കപട നവോത്ഥാനം പാടുന്ന ഭരണകൂടം കേരളത്തെ കലാപഭൂമിയാക്കുകയാണ്. സമാധാനത്തോടെ ജനാധിപത്യപരമായി ഭക്തരുടെ വികാരം പ്രകടിപ്പിക്കുമ്പോള്‍ പോലീസും മാര്‍ക്സിസ്റ്റുകാരും സംഘിതവും ആസൂത്രിതവുമായി അക്രമം അഴിച്ചുവിടുന്ന കാഴ്ചയായിരുന്നു കേരളത്തിലാകെ. ഓഫീസുകളിലും വീടുകളിലും കയറിപ്പോലും ഗുണ്ടായിസം കാണിക്കുന്ന കാഴ്ചയായിരുന്നു എങ്ങും. ശബരിമലയില്‍ ഇരുളിന്റെ മറവില്‍ സര്‍ക്കാര്‍ ഗൂഢാലോചനയോടെ ആചാരലംഘനം നടത്തിയത് ഭക്തജനകോടികളെ സമാനതകളില്ലാത്ത സങ്കടത്തിലാണ് ആഴ്ത്തിയത്. അതിന്റെ സ്വാഭാവികമായ അമര്‍ഷം ബുധനാഴ്ച കേരളം കണ്ടതാണ്. പല സ്ഥലത്തും നാമജപയജ്ഞങ്ങളും പ്രകടനങ്ങളുമുണ്ടായി. അതിന്റെ പേരില്‍ പ്രകോപനമില്ലാതെ ലാത്തിച്ചാര്‍ജും ടിയര്‍ഗ്യാസ് പ്രയോഗവും ജലപീരങ്കിയുപയോഗിച്ചുള്ള നേരിടലുമൊക്കെ നടത്തിയതാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപിയുടെ നിരാഹാരപ്പന്തലില്പ്പോലും ടിയര്‍ഗ്യാസ് എറിഞ്ഞു. പോലീസിനൊപ്പം സിപിഎം ഗുണ്ടകളും അഴിഞ്ഞാടി. ജനാധിപത്യവും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യംപോലും അനുവദിക്കില്ലെന്ന ഭരണകൂടത്തിന്റെയും ഭരണകക്ഷിയുടെയും നികൃഷ്ടമായ പെരുമാറ്റവും കാണുകയുണ്ടായി. അതിന്റെ വര്‍ദ്ധിത രൂപമാണ് ഹര്‍ത്താല്‍ ദിനമായ ഇന്നലെ കണ്ടത്.
എല്ലാ ജില്ലയിലും നടന്ന അതിക്രമങ്ങള്‍ പോലീസിന്റെയും മുഖ്യമന്ത്രിയുടെയും പൂര്‍ണ പിന്തുണയോടെയാണ്. കഴിഞ്ഞ ദിവസം പന്തളത്ത് ശബരിമല കര്‍മസമിതി പ്രവര്ത്തകന് ചന്ദ്രന് ഉണ്ണിത്താനെ സിപിഎം അക്രമികളാണ് കല്ലെറിഞ്ഞ് കൊന്നത്. തലയോട് പൊട്ടി രക്തം വാര്‍ന്നൊലിച്ചാണ് ചന്ദ്രന് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും മുന്‍പ് ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇത് അക്രമികളെ രക്ഷിക്കാന്‍ പോലീസിന് നല്കിയ വ്യക്തമായ നിര്‍ദ്ദേശമാണ്. കല്ലേറ് പന്തളത്ത് മാത്രം ഒതുക്കിയില്ല. ഇന്നലെ എല്ലാസ്ഥലത്തും വ്യാപകമായ അക്രമമാണ് നടന്നത്. കല്ലും വടിയും കത്തിയുമേന്തി കൊലവിളിയുമായി സിപിഎം അഴിഞ്ഞാടുകയായിരുന്നു.
പാലക്കാട് ബിജെപി ജില്ലാ ഓഫീസിലേക്ക് നൂറുകണക്കിന് അക്രമികളെ നയിച്ചെത്തിയത് ഇടതുപക്ഷത്തിന്റെ ജില്ലാനേതാക്കളാണ്. ബിജെപി ഓഫീസിലേക്ക് കല്ലെറിഞ്ഞ് ആര്‍ത്തട്ടഹസിച്ച അക്രമികള്‍ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്ക്കുന്ന പോലീസിനെയാണ് കാണാനായത്. സിപിഎമ്മിന്റെ പോഷകസംഘടന പോലെ ഒരു വിഭാഗം പോലീസിനെ മാറ്റിക്കഴിഞ്ഞു. ശബരിമല ഭക്തരെയും ബിജെപി പ്രവര്‍ത്തകരെയും നേരിടാന്‍ നിയോഗിച്ചത് ഈ വിഭാഗത്തെയാണ്. ശബരിമല കര്‍മസമിതിയുടെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുന്ന പോലീസ് സിപിഎം അക്രമികളോട് സൗഹാര്‍ദപരമായ നിലപാട് സ്വീകരിക്കുന്നു. അക്രമങ്ങള്‍ കണ്ടാലും നടപടിയില്ല. വിവിധ ജില്ലകളില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ വെട്ടേറ്റിരിക്കുന്നു. കോഴിക്കോട് ചേവായൂരിലും തൃശൂര്‍ വാടാനപ്പള്ളിയിലുമാണ് പ്രവര്‍ത്തകരെ കുത്തിയത്.
സുപ്രീംകോടതിയുടെ അന്തിമവിധി വരുംവരെ ശബരിമല പ്രശ്നത്തിലുള്ള സമരം നിര്‍ത്തണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ കാത്തിരിക്കാന്‍ ശബരിമല ആചാരലംഘനം നടത്തില്ലെന്ന് തുറന്നുപറയാന്‍ കഴിയാത്ത നേതാവിന്റെ ഉപദേശം ബാലിശമാണ്. ഏതായാലും സിപിഎമ്മും കേരള സര്‍ക്കാരും കൈവിട്ടകളിയാണ് നടത്തുന്നത്. ഭക്തരെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാനും ജനാധിപത്യപരമായി സമരം ചെയ്യുന്നവരെ പാര്‍ട്ടിക്കാരെയും പോലീസിനെയും കൊണ്ട് കല്ലെറിയിപ്പ് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ശിലായുഗത്തിലേക്കാണോ കേരളത്തെ നയിക്കുന്നത്? ഭക്തജനങ്ങളുടെ വികാരഭരിതരാക്കിയത് മുഖ്യമന്ത്രിയും ഡിജിപിയുമാണ്. തീക്കൊള്ളികൊണ്ട് തലചൊറിയുന്ന ഭരണനീക്കത്തിനെതിരായ ജനവികാരമാണ് ഹര്‍ത്താലിലൂടെ പ്രകടിപ്പിച്ചത്. കടകള്തുറക്കുമെന്നും ഹര്‍ത്താലുമായി സഹകരിക്കരുതെന്ന വ്യാപാരി വ്യവസായി ആഹ്വാനം ജനങ്ങള്‍ തള്ളിയതും സര്‍ക്കാരിന് നല്കിയ താക്കീതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: