ഏത് ജനാധിപത്യക്രമങ്ങളിലൂടെ നീങ്ങുന്ന സര്‍ക്കാരായാലും അങ്ങേയറ്റം ദുരിതം കണ്ടാലേ വല്ലതും ചെയ്യൂ എന്ന് വരുന്നത് ദുരന്തമാണ്. അത്തരമൊരു ദുരന്തത്തിന്റെ വിഴുപ്പുഭാണ്ഡവും പേറിയാണ് ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വേദനയും ദൈന്യതയും എത്രയാണെന്ന് പറയാനാവില്ല. മനുഷ്യത്വവും മാനവികതയും തരിമ്പെങ്കിലുമുള്ളവര്‍ അത്തരക്കാരെ കണ്ടില്ലെന്ന് നടിക്കില്ല. അഥവാ അവരെ അവഗണിക്കുന്നവര്‍ക്ക് മനുഷ്യകുലത്തില്‍ സ്ഥാനവുമില്ലെന്നു പറയേണ്ടിവരും. അതീവ സങ്കടകരമാണ് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അവസ്ഥ.
വിഷമരുന്ന് പരന്ന് ദുരിതത്തിന്റെ കനല്‍പ്പാതകള്‍ താണ്ടിയ കാസര്‍കോട്ടെ ഒട്ടുവളരെ കുടുംബങ്ങളെ സാങ്കേതികത്വത്തിന്റെ നൂലാമാലയില്‍ കുടുക്കി ആനുകൂല്യങ്ങളൊന്നും അനുവദിക്കാതിരിക്കുകയായിരുന്നു. പരിഭവങ്ങളും പരിദേവനങ്ങളുമായി അവര്‍ മുട്ടാത്ത വാതിലുകളില്ല, ചെയ്യാത്ത ജോലികളുമില്ല. പക്ഷേ, തങ്ങളുടെ ഓമനമക്കള്‍ക്ക് നേരാംവണ്ണം ഭക്ഷണം പോലും കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണവര്‍ക്കുള്ളത്. ഒടുവില്‍ രണ്ടുംകല്‍പ്പിച്ചാണ് ശാരീരികമായി ബുദ്ധിമുട്ടുള്ള കുട്ടികളെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് ഭരണ സിരാകേന്ദ്രത്തിനു മുമ്പില്‍ അവര്‍ സമരമിരുന്നത്. അവരുടെ നിസ്സഹായതക്കുമേല്‍ തീകോരിയിടാനാണ് ആദ്യം സര്‍ക്കാര്‍ ശ്രമിച്ചത്. വനിതാമന്ത്രി അവരെ അടച്ചാക്ഷേപിക്കുകവരെ ചെയ്തു. ശീതീകരണ മുറികളില്‍ ഉണ്ടുറങ്ങുന്നവര്‍ക്ക് സാധാരണ ജനങ്ങളുടെ ദുരിതം തമാശയാണെന്ന് പറയാറുണ്ട്. അത് ശരിവെക്കുന്നതു പോലെയാണ് ആരോഗ്യവകുപ്പ് മന്ത്രി പ്രതികരിച്ചത്.
തുടര്‍ന്ന് പ്രശ്നം രൂക്ഷമാവുകയും പല കോണില്‍ നിന്ന് പ്രതിഷേധം ഉയരുകയും ചെയ്തതോടെ സമരക്കാരുടെ ന്യായമായ ആവശ്യങ്ങളില്‍ ഒട്ടുമുക്കാലും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. ബുദ്ധിമുട്ടിന്റെയും കഷ്ടപ്പാടിന്റെയും അങ്ങേയറ്റത്ത് ഗതികേടില്‍ കഴിയുന്നവരെ പോലും ആശ്വസിപ്പിക്കാനോ സാന്ത്വനവാക്കുകള്‍ പറയാനോ ഒരു ജനാധിപത്യഭരണകൂടം തയ്യാറാവുന്നില്ല എന്നുവരുമ്പോള്‍ ഈ നാട് ദൈവത്തിന്റേതാണെന്ന് എങ്ങനെ വിശേഷിപ്പിക്കും? ദൈവവും ചെകുത്താനും തമ്മിലുള്ള വ്യത്യാസം എങ്ങനെ മനസ്സിലാക്കും? അവശരും നിസ്സഹായരുമായവര്‍ക്ക് നിയമത്തിന്റെ കെട്ടുപാടുകള്‍ ഒഴിവാക്കി സഹായങ്ങള്‍ ചെയ്തുകൊടുക്കുകയാണ് വേണ്ടത്. ഇവിടെ നിയമത്തിന്റെ സാങ്കേതികതയില്‍ കുടുക്കിയിടാനാണ് ശ്രമിച്ചതെന്നത് എത്ര ദുഃഖകരമാണ്.
മനുഷ്യന് വരുത്തിവെക്കുന്ന ദുരന്തങ്ങളെ കൈ കാര്യം ചെയ്യുന്ന കാര്യത്തില്‍ ജനാധിപത്യസംവിധാനങ്ങള്‍ പരാജയപ്പെടുകയാണെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. സ്ഥിതിഗതികള്‍ ചൂണ്ടിക്കാണിച്ചാല്‍ പോലും ധാര്‍ഷ്ട്യത്തിന്റെ ചാട്ടവാറടിയാണ്. ഇത് ആശാസ്യമല്ല. അന്നന്നത്തെ അന്നത്തിനുവേണ്ടി ഗതികെട്ട് പണിയെടുക്കുന്നവരെ വിസ്മരിക്കുന്നവര്‍ തന്നെ അധികാരത്തിലേറുന്നതിന് അത്തരക്കാരുടെ വോട്ടുതേടാന്‍ സകല അടവും പ്രയോഗിക്കുന്നുണ്ട്. വോട്ടിനുശേഷം ‘കടക്ക്പുറത്ത്’ സമീപനമാണെന്ന് മാത്രം. ഇതിന് അവസാനമുണ്ടാകണം. സമൂഹം അതിനനുസരിച്ച് പ്രതികരിക്കണം. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി രംഗത്തുവന്നതുപോലെ തന്നെ ഇനിയും പെരുമാറേണ്ടിവരും.
അങ്ങേയറ്റത്തെ സാധാരണക്കാരനുംകൂടി വികസനത്തിന്റെ മഹായാത്രയില്‍ പങ്കുചേരാന്‍ അവസരമുണ്ടായെങ്കില്‍ മാത്രമെ സമൂഹത്തില്‍ വികസനമുണ്ടായി എന്നു പറയാനാവൂ. ഇവിടെ ദുരന്തമുഖം അധികാരികളെ കാണിച്ചുകൊടുക്കാന്‍ അവസരം സൃഷ്ടിക്കുമ്പോള്‍ അതിനെ അടച്ചാക്ഷേപിക്കുകയാണ്. അതേസമയം വിശ്വാസാചാരങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങളിലേക്കെല്ലാം സര്‍ക്കാര്‍ എടുത്തുചാടുകയും ചെയ്യുന്നു. ജനാധിപത്യമുഖം സര്‍ക്കാറിന് നഷ്ടമാവുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകളെ സംരക്ഷിക്കാന്‍ തങ്ങളുടെ ബാധ്യതയല്ലെന്ന് കരുതുന്നവരുടെ പെരുമാറ്റം സമൂഹത്തില്‍ ദുരന്തമേ വിളിച്ചുവരുത്തൂ. ഏതായാലും ഒടുവില്‍ നേര്‍വഴിതോന്നിയ സര്‍ക്കാര്‍ ഇനിയുള്ളകാലം അത്തരക്കാര്‍ക്ക് സൗകര്യങ്ങളും സഹായങ്ങളും ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തല്ക്കാലം രക്ഷപ്പെടാനുള്ള ഒരു തന്ത്രമായി കാര്യങ്ങളെ വഴിതിരിച്ചുവിടരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: