വനിതാ ശാക്തീകരണത്തിന്റെ ”സമുജ്വല” മുഹൂര്‍ത്തങ്ങളാണ് സംസ്ഥാനത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ഒരു വനിതാ ഐപിഎസ് ഓഫീസറുടെ ആത്മാര്‍ത്ഥമായ നിലപാടുകള്‍ക്കുനേരെയാണ് അരിവാളും ചുറ്റികയും ചീറിയടുത്തിരിക്കുന്നത്. അതത് ഭരണകക്ഷിയുടെ പിണിയാളുകളെ പോലെ പ്രവര്‍ത്തിക്കേണ്ടവരാണ് ഉദ്യോഗസ്ഥവൃന്ദം എന്ന ധാര്‍ഷ്ട്യമാണ് സര്‍ക്കാരിനുള്ളത്.
കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരണഘടനയ്ക്കും സുപ്രീംകോടതി വിധി പാലിക്കാനുമായി നിലകൊള്ളുന്നവരാണെന്ന് രായ്ക്കുരാമാനം വിളിച്ചുകൂവുമ്പോഴാണ് ക്രിമിനലുകളെതേടി പാര്‍ട്ടി ഓഫീസിലെത്തിയ ഐപിഎസ് ഓഫീസറെ ചട്ടവിരുദ്ധമായി തൂക്കിയെറിഞ്ഞിരിക്കുന്നത്.
പോലീസ് സ്റ്റേഷനില്‍ ബോംബുണ്ടാക്കുമെന്നും അക്രമികളെ തടഞ്ഞുവെച്ചാല്‍ ജനപ്രതിനിധികള്‍ക്കൊപ്പം ചേര്‍ന്ന് സ്റ്റേഷന് കയ്യേറുമെന്നും പ്രഖ്യാപിക്കുകയും അത് നടപ്പില്‍വരുത്തുകയും ചെയ്യുന്ന പാര്‍ട്ടിയുടെ സര്‍ക്കാരിന് ഇതൊക്കെ അഭിമാനമാവാം.
എന്നാല്‍ ജനാധിപത്യ സംവിധാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ജനസാമാന്യത്തെ സംബന്ധിച്ച് ഇതൊക്കെ രാക്ഷസീയതയാണ്. പോക്സോകേസില്‍ പിടിയിലായ പാര്‍ട്ടിക്കാരെ കാണാന്‍ അനുവദിക്കാത്തതിന് പോലീസ് സ്റ്റേഷന് ഉപരോധിക്കുകയും കല്ലെറിയുകയും ചെയ്തതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ഡിസിപി ചൈത്ര തെരേസ ജോണ്‍ സിപിഎം ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡു ചെയ്തത്.
പ്രതികളെ ഒളിപ്പിക്കാനുള്ള ഇടത്താവളമായി പാര്‍ട്ടി ഓഫീസ് മാറുമ്പോള്‍ അത് ക്രിമിനാലയമാവുകയാണ്. അങ്ങനെവരുമ്പോള്‍ പാര്‍ട്ടി വാലാട്ടികളല്ലാത്ത ഓഫീസര്‍മാര്‍ക്ക് അവിടെ കയറി അക്രമികളെ പിടിക്കാതെ വയ്യ. പാര്‍ട്ടിഓഫീസുകള്‍ വിശുദ്ധ കേന്ദ്രങ്ങളൊന്നുമല്ലല്ലോ. സാധാരണ വീടുകള്‍ പോലെയേ അവയുമുള്ളൂ. അക്രമി വീട്ടില്‍ കഴിയുമ്പോള്‍ പോലീസുകാര്‍ അവരെ അവിടെയെത്തി പിടികൂടാറില്ലേ? പിന്നെ പാര്‍ട്ടിഓഫീസുകള്‍ക്ക് മാത്രമെന്താണ് പ്രത്യേക അവകാശം? ഭരണഘടനയില്‍ അങ്ങനെയെന്തെങ്കിലും വ്യവസ്ഥയുണ്ടോ? ഗുണ്ടാരാജ് നടക്കുമ്പോള്‍ ഉത്തരവാദിത്തമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നോക്കിയിരിക്കാനാവില്ല. അഥവാ അങ്ങനെയുണ്ടെങ്കില്‍ അവര്‍ ആ ഫോഴ്സില്‍ ഇരിക്കാന്‍ അര്‍ഹരുമല്ല.
സിപിഎം ഭരിക്കുമ്പോള്‍ സ്റ്റേഷന്‍ഭരണം പാര്‍ട്ടിക്കാണെന്ന് പറയുന്നതുപോലെയാണ് കാര്യങ്ങള്‍. വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷമാണ് ചൈത്രയുടെ നേതൃത്വത്തില്‍ പോലീസ് പാര്‍ട്ടിഓഫീസില്‍ എത്തി തിരച്ചില്‍ നടത്തിയത്. എന്നാല്‍ പാര്‍ട്ടി കങ്കാണിമാരായ പോലീസുകാര്‍ ഫോഴ്സിലുള്ളതിനാല്‍ വിവരം ചോര്‍ന്നു. അതിനാല്‍തന്നെ ഡിസിപിക്ക് വിചാരിച്ചതുപോലെ മുന്നോട്ടു പോകാനായില്ല.
പോലീസ് ഉദ്യോഗസ്ഥരെ ഭരണസ്വാധീനത്തില്‍ എന്തും ചെയ്യാന്‍ മടികാണിക്കില്ല എന്ന സന്ദേശമാണ് ചൈത്രക്കെതിരെയുള്ള നടപടിയിലൂടെ മുഖ്യമന്ത്രി സമൂഹത്തിന് നല്‍കിയിരിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ ഗുണ്ടായിസത്തിന് അരുനില്‍ക്കാത്തവര്‍ ‘കടക്ക് പുറത്ത്’ എന്ന് ഇതിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. ഒരു ആരാധനാലായത്തിലെ ചിട്ടവട്ടങ്ങളെ കീഴ്മേല്‍ മറിക്കാന്‍ വനിതാ ശാക്തീകരണമെന്ന മ്ലേച്ഛരാഷ്ട്രീയമുയര്‍ത്തി മതില് പണിതവര്‍ വനിതകളോട് എങ്ങനെയാണ് പെരുമാറുന്നതെന്നതിന്റെ വ്യക്തമായ ചിത്രമാണ് ഇതുവഴി കിട്ടുന്നത്.
ഗുണ്ടായിസവും രാഷ്ട്രീയവും ഒന്നാണെന്ന് ധരിച്ചുവശായ വൃകോദരസംസ്കാരമാണ് കേരള സര്‍ക്കാരിനുള്ളത്. ഏത് കാര്യമെടുത്ത് നോക്കിയാലും അതില്‍ അവരുടെ നീചരാഷ്ട്രീയത്തിന്റെ മേമ്പൊടി കാണാം. ഉള്ളസമയത്ത് ഉള്ളതൊക്കെ തട്ടിക്കൂട്ടുകയെന്ന പൈശാചികതയ്ക്ക് കൂട്ടുനില്‍ക്കാത്തവരെ ഒന്നിനും അനുവദിക്കില്ലെന്ന സന്ദേശം പടര്‍ത്തുക വഴി സമൂഹത്തെ അരാജകത്വത്തിലേക്കും അസ്വസ്ഥതയിലേക്കുമാണ് തള്ളിവിടുന്നത്.
ഒന്നിലും പാഠം പഠിക്കാത്തവര്‍ ജനകീയ രോഷത്തിലൂടെ നന്നാവുമെന്ന് വിശ്വസിക്കാമോ? പശ്ചിമബംഗാളും ത്രിപുരയും നമുക്കുമുന്നില്‍ വെക്കുന്ന രാഷ്ട്രീയ സംസ്കാരത്തെ താമസം വിനാ ദൈവത്തിന്റെ സ്വന്തം നാടും കൈനീട്ടി സ്വീകരിക്കുമെന്നതിലേക്കാണ് സ്ഥിതിഗതികള്‍ എത്തുന്നത്. മനുഷ്യത്വവും മാനവികതയും അറിയാത്തവര്‍ അതൊക്കെ അറിയാന്‍ ഇടവരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: