ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമാണ് ശബരിമല. കോടിക്കണക്കിന് ഭക്തര്‍ വ്രതമെടുത്ത് ത്യാഗം സഹിച്ചാണ് ശബരിമലയിലെത്തി അയ്യപ്പസ്വാമിയെ തൊഴുത് വണങ്ങി സായൂജ്യമടയുന്നത്. ശബരിമലയിലെ ഈ കാനനക്ഷേത്രത്തെ തകര്‍ക്കാന്‍ പല കാലത്തും ശ്രമം നടന്നിട്ടുണ്ട്. ഒരുതവണ തീവച്ച് നശിപ്പിച്ചു. എന്നിട്ടും മങ്ങലേല്ക്കാതെ ശബരിമല ഉയര്‍ത്തെഴുന്നേറ്റു. നാള്‍ക്കുനാള്‍ ശബരിമലയിലേക്കുള്ള തീര്‍ത്ഥാടക പ്രവാഹം ശക്തിപ്രാപിച്ചതാണ് ചരിത്രം.
ഇതിനിടയില്‍ ഉത്സവകാലത്തിന് നടതുറന്നാല്‍ അസമയത്ത് നടയടച്ച് ശുദ്ധിക്രിയകള്‍ നടത്തേണ്ടിവന്നിട്ടില്ല. എന്നാല്‍ ഇന്നലെ പകല്‍ 10.30ന് നടയടച്ച് ക്രിയകള്‍ പൂര്‍ത്തിയാക്കി ഒരുമണിക്കൂറിനുശേഷമാണ് തീര്‍ത്ഥാടനം തുടര്‍ന്നത്. ശബരിമലയില്‍ ആചാരലംഘനമാണ് ഇതിനുവഴിവച്ചത്. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനുള്ള നിയന്ത്രണമാണ് യുവതികളെ പ്രവേശിപ്പിച്ച് സര്‍ക്കാര്‍ ലംഘിച്ചത്. കോടിക്കണക്കായ ഭക്തരുടെ നെഞ്ചില്‍ കത്തിയിറക്കുന്നതായിരുന്നു സര്‍ക്കാരിന്റെ നടപടി. ആഭ്യന്തരവകുപ്പ് കൂടി ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ദുര്‍വാശിയും ധിക്കാരവുമാണ് യുവതീപ്രവേശനത്തിലേക്കെത്തിയത്.
ആചാരം ലംഘിക്കാനുള്ളതാണെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്റെ നിരീശ്വര കുതന്ത്രം നടപ്പാക്കാന്‍ ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരെ ചട്ടംകെട്ടുകയായിരുന്നു. പോലീസ് സഹായത്തോടെ ശബരിമലയില്‍ യുവതികളെ എഴുന്നള്ളിച്ച് ആചാരലംഘനം നടത്താനുള്ള ശ്രമം ഭക്തര്‍ പലകുറി തടഞ്ഞതാണ്. സായുധ പോലീസുകാരുടെ അകമ്പടി നല്‍കിയിട്ടും മലയില്‍ കയറാന്‍ അവിശ്വാസികളായവര്‍ക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞമാസം മലകയറാന്‍ വന്ന് എതിര്‍പ്പുമൂലം മടങ്ങേണ്ടിവന്ന മാവോയിസ്റ്റുകളായ യുവതികളെയാണ് ഇന്നലെ പുലര്‍ച്ചെ വേഷപ്രഛന്നരാക്കി മലയില്‍ കയറ്റി സര്‍ക്കാര്‍ ആഹ്ലാദിക്കുന്നത്.
കുടിവെള്ളത്തില്‍ കാഷ്ടിച്ച് ആവേശം പ്രകടിപ്പിക്കുന്നതിന് സമാനമാണിത്. ശബരിമല ഭക്തരുടെ വികാരമാണ്. അതിനെ അളക്കാന്‍ സര്‍ക്കാരിനായില്ല. നെയ്യാറ്റിന്‍കരയില്‍നിന്നും കാല്‍നടയായി ശബരിമലയിലേക്ക് പോയ ഭക്തര്‍ എരുമേലിയില്‍ തീര്‍ത്ഥാടനം നില്‍ത്തി തിരിച്ചുപോയത് വികാരത്തിന്റെ തെളിവാണ്. ശബരിമലയില്‍ ആചാരലംഘനം നടന്നതറിഞ്ഞാണ് മാല ഊരി ഇരുമുടിക്കെട്ട് ഉപേക്ഷിച്ച് ഭക്തര്‍ മടങ്ങിയത്. 200 കിലോമീറ്റര്‍ സഞ്ചരിച്ച് എത്തിയ ബാബു, സുനില്‍, സുഭാഷ്, അനില്‍ എന്നീ തീര്‍ഥാടകരാണ് എരുമേലി ക്ഷേത്രത്തില്‍ യാത്ര അവസാനിപ്പിച്ചത്. യുവതികളുടെ പ്രവേശനം ശബരിമല ക്ഷേത്രത്തിന്റെ പരിപാവനതയെ ബാധിച്ചെന്ന കാരണത്താലാണു ഇവരുടെ മടക്കം. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയും കോഴിക്കോട് സ്വദേശി ബിന്ദുവും ശബരിമലയില്‍ കയറിയശേഷം പോലീസ് വണ്ടിയിലാണ് മടങ്ങിയത്. പൊലീസ് സുരക്ഷയില്‍ നടതുറന്നതിനു പിന്നാലെയായിരുന്നു മലയകറ്റം. യുവതീപ്രവേശം സ്ഥിരീകരിച്ചതിനു പിന്നാലെ ശബരിമല നടയടച്ചത് ശുദ്ധിക്രിയ നടത്തിയിരുന്നു.
ശബരിമലയില്‍ ആചാരത്തിനാണ് പ്രാമുഖ്യം. പ്രത്യേക ആചാരം നിലനില്ക്കുന്നില്ലെങ്കില് മറ്റ് എവിടെയുമുള്ള അയ്യപ്പക്ഷേത്രത്തിന് സമമാണ് ശബരിമലയും. ആചാരത്തെ ലംഘിക്കുക എന്നാല്‍ തീര്‍ത്ഥാടനത്തെ ഇല്ലാതാക്കുക എന്നതുതന്നെയാണ്. അതിനായി യുവതികളെ ഒരാഴ്ചയിലധികം ഒളിവില്‍ താമസിപ്പിച്ച് ആംബുലന്‍സില്‍ സന്നിധാനത്ത് വളഞ്ഞവഴിയിലൂടെയാണ് എത്തിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ ഇത് വഞ്ചനയാണ്. ആ വഞ്ചനയ്ക്കെതിരെ സ്വാഭാവിക പ്രതികരണം ഇന്നലെ സംസ്ഥാനത്തുടനീളമുണ്ടായി. ആരും ആഹ്വാനം ചെയ്യാതെ പ്രകടനങ്ങളും നാമജപവുമെല്ലം നടന്നു. അതിനെയെല്ലാം അടിച്ചൊതുക്കാനാണ് പോലീസ് ശ്രമിച്ചത്. ഇത് എല്ലാ ജില്ലകളിലും സംഘര്ഷാവസ്ഥയാണുണ്ടാക്കിയത്. ബിജെപി സെക്രട്ടേറിയറ്റ് നടയില്‍ തുടരുന്ന നിരാഹാര സമരപ്പന്തലില്‍ പോലീസ് അതിക്രമം കാട്ടി. ഗ്രനേഡ് എറിഞ്ഞു. പോലീസിനൊപ്പം സിപിഎമ്മുകാരും കല്ലേറ് നടത്തി. സര്‍ക്കാരിന്റെയും പോലീസിന്റെയും സമീപനമിതാണെങ്കില് മന്ത്രിമാര്‍ക്ക് ഇനി ഉറക്കമില്ലാത്ത രാവുകളായിരിക്കുമെന്നുറപ്പാണ്. ഭക്തജനങ്ങള്‍ ഒന്നടങ്കം ഈ കാടത്തത്തിനെതിരെ മുന്നിട്ടിറങ്ങുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: