വനിതകളുടെ സുരക്ഷിതത്വവും അഭിമാനവും സമുഹത്തില്‍ അവര്‍ക്കുള്ള മാന്യതയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് വനിതാമതില്‍ കെട്ടിപ്പൊക്കാന്‍ പോകുന്ന പാര്‍ട്ടി വനിതാസഖാവിന്റെ മാനത്തിന് തരിമ്പും വിലകല്പിക്കുന്നില്ല. നിയമസഭാ സാമാജികനായ പി.കെ. ശശിയുടെ വിളയാട്ടങ്ങളില്‍ അപമാനിതയായ ഡിവൈഎഫ്ഐ നേതാവിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഒരര്‍ഥത്തില്‍ നോക്കിയാല്‍ വനിതാ നേതാവാണ് ശശിയെ പ്രലോഭിപ്പിച്ച് ആശാസ്യമല്ലാത്ത രീതിയിലേക്കു കൊണ്ടുപോയതെന്ന വ്യാഖ്യാനമാണ് പാര്‍ട്ടിയുടേത്. അതുകൊണ്ടാണല്ലോ സിപിഎം കമ്മിഷന് വനിതാ സഖാവിനെ തള്ളി പീഡനകനൊപ്പം നാലുംകൂട്ടി മുറുക്കിത്തുപ്പി രസിക്കാന്‍ സമയം കണ്ടെത്തിയിരിക്കുന്നത്. അപഹാസ്യമായ വിശകലനവും നിരീക്ഷണവും നടത്തി പി.കെ. ശശിയെന്ന മദയാനയെ സൈ്വരവിഹാരത്തിന് വിടാനാണ് പാര്‍ട്ടി തയാറെടുത്തിരിക്കുന്നത്.
വൈരുദ്ധ്യാത്മിക ഭൗതികവാദത്തിന്റെ അതിരിടങ്ങളിലൊക്കെ ഇത്തരം പാര്‍ട്ടി നിലപാടുകളും വ്യാഖ്യാനങ്ങളും സമൃദ്ധമായി കാണാനാവുന്നതുകൊണ്ട് ശശിവിവാദം പുത്തരിയല്ല. എന്നാല്‍ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങളുള്ള ഒരു വനിതാ സഖാവിന്റെ കണ്ണീരിന് തരിമ്പും വിലകല്‍പ്പിക്കാതെ അവരെ അപമാനിക്കാന്‍ തയ്യാറാവുമ്പോള്‍ ഏത് വനിതയ്ക്കാണ് അര്‍ഹമായ നീതി ഇവര്‍ വാങ്ങിക്കൊടുക്കുക? ഇത്തരം രഹസ്യ അജണ്ടയും മുന്‍വിധി നിലപാടുകളുമായി നടക്കുന്ന പാര്‍ട്ടിക്ക് എങ്ങനെയാണ് നാട്ടിലെ മുഴുവന്‍ വനിതകളുടെയും അവകാശാഭിമാനങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുക? ഒരു സമൂഹത്തിന്റെ ആചാരവിശ്വാസങ്ങളെ തകര്‍ക്കാനായി വനിതകളെ ചാവേറാക്കാന്‍ മാത്രം ഉത്സാഹം കാണിക്കുന്ന ഈ പാര്‍ട്ടി വാസ്തവത്തില്‍ സമൂഹത്തിനു മുമ്പില്‍ നഗ്നരാക്കപ്പെട്ടിരിക്കുകയല്ലേ?
വനിതാമതിലിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. നേരത്തെ മതിലിനായി നാക്കും നോക്കും മാറ്റി വെച്ചിരുന്ന സാറാ ജോസഫടക്കം ശശിനിലപാടില് പ്രതിഷേധിച്ച് മതിലിനില്ലെന്ന് പ്രസ്താവിച്ചിട്ടുണ്ട്. തങ്ങളുടെ സംരക്ഷണമാണ് മറ്റെന്തിനേക്കാളും പ്രധാനം എന്നു പറയുന്ന സിപിഎമ്മിന് വനിതാ സംരക്ഷണമോ അവരുടെ അവകാശങ്ങളോ പ്രശ്നമല്ല. തങ്ങളുടെ രാഷ്ട്രീയ അജണ്ടയുടെ കരുക്കളാക്കി വനിതകളെ ആട്ടിത്തെളിക്കാനുള്ള ഒരു ഉപാധി മാത്രമാണ് വനിതാമതില്‍. വിദ്വേഷത്തിന്റെയും അധാര്‍മികതയുടെയും അസ്വാരസ്യത്തിന്റെയും മതിലുകള്‍ തകര്‍ത്താലേ മനുഷ്യരാശി അതിന്റെ തനിമയിലേക്ക് തിരിച്ചുപോകൂ എന്നാണ് എക്കാലത്തെയും നവോത്ഥാന നായകരും നേതാക്കളും വ്യക്തമാക്കിയിട്ടുള്ളത്.
എന്നാല്‍ വനിതകളെ പാര്‍ട്ടിക്ക് തോന്നുന്ന തരത്തില്‍ കൈകാര്യം ചെയ്യാനായി സമൂഹത്തില്‍ മതില് നിര്‍മിക്കാനാണ് അവര്‍ നോക്കുന്നത്. അങ്ങനെ മതില് കെട്ടിയാലേ പാര്‍ട്ടികളിലും പാര്‍ട്ടി സ്വാധീന കേന്ദ്രങ്ങളിലും നടക്കുന്ന ആശാസ്യമല്ലാത്ത സംഭവവികാസങ്ങള്‍ പുറത്തറിയാതിരിക്കൂ. ശശി എംഎല്‍എ അടക്കമുള്ള സ്വാര്‍ഥംഭരികളായ നീചസ്വഭാവക്കാരെ മറ്റുള്ളവരില്‍ നിന്ന് രക്ഷിക്കാന്‍ പടുത്തുയര്‍ത്തുന്ന മതിലില്‍ വനിതാ സഖാക്കള്‍ ഉള്‍പ്പെടെയുള്ള എത്രയെത്ര പേരുടെ കണ്ണീര് വീണ് നനഞ്ഞിട്ടുണ്ടാകുമെന്ന് പുതുവര്ഷത്തിലറിയാം. കണ്ണീരിന്റെ ഉപ്പിനെക്കാള്‍ ചോരയുടെ ഉപ്പുരുചിച്ച് മദോന്മത്തരായവരുടെ കൈയിലെ ഉപകരണമായിത്തീരാനാണ് വനിതകള്‍ക്കും ദുര്‍ബലര്‍ക്കും നിസ്സഹായകര്‍ക്കും വിധിയെങ്കില്‍ അത് തകര്‍ത്തെറിയാന്‍ മാനുഷികമൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ജനാധിപത്യവിശ്വാസികള്‍ തയാറാവണം. സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതിയുടെ ഹൃദയവേദനയാകട്ടെ അവര്‍ക്ക് അതിനുള്ള പ്രചോദനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: