യാത്രക്കാരെ വെള്ളം കുടിപ്പിക്കാറുള്ള കെഎസ്ആര്‍ടിസി കഴിഞ്ഞ ദിവസം ജീവനക്കാരെ കണ്ണീരുകുടിപ്പിച്ചു. ഒരു ഭാഗം ജീവനക്കാര്‍ക്ക് അതു വേദനയുടെ കണ്ണീരായിരുന്നു. വേറൊരു വിഭാഗത്തിന് സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും ആനന്ദാശ്രുവും. രണ്ടു കൂട്ടര്‍ക്കും ജീവല്‍ പ്രശ്നവുമായിരുന്നു അത്. പിരിച്ചുവിടപ്പെട്ട താത്ക്കാലിക ജീവനക്കാര്‍ വിതുമ്പിയപ്പോള്‍ പിഎസ്സി പരീക്ഷജയിച്ച് യോഗ്യതാ ലിസ്റ്റില്‍ കയറി നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ആശ്വാസത്തോടെ നേടുവീര്‍പ്പിട്ടു.
സമയത്തു നടപടികള്‍ എടുക്കുന്നതില്‍ ഭരണ സംവിധാനം വരുത്തുന്ന വീഴ്ചകള്‍ പൊതുജനത്തെ എത്രമാത്രം ആഴത്തില്‍ ബാധിക്കും എന്നതിനു വ്യക്തമായ ഉദാഹരണമായിരുന്നു ഇത്. കെഎസ്ആര്‍ടിസി മാനേജ്മെന്‍ും മാറിമാറി ഭരിച്ച സര്‍ക്കാരുകളും ഇതിന് ഉത്തരവാദികളാണ്. ഹൈക്കോടതിയുടെ തുടര്‍ച്ചയായ ഇടപെടലിനെത്തുടര്‍ന്നുണ്ടായ ഈ നടപടി സര്‍ക്കാരിന്റെ തുടര്‍ച്ചയായ അനാസ്ഥയിലേയ്ക്കു വിരല്‍ചൂണ്ടുകയും ചെയ്യുന്നു.
3861 താത്ക്കാലിക കണ്ഡക്ടര്മാരെയാണു, ഹൈക്കോടതി നിര്‍ദേശപ്രകാരം, കെഎസ്ആര്‍ടിസി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. പൊടുന്നനെ തൊഴിലും വരുമാനവും നിലച്ചവരുടെ മനോവേദന സ്വാഭാവികം തന്നെ. തങ്ങളെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ വേദനയും അവര്‍തന്നെ ഏറ്റെടുക്കേണ്ടിവരും. കാര്യങ്ങള്‍ ആ നിലവരെ കൊണ്ടുചെന്ന് എത്തിക്കുന്നത് ഒഴിവാക്കേണ്ടതായിരുന്നു. താത്ക്കാലിക നിയമനത്തിന്റെ കാലാവധി നീട്ടിക്കൊണ്ടുപോയതോടെ മറ്റൊരു തൊഴിലിനേക്കുറിച്ചു ചിന്തിക്കാതെ ജീവിതം കെട്ടിപ്പടുക്കാന്‍ തുടങ്ങിയവരാണു പലരും.
ഒരിക്കല്‍ വഴിമാറിക്കൊടുക്കേണ്ടിവരുമെന്ന കാര്യം ഓര്മയിലിരിക്കുമ്പോഴും അവര്‍ക്കു ജീവിതത്തിനുള്ള താങ്ങ് ഈ തൊഴിലില്‍ നിന്നുള്ള പ്രതിഫലം മാത്രമായിരുന്നല്ലോ. ആശകൊടുത്തതു സര്‍ക്കാരും കെഎസ്ആര്ടിസിയുമാണെന്നു ചുരുക്കം. വേദനകള്‍ ഉള്‍ക്കൊള്ളുമ്പോഴും നടപടിക്രമങ്ങള്‍ പാലിക്കാനുള്ള ബാധ്യത നിറവേറ്റിയല്ലേ പറ്റൂ? പൊതുജനങ്ങളെ കബളിപ്പിക്കാന്‍ നോക്കുകയാണോ എന്ന കോടതിയുടെ ചോദ്യത്തിന് ഇത്തരുണത്തില്‍ ഏറെ പ്രാധാന്യമുണ്ട്.
പൊടുന്നനെ ഇത്രയേറെപ്പേര്‍ പുറത്താവുന്നതു കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം താളംതെറ്റിക്കുമെന്നു മാനേജ്മെന്റു പറയുന്നുണ്ട്. അതു പക്ഷേ, മുഖവിലയ്ക്ക് എടുക്കാനാവില്ല. സ്ഥിരനിയമനത്തിനുള്ള പട്ടിക തയ്യാറായിരിക്കെ ഘട്ടംഘട്ടമായി താത്ക്കാലികക്കാരില് നിന്നു അവരിലേയ്ക്കു മാറിയിരുന്നെങ്കില്‍ ഈ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു. വൈകാരികത്തിനപ്പുറം വൈചാരികമായി ചിന്തിക്കാനും നടപടിയെടുക്കാനും ഒരു സര്‍ക്കാരും തയ്യാറായില്ല എന്നതാണു സത്യം. നിയമന ശുപാര്‍ശ കിട്ടി കാത്തിരിക്കുന്നവരുടെ മാനസികാവസ്ഥയും മാനേജ്മെന്റു പരിഗണിക്കേണ്ടിയിരുന്നതല്ലേ?
ഭരണപരമായ പാളിച്ചകള്‍ക്കു പേരുകേട്ട കെഎസ്ആര്‍ടിസിയുടെ മറ്റൊരു നടപടിപ്പിഴവായേ ഈ പ്രശ്നത്തേ കാണാനൊക്കൂ. നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേയ്ക്കു കൂപ്പുകുത്തുമ്പോഴും ഭാവി പ്രവര്‍ത്തന പരിപാടിയേക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടോ ഭാവനാപൂര്‍ണമായ പദ്ധതികളോ ഇല്ലാതെ ഒരേ ട്രാക്കിലൂടെ സഞ്ചരിക്കുന്ന ശൈലി ഒരു സര്‍ക്കാര്‍ പ്രസ്ഥാനത്തിനും ഭൂഷണമല്ല. ആവശ്യത്തിലധികം ജീവനക്കാരെ ഉള്‍ക്കൊള്ളുന്നു എന്ന ആരോപണവും ഉള്ളവര്‍ക്ക് ആത്മാര്‍ഥതയില്ലെന്ന പരാതിയും, മാനേജ്മെന്റിന്റെ ഈ നിസ്സംഗ സമീപനത്തോടു ചേര്‍ത്തു വേണം കാണാന്‍. താത്ക്കാലികമല്ല കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ എന്ന് അര്‍ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: