ന്യൂദല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസ്സിനൊപ്പവും കേരളത്തില്‍ കോണ്‍ഗ്രസ്സിനെ എതിര്‍ത്തും മറ്റു സംസ്ഥാനങ്ങളില്‍ ബിജെപിയെ എതിര്‍ക്കുന്ന ആര്‍ക്കൊപ്പവും കൂട്ടുകൂടാന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണ. ബംഗാളില്‍ സിപിഎമ്മുമായി സഹകരിക്കാന്‍ രാഹുല്‍ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലും തീരുമാനമായി.
ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും കൈകോര്‍ക്കുന്നത് കേരളത്തില്‍ ബിജെപി പ്രചാരണായുധമാക്കി ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശവും ഇരുപാര്‍ട്ടികളുടേയും ദേശീയ നേതൃത്വം സംസ്ഥാന ഘടകങ്ങള്‍ക്ക് നല്കി. എന്നാല്‍ ത്രിപുരയിലും ബംഗാളിലും നിലവിലുള്ള രണ്ടു വീതം സീറ്റുകള്‍ നഷ്ടപ്പെടുമെന്ന് കരുതുന്ന സിപിഎമ്മിന് കേരളത്തില്‍ നിന്നും നാലില്‍ അധികം സീറ്റുകള്‍ പ്രതീക്ഷിക്കുന്നില്ല. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷം ദേശീയ തലത്തില്‍ സിപിഎം കൂടുതല്‍ ദയനീയമായ അവസ്ഥയിലേക്ക് എത്തും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി ആര്‍ക്കൊപ്പവും കൂട്ടുകൂടുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പി.ബി യോഗശേഷം അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം വിശാല സഖ്യം രൂപീകരിക്കാന്‍ സിപിഎം മുന്‍കൈ എടുക്കുമെന്ന് അവകാശപ്പെട്ട സിപിഎം തെരഞ്ഞെടുപ്പിന് മുമ്പായി ദേശീയതലത്തില്‍ സഖ്യമുണ്ടാവില്ലെന്നും അറിയിച്ചു.
ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഹകരണത്തിനുള്ള ധാരണ ഒന്നും അന്തിമമായിട്ടില്ല. ഒരു മണ്ഡലത്തില്‍ ബിജെപി വിജയിക്കാന്‍ സാധ്യതയുള്ള സാഹചര്യമാണെങ്കില്‍ ആ മണ്ഡലത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സഹായകരമായ അടവ് നയം സ്വീകരിക്കും. അതാതു സ്ഥലത്ത് തീരുമാനിക്കേണ്ട കാര്യമാണത്. ദേശീയ തലത്തില്‍ തീരുമാനം എടുക്കേണ്ടതില്ല, കോടിയേരി പറഞ്ഞു. ബംഗാളില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കുമെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമേന്‍ മിത്രയും അറിയിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് രാഹുല്‍ഗാന്ധി നടത്തിയ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: