എന്‍ഡിഎ സര്‍ക്കാറിന് എടുത്തുപറയാന്‍ ഒട്ടേറെ പദ്ധതികളുണ്ട്. അതില്‍ പ്രത്യേകം പറയേണ്ടതാണ് ആയുഷ്മാന്‍ ഭാരത്. പ്രധാനമന്ത്രി ജന്‍ ആരോഗ്യയോജന (പിഎംജെഎവൈ) കഴിഞ്ഞ സപ്തമ്പറിലാണ് നിലവില്‍ വന്നത്. അമേരിക്കയുള്‍പ്പെടെ മൂന്ന് വന്‍ രാജ്യങ്ങളുടെ ജനസംഖ്യ 50 കോടിയാണ്. ഇന്ത്യയില്‍ 50 കോടി ജനങ്ങളെ ലക്ഷ്യമിട്ടാണ് ആയുഷ്മാന്ഭാരതിന് രൂപം നല്‍കിയത്. 1350 രോഗങ്ങള്‍ക്കുള്ള ചികിത്സാചെലവിന് ഇതിലൂടെ സഹായം ലഭിക്കും. അഞ്ചുലക്ഷം വരെയാണ് ഈ പദ്ധതിയിലൂടെ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുക. ഒരുവര്‍ഷത്തേക്കാണ് ഒരു കുടുംബത്തിന് ഇത്രയും തുക. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയ്ക്ക് മാത്രമല്ല, സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയാലും ഈ തുക ലഭിക്കും. ആശുപത്രികള്‍ ഇതിന്റെ ഭാഗമാകണമെന്നേയുള്ളൂ. ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാത്ത പാവങ്ങള്‍ രോഗാവസ്ഥയില്‍ ചികിത്സ കിട്ടാതെ മരണപ്പെടുന്ന സംഭവങ്ങള്‍ രാജ്യത്ത് ലക്ഷക്കണക്കിനാണ്. ഒരുനിലയ്ക്കും ആരോഗ്യ പരിരക്ഷ ലഭിക്കാത്ത കോടിക്കണക്കിനാളുകള്‍ക്ക് ഇത് വന്‍ ആശ്വാസമാണ്. മോദി സര്‍ക്കാറിന്റെ ഈ പദ്ധതി മുക്തകണ്ഠമായാണ് ലോകം പ്രശംസിച്ചത്. കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ ദല്‍ഹിയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രസംഗിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് മുമ്പുതന്നെ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. അതുകൊണ്ടുതന്നെ 38 ദിവസം തികഞ്ഞ സെപ്തംബര്‍ 23 ന് പദ്ധതി ആരംഭിക്കുകയും ചെയ്തു.
കേരളം ഉള്‍പ്പെടെ വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങള്‍ ഈ പദ്ധതിയോട് സഹകരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. കേരളത്തില്‍ സര്‍ക്കാരിന്റെ ആരോഗ്യപദ്ധതിയുണ്ടെന്നും വേറെ പദ്ധതി ബാധ്യതയാകുമെന്നുമായിരുന്നു ഇടതുസര്‍ക്കാരിന്റെ ന്യായം. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വഴിലഭിക്കുന്നത് മുപ്പതിനായിരം രൂപ മാത്രമാണ്. കേരളത്തിന്റെ നിസഹകരണം ഏറെ വിമര്‍ശിക്കപ്പെട്ടതാണ്. രാഷ്ട്രീയ വിരോധം ഭരണരംഗത്ത് പ്രകടിപ്പിക്കരുതെന്നും സംസ്ഥാനത്തെ പാവപ്പെട്ടവരുടെ ചികിത്സയ്ക്ക് ആശ്വാസമാകുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതികേരളത്തിലും നടപ്പില്‍ വരുത്തണമെന്ന നിരന്തര ആവശ്യവും നിരസിക്കപ്പെടുകയാണുണ്ടായത്. കേരളം ഇന്ന് നല്കുന്ന പ്രീമിയം കൂടുമെന്നായിരുന്നു ആയുഷ്മാന്‍ഭാരത് പദ്ധതിയുമായുള്ള കരാറില്‍ ഒപ്പിടാന്‍ പിന്തിരിപ്പിച്ചത്. നിസാര കാരണത്താല്‍ സംസ്ഥാന സര്‍ക്കാര്‍ കേരളീയരെ കബളിപ്പിക്കുന്ന വലിയ ആശങ്ക ഉളവാക്കിയിരുന്നു. ഗുണഭോക്താവ് ഒരുപൈസ പോലും പ്രീമിയമായി ഈ പദ്ധതിക്ക് അടയ്ക്കേണ്ടിയില്ലെന്നതാണ് പ്രത്യേകത. പദ്ധതിയില്‍ ചേരാന്‍ അപേക്ഷപോലും നല്‍കേണ്ടതില്ല. 2011 ലെ സാമൂഹ്യസാമ്പത്തിക-ജാതി സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹരെ നിശ്ചയിക്കുന്നത്.
മോദിയുടെ ആയുഷ്മാന്‍ഭാരത് വലിയ തട്ടിപ്പെന്നാണ് കേരളത്തിന്റെ ധനമന്ത്രി ഡോ. തോമസ് ഐസക് കുറ്റപ്പെടുത്തിയത്. പാവങ്ങളോട് ഈ സര്‍ക്കാറിന് എത്രമാത്രം ചുഛമാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു കമ്മ്യൂണിസ്റ്റുകാരനായ ഐസക്കിന്റെ പ്രതികരണം. പദ്ധതി അരംഭിച്ച് ഒരു ദിവസം മാത്രം പിന്നിട്ടപ്പോഴായിരുന്നു ധനമന്ത്രിയുടെ വിമര്‍ശനമെന്നോര്‍ക്കണം. എന്നാല്‍ ആറുമാസം തികയും മുന്‍പ് 4.6 ലക്ഷം പേര് ചികിത്സാ സഹായം നേടിക്കഴിഞ്ഞു. ആദ്യത്തെ 10 ആഴ്ച പിന്നിട്ടപ്പോള്‍ തന്നെ 600 കോടിയാണ് ആയുഷ്മാന്‍ ഭാരത് വഴി നല്‍കിയിട്ടുള്ളത്. ദിവസം പതിനായിരം പേര് ആയുഷ്മാന്‍ ഭാരത്തിന്റെ സഹായത്തിന് അര്‍ഹരാകുന്നുണ്ടെന്നാണ് ഔദ്യോഗിക അറിയിപ്പ്. ചില ദിവസങ്ങളില്‍ അത് 30,000 വരെ ഉയര്‍ന്നിട്ടുണ്ട്. തോമസ് ഐസക് എന്തുതന്നെ പറഞ്ഞാലും പദ്ധതി വേണ്ടെന്ന് വച്ചില്ലെന്നാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്രസ്താവിച്ചിരുന്നത്. എന്നിട്ടും ആയുഷ്മാന്‍ ഭാരത് മിഷനുമായി കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ മിഷന് ശക്തമായ തീരുമാനമെടുത്തു. അര്‍ഹതപ്പെട്ട 18 ലക്ഷത്തിലധികം പേരെ ഉള്‍പ്പെടുത്തി കേരളത്തെയും പദ്ധതിയുടെ ഭാഗമാക്കി. പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത കത്ത് ഗുണഭോക്താക്കള്‍ക്ക് അയച്ചുകഴിഞ്ഞു. ഏഴുലക്ഷം പേര്‍ക്ക് കത്തുലഭിച്ചു. ഏതാനും ദിവസത്തിനകം മുഴുവന്‍ പേര്‍ക്കും അംഗങ്ങളാക്കിയുള്ള കത്ത് ലഭിക്കും. ഇത് കേരളത്തിലേക്കുള്ള കേന്ദ്ര ഇടപെടലായി വ്യാഖ്യാനിക്കുന്നവരുണ്ട്. കേരളം പാവങ്ങളെ സഹായിക്കാന്‍ മടിക്കുമ്പോള്‍ കേന്ദ്രം ഇടപെടുന്നത് അനുഗ്രഹവും തണലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: