കേരളത്തില്‍ ഇത്തവണ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ ഒന്ന് ശബരിമലയാണെന്ന് അറിയാത്തവര്‍ ഉണ്ടെന്ന് തോന്നുന്നില്ല. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയവും ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളാണ്. അതുകൊണ്ടുതന്നെ എല്ലാ പാര്‍ട്ടികളും ശബരിമല പ്രശ്നത്തെ തങ്ങള്‍ക്ക് അനുകൂലമായി വോട്ടുലഭിക്കുന്ന വിഷയമായി അവതരിപ്പിക്കും. ഭരണകക്ഷിയായ ഇടതുമുന്നണി യുവതീപ്രവേശനത്തെ അനുകൂലിച്ചത് നേട്ടമായി ചിത്രീകരിക്കും. ബിജെപിയും കോണ്‍ഗ്രസും യുവതീപ്രവേശനത്തിനെതിരെ നടത്തിയ സമരങ്ങള്‍ തങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിച്ചില്ലെന്ന് ഉറപ്പിക്കാന്‍ പ്രവര്‍ത്തിക്കും. ഇതൊന്നും പാടില്ലെന്നാണ് ഇന്നലെ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാംമീണ അറിയിച്ചിരിക്കുന്നത്. മാത്രമല്ല, സുപ്രീംകോടതി വിധി ബാധകമായ വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഷയമാകുന്നത് ചട്ടലംഘനമെന്നും അദ്ദേഹം പറയുന്നു. തെരഞ്ഞെടുപ്പില്‍ ജാതിമത സാമുദായിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ട് ചോദിക്കുന്നതും പ്രവര്‍ത്തിക്കുന്നതും പെരുമാറ്റച്ചട്ടത്തിന് എതിരാണ്. അങ്ങനെ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികളുടെ വിജയം പോലും റദ്ദാക്കാന്‍ കഴിയും. അടുത്തിടെ സംസ്ഥാനത്ത് രണ്ട് എംഎല്‍എമാരുടെ വിജയം കോടതി അസ്ഥിരപ്പെടുത്തിയത് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്.
ശബരിമല ജാതിമത വിഷയമാണോ എന്നതാണ് പ്രധാന കാരണം. ശബരിമല അങ്ങനെയല്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. സുപ്രീംകോടതിയില്‍ വാദിച്ചതും അതായിരുന്നു. ഏതെങ്കിലും മതത്തിന്റെ ആരാധനാലയമായി ശബരിമലയെ കാണുക സാധ്യമല്ലെന്നത് കോടതിയും ഏറെക്കുറെ അംഗീകരിച്ചു. അതുകൊണ്ടുതന്നെ ശബരിമലവിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത് ഒരു കാരണവശാലും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകില്ല. ശബരിമലയിലെ യുവതീപ്രവേശന വിവാദം ഉയര്‍ത്തിയത് വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും നിലനില്‍പ്പാണ്. അത് കോടതിവിധികളിലൂടെ ചോദ്യം ചെയ്യാമോ എന്ന സംശയമാണ് സുപ്രീംകോടതിവിധിക്കെതിരെയും അത് നടപ്പാക്കാന്‍ തുനിഞ്ഞ സംസ്ഥാന സര്‍ക്കാരിനെതിരെയും ഉണ്ടായ പ്രതിഷേധത്തിന് അടിസ്ഥാനം. ഹിന്ദുക്കള്‍ മാത്രമല്ല എല്ലാ മതത്തിലുംപെട്ട വിശ്വാസികള്‍ യുവതിപ്രവേശനത്തിന് എതിരായ നിലപാടെടുത്തതും ശ്രദ്ധേയമാണ്. അത്തരമൊരു വിഷയം സ്വാഭാവികമായും തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവരും. പാടില്ലെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കല്ല, തെരഞ്ഞെടുപ്പ് കമ്മീഷന് പോലും സാധ്യമാകുമെന്ന് തോന്നുന്നില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള യുവതീപ്രവേശനത്തിനെതിരെ പ്രചരണം നടത്തുന്നത് സുപ്രീംകോടതിക്കെതിരെയുള്ള പ്രചരണമായിട്ട് വരുമെന്നും ഉദ്യോഗസ്ഥന് പറയുന്നു. കോടതിവിധിക്കെതിരെ എതിര്‍പ്പ് പ്രകടപ്പിക്കാനും വിമര്ശനമുയര്ത്തുവാനും ഇന്ത്യയില്‍ അവസരമുണ്ട്. വിധി പറഞ്ഞ ജഡ്ജിമാരെ വിമര്‍ശിച്ചാലെ കോടതിയലക്ഷ്യമാകൂ. മാത്രമല്ല ശബരിമല കേസില്‍ കോടിതിവിധി തെറ്റാണെന്ന് പറഞ്ഞ് സുപ്രീംകോടതിയെതന്നെ വിശ്വാസികള്‍ സമീപിച്ചിരിക്കുകയുമാണ്.
മതങ്ങളേയോ ദൈവങ്ങളേയോ ഉപയോഗിച്ച് പ്രചരണം നടത്തിയാല്‍ അത്തരക്കാരെ കണ്ടെത്തി അയോഗ്യരാക്കാമെന്നിരിക്കെ ശബരിമല വിഷയമാക്കരുതെന്ന് മുന്‍കൂട്ടി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പറഞ്ഞതിന്റെ പിന്നില്‍ ദുരുദ്ദേശ്യം ആരോപിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. തെരഞ്ഞെടുപ്പ് പ്രചരണവിഷയങ്ങള്‍ എന്തൊക്കെയായിരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ ഉദ്യോഗസ്ഥന് എന്തവകാശം എന്നതാണ് അറിയേണ്ടത്. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രതിനിധിയായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. ശബരിമല സജീവ ചര്‍ച്ചയായാല്‍ വന്‍ തിരിച്ചടിയുണ്ടാവുക ഇടതുമുന്നണിക്കാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത് ഒഴിവാക്കാന്‍ കേരളാ കേഡര്‍ ഉദ്യോഗസ്ഥനായ ടിക്കാറാം മീണയ്ക്കുമേല് എതെങ്കിലും തരത്തില്‍ സമ്മര്‍ദ്ദം ഉണ്ടായോ എന്നാണ് അറിയേണ്ടത്. ശബരിമലയില്‍ സര്‍ക്കാരെടുത്ത നിലപാടുകള്‍ ചര്‍ച്ച ചെയ്യുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും വിഷയത്തില്‍നിന്ന് ഒളിച്ചോടാനാകില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ആവശ്യം തള്ളപ്പെടാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: