ന്യൂദല്‍ഹി: രണ്ട് പ്രവര്‍ത്തകരെ അരുംകൊല ചെയ്തെങ്കിലും സിപിഎമ്മുമായുള്ള തെരഞ്ഞെടുപ്പ് സഖ്യം പുനഃപരിശോധിക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലാണ് ഇരുപാര്‍ട്ടികളും പ്രധാനമായും സഖ്യവും ധാരണയും തീരുമാനിച്ചിട്ടുള്ളത്. കാസര്‍കോട്ടെ കൊലപാതകത്തിന് ശേഷം സിപിഎമ്മുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ലെന്ന ശക്തമായ വികാരം കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. നിരവധി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും തങ്ങളുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ പരസ്യമായി പ്രകടിപ്പിച്ചു. പ്രധാന നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ ഇവര്‍ അസഭ്യവര്ഷമുള്പ്പെടെ നടത്തുകയാണ്. എന്നാല്‍ ഇത് അവഗണിച്ച് മുന്നോട്ട് പോകാനാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം.
കേരളത്തിലെ നേതാക്കള്‍ മാത്രമാണ് കൊലപാതകത്തില്‍ സിപിഎമ്മിനെ വിമര്‍ശിക്കാന്‍ തയാറായത്. രാഹുല്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ സിപിഎമ്മിനെ പരാമര്‍ശിക്കുക പോലും ചെയ്തില്ല. കണ്ണൂരില്‍ ശുഹൈബ് കൊല്ലപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് തുടക്കം മുതല്‍ സിപിഎമ്മിനെ കടന്നാക്രമിച്ചിരുന്നു. ദല്‍ഹിയില്‍ പ്രതിഷേധം തെരുവിലെത്തി. ഇത്തവണ രണ്ട് കൊലപാതകം നടന്നിട്ടും കോണ്‍ഗ്രസ് അനുഭാവമുള്ള മലയാളി സംഘടനകള്‍ പോലും മൗനത്തിലാണ്. കേരളത്തിലും കാര്യമായ പ്രതിഷേധം ഉയര്‍ന്നിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതില്‍ ഉടക്കി സിപിഎമ്മുമായി ബന്ധം വഷളാകരുതെന്ന ജാഗ്രതയിലാണ് കോണ്‍ഗ്രസ്.
പ്രധാനമന്ത്രി പദവി സ്വപ്നം കാണുന്ന രാഹുലിന് ഇത്തവണ ലക്ഷ്യം പരമാവധി സീറ്റുകളാണ്. ഏതാനും ദിവസം മുന്‍പ് രാഹുലും യെച്ചൂരിയും നടത്തിയ കൂടിക്കാഴ്ചയില്‍ ബംഗാളിലും ത്രിപുരയിലും സഖ്യത്തിനും കേരളത്തില്‍ ധാരണയ്ക്കും തീരുമാനിച്ചിരുന്നു. ദല്‍ഹിയില്‍ ഇ.അഹമ്മദ് അനുസ്മരണ പരിപാടിയില്‍ സഖ്യത്തെ പിന്തുണച്ച് യെച്ചൂരിയുടെ സാന്നിധ്യത്തില്‍ എ.കെ. ആന്റണി സംസാരിക്കുകയും ചെയ്തു. സിപിഎമ്മുമായി കേരളത്തിലും യോജിക്കാന്‍ തയാറാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അടുത്തിടെ പറഞ്ഞു. എങ്ങനെയെങ്കിലും ലോക്സഭയില്‍ അംഗബലമുയര്ത്തുക എന്നത് മാത്രമാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
ബംഗാളില്‍ മൂന്നരപ്പതിറ്റാണ്ട് കാലത്തെ സിപിഎം ഭരണത്തില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. സിപിഎമ്മിന് പുറമെ ഇപ്പോള്‍ അതേ ശൈലി സ്വീകരിക്കുന്ന തൃണമൂലും കോണ്‍ഗ്രസ്സിന്റെ സൃഹൃത്തുക്കളാണ്. ത്രിപുരയില്‍ മണിക് സര്‍ക്കാരിന്റെ കാലത്ത് അയ്യായിരത്തിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അവിടെയും അതേ പാര്‍ട്ടിയുമായി കൈകോര്‍ക്കുകയാണ് രാഹുല്‍. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും കണ്ണൂരിലുള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം കൊലപ്പെടുത്തിയതായി കാണാം. അധികാരത്തിനായി പ്രവര്‍ത്തകരെ ബലിയാടാക്കുകയാണ് ഹൈക്കമാന്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: