സമൂഹത്തിന്റെ ക്രമപ്രവൃദ്ധമായ വളര്‍ച്ചയ്ക്ക് സംവരണം എന്ത് പങ്കു വഹിക്കുമെന്നതു പ്രസക്തമായ ചോദ്യമാണ്. സമൂഹത്തെ ഒന്നായി കാണുമ്പോഴും അവശരും ആര്‍ത്തരുമായ എല്ലാവരെയും പൊതുജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന ഭാരിച്ച ഉത്തരവാദിത്തം അതിനുണ്ട്. ഇവിടെ വൈഭവപൂര്‍ണമായ ഭാരതത്തിന്റെ ഭാവിയിലേക്ക് അടുക്കും ചിട്ടയോടുംകൂടി മുന്നേറുന്ന മാതൃകാപരമായ ഒരു നീക്കത്തിനാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടിറങ്ങിയിരിക്കുന്നത്. മുന്നാക്ക വിഭാഗങ്ങളിലെ ദുരിതബാധിതരെക്കൂടി പൊതുധാരയുടെ ശാക്തീകരണത്തിലേക്ക് ഉയര്ത്തിക്കൊണ്ടുവരണമെന്നുള്ള സദുദ്ദേശ്യമാണ് ഈ നീക്കത്തിലൂടെ കാണുന്നത്.
ഇത് സംവരണമെന്ന ആശയം മുന്നോട്ടുവച്ച ഭരണഘടനാ നിര്‍മാതാക്കളുടെ യഥാര്‍ത്ഥ ലക്ഷ്യത്തിന് യോജിക്കുന്നതാണ്. ഭാരതത്തിലെല്ലാവര്ക്കും തുല്യ അവസരം ലഭിക്കണമെന്ന ഉദ്ദേശ്യമാണ് അവരെ സംവരണമെന്ന ആശയം സ്വീകരിക്കുന്നതിന് പ്രേരിപ്പിച്ചത്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവരുടെ സാമൂഹ്യ പിന്നാക്കാവസ്ഥ ഇല്ലാതാക്കുന്നതിനും ഇതര ജനങ്ങളോടൊപ്പം തുല്യത കൈവരിക്കാനും ആവശ്യമായ കൈത്താങ്ങാണ് സംവരണം. മനുഷ്യസ്നേഹത്തിന്റെ ഉദാത്ത ഭാവനയാണ് ഭരണഘടനാ ശില്പികളുടെ സംവരണമെന്ന ആശയത്തിന് പിന്നിലുള്ളത്.
സാമൂഹ്യ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന പിന്നാക്ക ജനവിഭാഗങ്ങളുടെ ദുഃഖത്തോടൊപ്പം സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന മുന്നാക്ക വിഭാഗങ്ങളുടെ ദുഃഖവും കാണാതെ പോകരുത്. ഭരണഘടനാ ശില്പികളുടെ ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെ പൂര്‍ത്തീകരണം ഇതുവഴിയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് നിലവിലുള്ള സംവരണം നിലനിര്‍ത്തിക്കൊണ്ടുതന്നെ മുന്നാക്കത്തിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കാനുള്ള മോദി ഗവണ്മെന്റിന്റെ തീരുമാനം സമൂഹത്തിന്റെ എല്ലാ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങളെയും ഒരേപോലെ കണ്ട് അവയ്ക്ക് പരിഹാരം കാണുക എന്ന ഭരണകൂടത്തിന്റെ കടമയുടെ പൂര്‍ത്തീകരണമാണ്. ഇത് മോദി സര്‍ക്കാരിന്റെ ‘സബ് കാ സാഥ് സബ് കാ വികാസ്’- എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണംകൂടിയാണ്.
നിലവിലുള്ള സാമുദായിക സംവരണം 50 ശതമാനമാണ്. ഇതിനുപുറമെയാണ് പുതിയ നിര്‍ദ്ദേശം വന്നിട്ടുള്ളതെന്നതിനാല്‍ ഒരു തരത്തിലുള്ള പ്രശ്നവും ഉണ്ടാവില്ലെന്നതാണ് എടുത്തുപറയേണ്ടത്. രാജ്യവും ജനങ്ങളും സമഗ്രമായി മുന്നേറണമെങ്കില്‍ കണ്ണീരും ദുരിതവും കഴിയാവുന്നത്ര സമൂഹത്തില്‍നിന്ന് നിര്‍മാര്‍ജനം ചെയ്യണമെന്ന് കേന്ദ്ര ഭരണകൂടത്തിന് വ്യക്തമായി ബോധ്യമുണ്ട്. ജനജീവിതത്തിന്റെ തുടിപ്പറിയുന്ന ഒരു ഭരണകൂടത്തിന് മാത്രം സാധിക്കുന്നതാണത്. രാഷ്ട്രീയ മുദ്രാവാക്യങ്ങളില്‍ മാത്രം വിശ്വസിക്കുന്നവര്‍ക്ക് ഒരുപക്ഷേ, അതില്‍ താല്പര്യം തോന്നില്ലായിരിക്കാം. എന്നാല്‍ രാഷ്ട്രത്തെക്കുറിച്ച് ചിന്തയുള്ളവരും മാനവികതയും മനുഷ്യത്വവും എന്തെന്നറിഞ്ഞവരും അത് നെഞ്ചേറ്റുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: