ന്യൂദല്‍ഹി: ”ഭീകരാക്രമണങ്ങളിലൂടെ രാജ്യത്തിന്റെ വളര്‍ച്ച തടായാനും അസ്ഥിരപ്പെടുത്താനുമാണ് ശത്രുക്കള്‍ ശ്രമിക്കുന്നത്. ഈ ദുഷ്ടലാക്ക് മറികടക്കാന്‍ എല്ലാ ജനങ്ങളും പാറ പോലെ സൈന്യത്തിന് പിന്നില്‍ ഉറച്ചുനില്‍ക്കണം. ഇന്ത്യ ഒന്നിച്ചു ജീവിക്കും, പോരാടും, ഒരേമനസ്സോടെ പ്രവര്‍ത്തിക്കും, ഒരുമിച്ച് ജയിക്കും. വികസനത്തിലേക്കുള്ള യാത്ര തടസ്സപ്പെടുത്താന്‍ ഒരാളെയും അനുവദിക്കില്ല”. ഭീകരാക്രമണങ്ങള്‍ക്കെതിരായ ഇന്ത്യയുടെ നടപടിയുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി സംഘര്‍ഷം രൂക്ഷമായിരിക്കെ രാജ്യത്തിന് ഐക്യസന്ദേശം നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മേരാ ബൂത്ത് സബ്സെ മസ്ബൂത്ത് (എന്റെ ബൂത്ത് ഏറ്റവും ശക്തം) എന്ന പരിപാടിയിലൂടെ രാജ്യത്തെ ഒരു കോടി ബിജെപി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈനികരുടെ കഴിവില്‍ പൂര്‍ണ വിശ്വാസമുണ്ട്. അവരുടെ മനോവീര്യം തകര്‍ക്കുന്ന കര്യങ്ങള്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. ഇല്ലെങ്കില്‍ ശത്രുക്കള്‍ക്ക് നമ്മളെ ചോദ്യം ചെയ്യാന്‍ അവസരം ലഭിക്കും. രാജ്യം സംരക്ഷിക്കുന്നവരെ ഓര്‍ക്കേണ്ടതുണ്ട്. അവരുള്ളതുകൊണ്ടാണ് നമ്മള് വികസനത്തില്‍ പുതിയ ഉരങ്ങളിലെത്തിയത്. രാജ്യത്തിന്റെ വികാരം ഇപ്പോള്‍ മറ്റൊരു തലത്തിലാണ്. അതിര്‍ത്തിയിലും അതിനപ്പുറത്തും പട്ടാളക്കാര്‍ അവരുടെ ധീരത പ്രകടിപ്പിക്കുന്നു. രാജ്യം ഒന്നടങ്കം സൈനികര്‍ക്കൊപ്പം നില്‍ക്കണം. ലോകത്തിന് നമ്മുടെ ഒരുമ കാണാന്‍ സാധിക്കണം.
ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ജനവിധിയാണ് 2014ല്‍ ലഭിച്ചതെന്ന് മോദി വ്യക്തമാക്കി. ജനങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. സ്വാര്‍ഥ താല്‍പ്പര്യങ്ങളുള്ള ചിലയാളുകള്‍ ശക്തമായ സര്‍ക്കാരുകളെ ഇഷ്ടപ്പെടുന്നില്ലെന്ന് പ്രതിപക്ഷ മഹാസഖ്യത്തെ ഉദ്ദേശിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സാണ് സംഘടിപ്പിച്ചതെന്ന് ബിജെപി പറഞ്ഞു. രാജ്യമാകെ 15000 കേന്ദ്രങ്ങള്‍ ഇതിനായി പാര്‍ട്ടി ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: