ജീവിത ദുരിതങ്ങളോട് മല്ലടിച്ച് കരപറ്റാന്‍ കഴിയാതെ സങ്കടക്കടലില്‍ കഴിയുന്ന രാജ്യത്തെ ഒന്നരക്കോടിയോളം വരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യാശ പകരുന്ന ഒരു തീരുമാനം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റില്‍ പ്രഖ്യാപിക്കുകയുണ്ടായി. മത്സ്യത്തൊഴിലാളികളുടെ നെടുനാളത്തെ ആവശ്യമായിരുന്ന പ്രത്യേക ഫിഷറീസ് വകുപ്പ് രൂപീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനമായിരുന്നു അത്. ഇതുവരെ കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴില്‍ മൃഗപരിപാലനം, പാല്, മത്സ്യബന്ധനം എന്ന വകുപ്പായിരുന്നു മത്സ്യത്തൊഴിലാളി മേഖലയിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. കേരളത്തില്‍ വന്‍ നാശം വിതച്ച ഒാഖി ദുരന്തബാധിതരെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിലും, പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനു മുന്നിലും മത്സ്യത്തൊഴിലാളികളും ഈ രംഗത്തെ സംഘടനകളും പ്രത്യേക ഫിഷറീസ് വകുപ്പ് വേണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രി നിര്‍മലാ സീതാരാമനും കൊടുത്ത വാക്കാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിട്ടും വേണ്ടത്ര മുന്‍കരുതലെടുക്കാന്‍ കഴിയാതിരുന്നതാണ് ഒാഖി ദുരന്തത്തില്‍ നിരവധി മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയാക്കിയത്. കേരളത്തില്‍ മാത്രം 48 പേര് മരിക്കുകയും, നൂറോളം പേരെ കാണാതാവുകയും ചെയ്തിരുന്നു. പ്രത്യേക ഫിഷറീസ് വകുപ്പ് ഉണ്ടായിരുന്നെങ്കില്‍ ഓഖി, സുനാമി മുതലായ തീരദേശ ദുരന്തങ്ങളെ ഫലപ്രദമായി നേരിടുന്നതിന് മുന്‍കരുതലെടുക്കാന്‍ കഴിയുമായിരുന്നുവെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരും അഭിപ്രായപ്പെടുകയുണ്ടായി. പത്ത് വര്‍ഷത്തെ യുപിഎ ഭരണകാലത്ത് പ്രത്യേക ഫിഷറീസ് വകുപ്പ് എന്ന ആവശ്യം മുന്‍നിര്‍ത്തി നിരവധി നിവേദനങ്ങളാണ് നല്‍കിയത്. എന്നാല്‍ യാതൊരു ഫലവുമുണ്ടായില്ല. യുപിഎ ഭരണത്തില്‍ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയും ഇക്കാര്യത്തില്‍ ചെറുവിരലനക്കിയില്ല. ഇതേ സ്ഥാനത്താണ് മോദി സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കും സംഘടനകള്‍ക്കും നല്കിയ വാക്ക് പാലിച്ചത്.
തീരദേശ സംസ്ഥാനങ്ങളില്‍ പ്രത്യേക ഫിഷറീസ് മന്ത്രാലയമുണ്ട്. കേന്ദ്രസര്‍ക്കാരിന് ഇങ്ങനെയൊന്ന് ഇല്ലാത്തതാണ് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വിലങ്ങുതടിയാവുന്നത്. അല്‍പ്പം വൈകിയാണെങ്കിലും മോദി സര്‍ക്കാരില്‍നിന്ന് അനുകൂലമായ തീരുമാനമുണ്ടായതില്‍ ഈ രംഗത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ പങ്ക് വളരെ വലുതാണ്. മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന വലുതും ചെറുതുമായ പ്രശ്നങ്ങളില്‍ ദേശീയമായ കാഴ്ചപ്പാടോടെ ശക്തവും ഫലപ്രദവുമായ നയനിലപാടുകള്‍ മുന്നോട്ടുവയ്ക്കുന്ന സംഘടനയാണ് മത്സ്യപ്രവര്‍ത്തക സംഘം. അവകാശങ്ങള്‍ നേടിയെടുക്കാന്‍ പൊരുതുന്ന സംഘടനയുമാണിത്. കേരളത്തെ പ്രളയദുരന്തം വിഴുങ്ങിയപ്പോള്‍ സൈന്യത്തിനും സേവാഭാരതി പ്രവര്‍ത്തകര്‍ക്കുമൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഈ സംഘടനയില്‍പ്പെട്ടവര്‍ കാഴ്ചവച്ച ധീരത ഏവരുടേയും പ്രശംസ പിടിച്ചുപറ്റുകയുണ്ടായി.
ഈ പശ്ചാത്തലത്തിലാണ് ഫെബ്രുവരി 16, 17 തീയതികളില്‍ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ പതിനേഴാമത് സംസ്ഥാന സമ്മേളനം ചാവക്കാട്ട് നടക്കുന്നത്. ത്രിപുര മുഖ്യമന്ത്രി വിപ്ലവ് ദേവ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു എന്നതിന് സവിശേഷമായ പ്രാധാന്യമുണ്ട്. തൊഴിലാളിവര്‍ഗത്തിന്റെ പേരില്‍ ആവേശം കൊള്ളുന്ന ഇടതുമുന്നണി സര്‍ക്കാര്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണുണ്ടായത്. ത്രിപുരയില്‍ തൊഴിലാളികളെ വഞ്ചിച്ച രണ്ടര പതിറ്റാണ്ട് കാലത്തെ ഇടതുഭരണത്തിന് അന്ത്യംകുറിച്ചാണ് വിപ്ലവ് ദേവ് മുഖ്യമന്ത്രിയായത്. കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രതിഭാസങ്ങള്‍ കടലോര മേഖലയില്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ വര്‍ധിച്ചുവരികയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആശ്രയിക്കുന്ന മുകള്‍ത്തട്ടിലെ മത്സ്യങ്ങള്‍ വന്‍തോതില്‍ കുറയുകയാണ്. സംസ്ഥാനത്ത് വന്‍തോതില്‍ ലഭിച്ചിരുന്ന മത്തി, അയല തുടങ്ങിയ മത്സ്യങ്ങളുടെ ദൗര്‍ലഭ്യം, വന്‍കിടക്കാരുടെ അശാസ്ത്രീയമായ മത്സ്യബന്ധനം തുടങ്ങിയവ ഈ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. ഇതിനൊക്കെയുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ ചാവക്കാട് സമ്മേളനം മുന്നോട്ടുവയ്ക്കുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: