സര്‍ക്കാര്‍ തെളിച്ച വഴിയേയാണിപ്പോള്‍ കത്തോലിക്കാ സഭയും നീങ്ങുന്നത്. രാജാവിനു പിന്നാലെ പ്രജകളും എന്നാണല്ലോ ചൊല്ല്. തെറ്റ് ചൂണ്ടിക്കാണിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നവരെ വിരട്ടുകയും പിന്നെ ശിക്ഷിക്കുകയും ചെയ്യുന്ന ശൈലി കന്യാസ്ത്രീ മഠത്തിലെ പീഡനക്കേസിന്റെ കാര്യത്തില്‍ കത്തോലിക്കസഭയും ചെയ്യുന്നു. സര്‍ക്കാര്‍ ശൈലിയില്‍ സ്ഥലംമാറ്റം തന്നെയാണ് ആദ്യപടി. പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതിഷേധ സ്വരമുയര്‍ത്തിയ അഞ്ചു കന്യാസ്ത്രീകളെയാണ് രാജ്യത്തിന്റെ പലഭാഗങ്ങളിലേയ്ക്കു സ്ഥലം മാറ്റിയിരിക്കുന്നത്. ഉത്തരവായെങ്കിലും കുറവിലങ്ങാട്ടെ മഠം വിട്ടുപോവില്ലെന്ന തീരുമാനത്തില്‍ കന്യാസ്ത്രീകള്‍ ഉറച്ചുനില്‍ക്കുന്നു. തങ്ങളെ തിരുവസ്ത്രം ഊരിക്കുന്നതിലും ചിലപ്പോള്‍ ഇല്ലായ്മ ചെയ്യുന്നതിലും വരെ ഇതു ചെന്നെത്തിയേക്കാം എന്ന് അവര്‍ ആശങ്ക പങ്കുവയ്ക്കുന്നുമുണ്ട്. എങ്കിലും, നീതിയും ന്യായവും തങ്ങളുടെ പക്ഷത്താകയാല്‍ പിന്നോട്ടു മാറുന്ന പ്രശ്നമില്ലെന്നാണവരുടെ നിലപാട്.
സ്ത്രീ സമൂഹത്തിന്റെ, സാങ്കല്പിക നിലവിളിയെക്കുറിച്ചാണല്ലോ ഇപ്പോള്‍ സര്‍ക്കാര്‍ അടക്കം ആശങ്കപ്പെടുന്നത്. സമത്വത്തിനായി കേരളത്തിലെ വനിതകള്‍ ഒന്നടങ്കം കേഴുകയാണെന്നും അവരെ മതില് കെട്ടി സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നുമാണ് സര്‍ക്കാര്‍ കണ്ടെത്തിയത്. കോടികള്‍ മുടക്കി മതില് പണിതു കഴിഞ്ഞു. പക്ഷേ, അതിന്റെ പേരില്‍ ആഭാസക്കൂത്തു നടത്തുന്ന സര്‍ക്കാരോ സാംസ്കാരിക നായകരെന്നു നടക്കുന്നവരോ യഥാര്‍ഥ രോദനം കേട്ടില്ല. സര്‍ക്കാര്‍ തണലില്‍ കഴിയുന്ന സഭ അതൊക്കെ കേട്ടിട്ടും കേട്ടതായി നടിച്ചുമില്ല. അകത്തളങ്ങളില്‍ നെടുവീര്‍പ്പുകളും നിലവിളിയും കണ്ണുനീരും നീറിപ്പുകഞ്ഞതു സഭയ്ക്കകത്തു പക്ഷേ, കാര്യങ്ങള്‍ കലുഷമാക്കി. കലാകാലമായി അനുഭവിച്ചുവരുന്ന പീഡനങ്ങള്‍ക്കെതിരെ കന്യാസ്ത്രീകള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നത് സഭാനേതൃത്വത്തെ ചിന്താക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. സ്വന്തം സഹജീവികളുടേയും സഹോദരികളുടേയും വേദന അവരെ ഒരേമനസ്സാക്കി. ആ മനസ്സുകളില്‍ ഉയര്‍ന്ന പ്രതിഷേധമതില്‍ പൊളിക്കാനാണ് സഭ ഇപ്പോള്‍ അതിന്റെ നെടുംതൂണുകളെ പലവഴിക്കു ചിതറിച്ചു വിടാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ശൈലിയില്‍ അറസ്റ്റും തുറുങ്കിലടയ്ക്കലും സഭയ്ക്കു പറ്റില്ലല്ലോ. പകരം, മഠങ്ങളിലെ, നിലവിളി പുറത്തു കേള്‍ക്കാതെ ഇരുമ്പുമറയ്ക്കുള്ളിലാക്കുകയാണവര്‍.
ബിഷപ് ഫ്രാങ്കോയ്ക്കെതിരെ മൊഴി നല്കിയ സിസ്റ്റര്‍ അനുപമയ്ക്കു പഞ്ചാബിലേയ്ക്കാണു സ്ഥലംമാറ്റം. സിസ്റ്റര്‍ ആല്‍ഫിയെ ബിഹാറിലേയ്ക്കും സിസ്റ്റര്‍ നീന റോസിനെ ഛത്തീസ്ഗഢിലേയ്ക്കും സിസ്റ്റര്‍ ജോസഫൈനെ ഝാര്‍ഖണ്ഡിലേയ്ക്കും മാറ്റിക്കൊണ്ട് മിഷനറീസ് ഓഫ് ജീസസ് ഉത്തരവായി. സിസ്റ്റര്‍ ആന്‍സിറ്റ മാത്രം കേരളത്തില്‍ തുടരും. കണ്ണൂരിലേയ്ക്കാണു മാറ്റം. പീഡനത്തിനിരയായ കന്യാസ്ത്രീക്കു മാറ്റമില്ല.
ഹിന്ദു സമൂഹത്തിലെ വനിതാസുരക്ഷയെക്കുറിച്ചും നവോത്ഥാനത്തേക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും മാത്രം നിരന്തരം വികലമായി പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെല്ലാം ഇക്കാര്യത്തില്‍ നിശ്ശബ്ദരാണ്. പരാതി കിട്ടിയിട്ടും വ്യക്തമായ തെളിവുകളുണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ മടിച്ചു നിന്ന സര്‍ക്കാരും നിശ്ശബ്ദമായിരിക്കുമ്പോള്‍, ഇരയെ നിശ്ശബ്ദമാക്കി കേസ് ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സ്ഥലംമാറ്റമെന്നാണു സൂചന. അതിനെ ദൃഢനിശ്ചയംകൊണ്ടു മറികടക്കാന്‍ കന്യാസ്ത്രീകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: