മുന്‍പൊക്കെ ഈശ്വരന് പിന്നെപ്പിന്നെ, ഇന്നിപ്പോ കൂടെക്കൂടെ എന്നു പറഞ്ഞതുപോലെയായി മന്ത്രി ജി. സുധാകരന്റെ കാര്യം. പലനാള്‍ ചെയ്യുന്നതിന് ഫലം ഒരുനാള്‍ കിട്ടും എന്നും പറയാം. മാന്യന്മാരേയും വനിതകളേയും, കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അപമാനിച്ചും അവഹേളിച്ചും നടക്കുന്ന മന്ത്രിക്ക് കരണത്തേറ്റ അടിപോലെയായി സ്ത്രീത്വത്തെ അപമാനിച്ചതിനു കേസെടുക്കാനുള്ള കോടതി ഉത്തരവ്. സ്വന്തം പാര്‍ട്ടിക്കാരിയും പെഴ്സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന വനിതയെ സമൂഹമധ്യത്തില്‍ അവഹേളിച്ചതിനാണ് കേസ്. സ്ത്രീ സുരക്ഷയ്ക്കും നവോത്ഥാനത്തിനുമായി മതില് കെട്ടിപ്പൊക്കാന്‍ നടന്ന മന്ത്രിയെ രക്ഷിക്കാന്‍ പാര്ട്ടിക്കാര് തീര്‍ത്ത മതില് പോരാതെവന്നു. പൊലീസിനെ നിഷ്ക്രിയരാക്കിയവര്‍ക്കു കോടതിയെ കയറി ഭരിക്കാനാവില്ലല്ലോ. മതില് എത്ര ഉയര്‍ത്തിക്കെട്ടിയാലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരില്‍ നിന്ന്, അതു മന്ത്രിയായാല്‍പ്പോലും, സ്ത്രീകള്‍ക്കു സുരക്ഷ കിട്ടണമെങ്കില്‍ കോടതിതന്നെ ഇടപെടണമെന്നു വ്യക്തമായി.
രണ്ടു വര്‍ഷം മുന്‍പ് ഒരു റോഡ് ഉദ്ഘാടനത്തിന്റെ വേദിയില്‍വച്ചായിരുന്നു മന്ത്രി തന്റെ സഹപ്രവര്‍ത്തകയെ പരസ്യമായി അവഹേളിച്ചത്. കരഞ്ഞുകൊണ്ടു വേദിവിട്ട വനിത പിന്നീടു പാര്‍ട്ടിയും വിട്ടു. പൊലീസില്‍ നിന്ന് നീതി കിട്ടാത്തപ്പോള്‍ കോടതിയിലെത്തി. പൊലീസിനെ വിരട്ടി വരുതിയില്‍ നിര്‍ത്തിയ പാര്‍ട്ടി, കോടതിയ്ക്കുമുന്നില്‍ നിസ്സഹായാവസ്ഥയിലായി.
സ്ത്രീ സുരക്ഷയെക്കുറിച്ചും സ്ത്രീസമത്വത്തെക്കുറിച്ചും പ്രസംഗിക്കുകയും അവരെത്തന്നെ പുലഭ്യം പറയുകയും ചെയ്യുന്ന ഈ മന്ത്രിക്കു സ്ത്രീയുടെ മഹിമയേക്കുറിച്ചും മാതൃത്വത്തിന്റെ മഹത്വത്തേക്കുറിച്ചും ആരാണൊന്നു പറഞ്ഞുകൊടുക്കുക? ജീവശ്ശാസ്ത്രപരമായി വ്യാഖ്യാനിച്ചാല്‍ മനസ്സിലാക്കാവുന്നതല്ലല്ലോ അതൊന്നും. ഭക്തിയേയും വിശ്വാസത്തേയും ആചാരങ്ങളേയും സംസ്കാരത്തേയും തകര്‍ക്കാന്‍ സ്ത്രീകളുടെ സ്വകാര്യതയെ വ്യാഖ്യാനിച്ചും അപഗ്രഥിച്ചും ആഘോഷിച്ചും നടക്കുന്നവര്‍ക്ക് ഇതൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നിലവാരത്തിലേക്ക് ഉയരാന്‍ കഴിയുമെന്നു തോന്നുന്നില്ല. മന്ത്രിയാകാന്‍ അത്യാവശ്യം വിവരക്കേട് അനിവാര്യമെന്നു കരുതുന്ന ഒരു ഭരണസംവിധാനത്തിന് ഈ മന്ത്രി സര്‍വഥാ യോഗ്യനായിരിക്കാം. പക്ഷേ, മന്ത്രിമാരും പാര്‍ട്ടിയും മാത്രമടങ്ങുന്നതല്ലല്ലോ സമൂഹം. അവരുടെ വികാരങ്ങളും വേദനയും മനസ്സിലാക്കാന്‍ കോടതികള്‍ പോലെ ഇത്തരം ചില സംവിധാനങ്ങള്‍ ഉള്ളത് നാടിന്റെ ഭാഗ്യം. മുന്‍പ് ഒരുതവണ ഇത്തരം വിവാദത്തില്‍ ചെന്നുപെട്ടപ്പോള്‍, അതു തന്റെ നിഷ്ക്കളങ്കമായ നാടന്‍ ഭാഷയാണെന്നു പറഞ്ഞു തടിതപ്പിയ ആളാണ് മന്ത്രി. പുലഭ്യത്തെ നാടന്‍ഭാഷയും അലങ്കാരവുമായി കാണുന്നതു തെരുവുഗുണ്ടകളുടെ മാടമ്പിത്തരത്തിനാണു ചേരുക. മന്ത്രിക്കസേരയ്ക്കല്ല. അതു മനസ്സിലാകണമെങ്കില്‍ സംസ്കാരമുള്ളവര്‍ ആ കസേരയില്‍ ഇരിക്കണം. വനിതകളുടെ സ്വകാര്യത ആഘോഷമാക്കാന്‍ പോകുന്ന മുഖ്യമന്ത്രിയുടെ മന്ത്രിസഭയില്‍ ഇങ്ങനെ ചിലരൊക്കെ വേണമല്ലോ.
പൂജാരിമാരുടെയും സന്യാസിമാരുടേയും അടിവസ്ത്രം പരിശോധിക്കാന്‍ ഇവിടെ ആരും മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടില്ല. ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്യാന്‍ ആര്‍ക്കും വിലക്കില്ല. പക്ഷേ, അതു മറ്റുള്ളവരുടെ സൗകര്യവുംകൂടി നോക്കിവേണം. എന്തിനും എല്ലാവരും നിന്നുതന്നെന്നു വരില്ല. സമൂഹം ആരാധിക്കുകയും ആദരിക്കുകയും ചെയ്യുന്ന അയ്യപ്പനേയും തന്ത്രിയേയും അയ്യപ്പന്റെ പിതൃസ്ഥാനമുള്ള രാജാവിനേയും, കേള്‍ക്കാന്‍ കൊള്ളാത്ത ഭാഷയില്‍ അപമാനിച്ചാല്‍ വിശ്വാസികള്‍ക്കു വേദനിക്കും. എന്നിട്ടും ചില മറുവാക്കുകള്‍ക്കപ്പുറം ഇവിടെ ഒന്നും സംഭവിക്കാത്തത്, ഹൈന്ദവ സമൂഹത്തിനു വിശ്വാസത്തിനൊപ്പം സംസ്കാരം കൂടി ഉള്ളതുകൊണ്ടാണ്. ആ സംസ്കാരമാണ് സ്ത്രീകളെ ആദരിക്കാനും മാതൃഭാവത്തില്‍ കാണാനും പഠിപ്പിച്ചത്. അതേ സംസ്കാരത്തേയാണ് ഈ സര്‍ക്കാരും പാര്‍ട്ടിയും അവജ്ഞയോടെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഓരോ വിടുവായിത്തരത്തിലൂടെയും താന്‍ സ്വയം വിവസ്ത്രനാവുകയാണെന്ന് അറിയാനുള്ള വിവേകമെങ്കിലും മന്ത്രിക്ക് ഉണ്ടായാല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: