കോണ്‍ഗ്രസ് രാജ്യത്തിന്റെ വികാരമാണ്. ഇന്നത്തെ നേതൃത്വത്തിന്റെ മഹിമയും മേന്മയും ഉണ്ടാക്കിയതല്ല അത്. 134 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവും സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തിയുമായിരുന്നല്ലൊ കോണ്‍ഗ്രസ്. ആ പാര്‍ട്ടി സ്വാതന്ത്ര്യ സമ്പാദനത്തിനുശേഷം എത്രമാത്രം കെട്ടുനാറിയെന്ന് പറഞ്ഞറിയിക്കേണ്ടതില്ല. കോണ്‍ഗ്രസിന്റെ ദൗത്യം പൂര്‍ത്തിയായെന്നും പാര്‍ട്ടിയെ പിരിച്ചുവിടണമെന്നുമുള്ള ഗാന്ധിജിയുടെ ഉപദേശം നിരാകരിച്ച നേതൃത്വം ഉദരനിമിത്തം ബഹുകൃതവേഷം കെട്ടുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. സ്വതന്ത്രഭാരതത്തില്‍ ആദ്യസര്ക്കാരിന് നേതൃത്വം നല്‍കിയത് ജവഹര്‍ലാല്‍ നെഹ്റുവാണ്. അദ്ദേഹത്തിന്റെ വികലമായ കാഴ്ചപ്പാടുകളും വീക്ഷണങ്ങളും നമ്മുടെ സംസ്കാരത്തിനും മര്യാദകള്‍ക്കും ചേരുന്നതായിരുന്നില്ലെന്ന് കാലം വിലയിരുത്തിയിട്ടുണ്ട്.
പതിനേഴ് വര്‍ഷക്കാലം രാജ്യം ഭരിച്ച നെഹ്റു പൊങ്ങച്ചം വിളമ്പി വിശ്വപൗരനെന്ന ഖ്യാതി സ്വയം കെട്ടിപ്പൊക്കിയെങ്കിലും രാജ്യത്തിന്റെ സമഗ്രവികസനത്തിന് ഉതകുംവിധം പദ്ധതികളോ പരിപാടികളോ ആവിഷ്കരിച്ചില്ല. ക്ഷേമരാഷ്ട്രമെന്ന ആകര്‍ഷകമായ മുദ്രാവാക്യം ഉയര്‍ത്തിയ നെഹ്റുവിന് ഒന്നരപന്തീരാണ്ട് ഭരിച്ചിട്ടും ലക്ഷ്യം കൈവരിക്കാനായില്ല. ക്ഷേമരാഷ്ട്രത്തിന് പകരം ക്ഷാമരാഷ്ട്രമാണ് നെഹ്റു സൃഷ്ടിച്ചത്. രാജ്യസുരക്ഷയ്ക്കായി ഒന്നും ചെയ്യാത്ത നെഹ്റു നിത്യജീവനത്തിനുപോലും വിദേശരാഷ്ട്രങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഉണ്ടാക്കിയത്. നെഹ്റുവിന് ശേഷം അധികാരത്തിലെത്തിയ മകള്‍ ഇന്ദിരയും അതിനുശേഷം അധികാരത്തിലെത്തിയ രാജീവും രാജ്യത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു സംഭാവനയും നല്‍കിയില്ല. കോണ്‍ഗ്രസിതര സര്‍ക്കാരിനാണ് അല്പമെങ്കിലും മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കാനായത്. അതില്‍ പ്രധാനപ്പെട്ടതാണ് അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റേതും നരേന്ദ്രമോദി നയിച്ച സര്‍ക്കാരിന്റേതും. കോണ്‍ഗ്രസ് നയിച്ച 55 വര്‍ഷത്തെ ഭരണത്തെ നിഷ്പ്രഭമാക്കുന്നതായി നരേന്ദ്രമോദി സര്‍ക്കാരിന്റെ 55 മാസത്തെ ഭരണം. നരേന്ദ്രമോദി സര്‍ക്കാരിന്റെ പാര്‍ലമെന്റിലെ ഒടുവിലത്തെ പ്രസംഗമായിരുന്നു ഇന്നലെ.
രാജ്യത്തിന്റെ ആത്മവിശ്വാസം എന്നത്തേക്കാളും ഉയര്‍ന്നിരിക്കുന്നുവെന്ന്, പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിച്ചു. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്ന് തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ കര്‍ശനമായ നിയമങ്ങള്‍ ഈ ലോക്സഭ പാസാക്കി. ചരക്കുസേവനനികുതി പാസാക്കാനും പതിനാറാം ലോക്സഭയ്ക്കായി. ഭരണ, പ്രതിപക്ഷ കക്ഷികള്‍ തമ്മിലുള്ള സഹകരണത്തിന്റെ ആദര്‍ശം ജിഎസ്ടി പാസാക്കിയതില്‍ കണ്ടു. ആയിരത്തി നാനൂറിലധികം കാലഹരണപ്പെട്ട നിയമങ്ങള്‍ പതിനാറാം ലോക്സഭ ഒഴിവാക്കി. ഇന്ത്യ ഇന്ന് സ്വയംപര്യാപ്തമായിക്കൊണ്ടിരിക്കുകയാണ്. അതിലേക്കുള്ള വലിയ ചുവടായിരുന്നു മേക്ക് ഇന്‍ ഇന്ത്യ. ഈ കാലയളവില്‍ ഡിജിറ്റല്‍ ലോകത്ത് ഇന്ത്യ ശ്രദ്ധേയശക്തിയായി ചുവടുറപ്പിച്ചുവെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് സമ്പൂര്‍ണ്ണ ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാര്‍ ഇന്ത്യയില്‍ തെരഞ്ഞെടുക്കപ്പെട്ടത്. താനും പാര്‍ലമെന്റിലെ തുടക്കക്കാരില്‍ ഒരുവനായാണ് പാര്‍ലമെന്റിലെത്തിയത്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വനിതാ അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട പതിനാറാം ലോക്സഭയെ ഓര്‍ത്ത് തനിക്ക് അഭിമാനമുണ്ടെന്നും മോദി പറഞ്ഞു. മന്ത്രിസഭയിലും ധാരാളം വനിതകളുണ്ടായിരുന്നു. സഭ നിയന്ത്രിച്ചതും വനിതാ സ്പീക്കറായിരുന്നു. ജനപ്രതിനിധികളുടെ ശമ്പളം തീരുമാനിക്കുന്നത് അവര്‍ തന്നെയാണെന്ന് വിമര്‍ശനം ഉണ്ടായിരുന്നു. സ്വന്തം പ്രതിഫലത്തിന്റെ കാര്യത്തില്‍ സാമാജികര്‍ മാത്രമല്ല തീരുമാനം എടുക്കേണ്ടത്. സുതാര്യത ഉറപ്പാക്കിക്കൊണ്ട് ആ വിമര്‍ശനം സര്‍ക്കാര്‍ മറികടന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. അതേസമയം നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കള്ളപ്രചരണമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ നിരന്തരം നടത്തിപ്പോന്നത്. റഫാല്‍ യുദ്ധവിമാനവിഷയത്തിലാണ് ഇത് ഏറെ കണ്ടുവന്നത്. ഇത് സംബന്ധിച്ച കരാറുകളെല്ലാം സുപ്രീംകോടതി ശരിവച്ചതായിരുന്നു. സിഎജി അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടതാണ് രാഹുല്‍. സിഎജി അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്ന് അതിലും ഒരപാകതയുമില്ല. എന്നിട്ടും പ്രധാനമന്ത്രി കള്ളനാണെന്ന് രാഹുല്‍ ആവര്‍ത്തിക്കുമ്പോള്‍ അയാളുടെ തലക്കെന്തോ തകരാറുണ്ട്. അതെന്തെയാലും പരിശോധിക്കപ്പെടേണ്ടതാണ്. അതിന് മുന്‍പ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച രാഹുല്‍ രാജ്യത്തോട് മാപ്പു പറയുകയാണ് ആദ്യം ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: