
ഇതുകൊണ്ടൊന്നും മതിവരാതെ ശ്രീരാമദേവനേയും രാവണന്‍ മ്ലേഛമായഭാഷയില്‍ അധിക്ഷേപിച്ചു.’ സ്വന്തം ഭാര്യയെ സംരക്ഷിക്കാന്‍ പോലും കഴിവില്ലാത്തവനാണ് നിന്റെ രാമന്‍. പെണ്‍വാക്കിന് കീഴടങ്ങി രാജ്യമുപേക്ഷിച്ച് വനവാസത്തിനിറങ്ങിയ മഹാത്യാഗി.
വിഭീഷണാ നീ മിത്രപക്ഷത്തോട് കൂറുകാണിക്കാത്തവനാണ്. ശത്രുപക്ഷത്തിന്റെ അഭ്യുദയംകാംക്ഷിക്കുന്നവനാണ് നീ. നീയെന്റെ സഹോദരനാണെന്നുള്ളത് എനിക്ക് അഭിമാനക്ഷതമുണ്ടാക്കുന്നു.മഹാവഞ്ചകനായ നീ ഉടന്‍ ലങ്കവിട്ടു പോകണം. ‘ രാവണന്റെ വാക്കുകള്‍ കേട്ട് വിഭീഷണന്‍ വീണ്ടും എന്തോപറയാനായി ഭാവിച്ചു. അതോടെ രാവണന്റെ കോപമിരട്ടിച്ചു. ഇന്ദ്രജിത്ത് ചാടിയെണീറ്റു. രാവണന്‍ ചന്ദ്രഹാസപ്പിടിയില്‍ കൈവച്ചു. കുംഭകര്‍ണന്‍ അനുകമ്പയോടെ വിഭീഷണനെ നോക്കി ചില ആംഗ്യങ്ങള്‍ കാണിച്ചു. വിഭീഷണന്‍ രാവണനെ ഭയത്തോടെയും കുംഭകര്‍ണനെ വിനയത്തോടെയും നോക്കി വന്ദിച്ച് സദസ്സില്‍ നിന്നിറങ്ങി നഭസ്സിലൂടെ വടക്കേ ദിക്കിലേക്ക് നടന്നു. വിശ്വസ്തരായ നാലുമന്ത്രിമാര്‍ വിഭീഷണനെ അനുഗമിച്ചു. അവര്‍ ശ്രീരാമനും കൂട്ടരും തമ്പടിച്ചിരിക്കുന്ന മഹേന്ദ്രഗിരിയിലെത്തി ശ്രീരാമനെ സ്തുതിച്ച് പാടാന്‍ തുടങ്ങി.
ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു രാമനും കൂട്ടരും. ശരണപ്രാര്‍ഥന കേട്ട വാനരന്മാര്‍ മുകളിലേക്ക് നോക്കിയപ്പോള്‍ അഞ്ചുപേര്‍ ആകാശത്ത് കൈകൂപ്പി നല്‍ക്കുന്നതു കണ്ടു. അവര്‍ അക്കാര്യം സുഗ്രീവനെ അറിയിച്ചു. സുഗ്രീവന്‍ വിഭീഷണനേയും കൂട്ടരെയും കൂട്ടി രാമസന്നിധിയിലെത്തി.
ശ്രീരാമന്‍ അവരെ സ്വാഗതം ചെയ്തു. എവിടെ നിന്നു വരുന്നുവെന്ന് അന്വേഷിച്ചു.
‘ദേവാ അങ്ങേയ്‌ക്ക് നമസ്‌ക്കാരം. ഞാന്‍ ലങ്കാധിപനായ രാവണന്റെ ഇളയസഹോദരന്‍ വിഭീഷണനാണ്. കൂടെയുള്ളത് എന്റെ മന്ത്രിമാരാണ്. ലങ്കയില്‍ നിന്ന് അഭയം തേടിയാണ് ഞങ്ങള്‍ വന്നിരിക്കുന്നത്.’ വിഭീഷണന്‍ പറഞ്ഞു.
എങ്ങനെയുള്ള അഭയമാണ് അങ്ങേയ്‌ക്കും കൂട്ടര്‍ക്കും വേണ്ടതെന്ന് രാമന്‍ ആരാഞ്ഞു. അതുകേട്ട വിഭീഷണന്‍ താന്‍ നിഷ്‌കാസിതനായതെങ്ങനെയെന്ന് വിശദീകരിച്ചു.
‘അങ്ങയുടെ പത്‌നിയും ലോകമാതാവുമായ സീതാദേവിയെ മോചിപ്പിച്ച് ക്ഷമായാചനം നടത്തണമെന്ന് ഞാന്‍ ജ്യേഷ്ഠനായ രാവണനോട് പറഞ്ഞു. എന്റെ നിര്‍ദേശം അദ്ദേഹത്തിന് രസിച്ചില്ല. കോപാകുലനായി, എന്നോട് രാജ്യം വിട്ടുപോകാന്‍ പറഞ്ഞു. അല്ലെങ്കില്‍ വധിക്കുമെന്നായിരുന്നു ശാസനം. ഗതിയില്ലാതെ ഞാന്‍ രാജ്യം വിട്ടോടിയതാണ്. ജീവന്‍പോകുമെന്ന് ഭയക്കുന്ന ഭീരുവല്ല ഞാന്‍. എന്നാല്‍ സത്യധര്‍മങ്ങളെ ഞാന്‍ ആദരിക്കുന്നു. അവ ലംഘിക്കുന്ന കാര്യത്തില്‍ ഞാന്‍ മഹാഭീരുവാണ്. അതുകൊണ്ട് അങ്ങ് എന്നെ അനുഗ്രഹിച്ച് എനിക്ക് അഭയം തരണം. ഞാന്‍ അങ്ങയുടെ വിശ്വസ്തനായി പ്രവര്‍ത്തിച്ചു കൊള്ളാം.’
വിഭീഷണന്‍ പറഞ്ഞ കാര്യങ്ങള്‍ രാമന്‍ സുഗ്രീവാദികളുമായി ചര്‍ച്ച ചെയ്തു. ശത്രുപക്ഷത്തു നിന്ന് ഒളിച്ചോടി ചില ആളുകള്‍ ഇവിടെയെത്താം. ചിലപ്പോള്‍ രഹസ്യങ്ങളാരായാന്‍ ശത്രുക്കളുടെ പ്രേരണയാല്‍ വന്നതാകാം. തെളിവുകളില്ലാതെ ഇവരെ എങ്ങനെ വിശ്വസിക്കുമെന്ന് സുഗ്രീവന്‍ സംശയം പ്രകടിപ്പിച്ചു.
ജാംബവാനും ഇതേ അഭിപ്രായമായിരുന്നെങ്കിലും വിഭീഷണനെക്കുറിച്ചറിയാന്‍ ഒരു മാര്‍ഗമുണ്ടെന്ന് രാമനെ അറിച്ചു. ഹനുമാന്‍ ലങ്കയില്‍ പോയപ്പോള്‍ വിഭീഷണനെക്കുറിച്ച് അറിഞ്ഞിരിക്കാന്‍ ഇടയുണ്ട്. നമുക്ക് ഹനുമാന്റെ അഭിപ്രായം തേടാമെന്ന് ജാംബവാന്‍ പറഞ്ഞു.
ഹനുമാന് വിഭീഷണനെക്കുറച്ച് നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ.’ അദ്ദേഹത്തിന്റെ ഗൃഹം വൈഷ്ണവ ചൈതന്യത്താല്‍ നിറഞ്ഞതാണ്. പരിസരം വിഷ്ണുഭക്തിയാല്‍ പീതവര്‍ണവുമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അതേ പാത പിന്തുടരുന്നവരാണ്. ഇദ്ദേഹത്തിന്റെ ഭാര്യ സരമാദേവിയും മകള്‍ ത്രിജടാ കുമാരിയും എപ്പോഴും സീതാദേവിയെ ആശ്വസിപ്പിക്കാനെത്താറുണ്ട്. എന്നെ വധിക്കാന്‍ രാവണന്‍ ശ്രമിച്ചപ്പോള്‍ അതുവേണ്ട വാലില്‍ തീ കൊളുത്തി വിട്ടാല്‍ മതിയെന്ന് നിര്‍ദേശിച്ചതും ഈ വിഭീഷണനാണ്. ശ്രീരാമദേവനോട് നമുക്കള്ളതിലേറെ ഭക്തിയും ആദരവും അദ്ദേഹത്തിനുണ്ട്. അദ്ദേഹം നമ്മോടൊപ്പമുണ്ടായാല്‍ നമുക്കത് ഗുണകരമായി ഭവിക്കും.” വിഭീഷണന്റെ മഹത്വം വാഴ്‌ത്തിക്കൊണ്ടേയിരുന്നു ഹനുമാന്‍.
ഹനുമാന്റെ അഭിപ്രായം എല്ലാവര്‍ക്കും സ്വീകാര്യമായിരുന്നു. വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്യാനായിരുന്നു രാമന്റെ നിര്‍ദേശം. അതനുസരിച്ച് ലക്ഷ്മണനും സുഗ്രവാദികളും വിഭീഷണനെ അവിടെവെച്ച് ലങ്കാധിപതിയായി അഭിഷിക്തനാക്കി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: