റഫാല്‍ യുദ്ധവിമാന കരാറിനെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയത് ്രപതിപക്ഷ പാര്‍ട്ടികളുടെ മുഖം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പുവച്ച കരാറില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അഴിമതി കാണിച്ചുവെന്ന് ആരോപിക്കുന്ന ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്.
ഡാസോള്‍ട്ട് കമ്പനിയില്‍നിന്ന് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനത്തില്‍ യാതൊരു ക്രമക്കേടും തങ്ങള്‍ക്ക് കണ്ടെത്താനായില്ലെന്ന് വിധിയില്‍ കോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്. യുദ്ധവിമാനത്തിന്റെ ആവശ്യകതയിലും ഗുണമേന്മയിലും സംശയമില്ലെന്നിരിക്കെ, വില നിശ്ചയിക്കല്‍ പരമോന്നത കോടതിയുടെ പണിയല്ലെന്നും ബെഞ്ച് പറഞ്ഞിരിക്കുന്നു. വിധി ‘ദൗര്‍ഭാഗ്യകരം’ എന്നു പറഞ്ഞ് ഒാടിയൊളിച്ചിരിക്കുന്ന ഹര്‍ജിക്കാരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും.
റഫാല്‍ ഇടപാടില്‍ അഴിമതിയാരോപണം ഉന്നയിച്ചവരെ നിലംപരിശാക്കുന്ന നിരീക്ഷണങ്ങളാണ് കോടതിവിധിയിലുള്ളത്. ഹര്‍ജിക്കാരുടെ ഒരാവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല. തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ ഒരു ഘട്ടത്തിലും സംശയിക്കാവുന്ന ഒന്നുമില്ല. നാലാം തലമുറയിലെയും അഞ്ചാം തലമുറയിലെയും യുദ്ധവിമാനങ്ങള്‍ സായുധസേനയില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമുണ്ട്. ഇതില്ലാതെ രാജ്യത്തിന് നിലനില്ക്കാനാവില്ല.
യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിലും വില നിശ്ചയിക്കുന്നതിലും പങ്കാളിയെ കണ്ടെത്തുന്നതിലും ഇടപെടേണ്ടതായി യാതൊന്നും കാണുന്നില്ല. ആരോടെങ്കിലും വാണിജ്യ പക്ഷപാതം പുലര്‍ത്തിയതായി കാണിക്കാവുന്ന ഒരു കാര്യവുമില്ല. വിമാനനിര്‍മാതാക്കളായ ഡാസോള്‍ട്ട് ഏവിയേഷന്‍ ഇന്ത്യന്‍ പങ്കാളിയെ തെരഞ്ഞെടുത്തതില്‍ ഒരു പിഴവും ഉണ്ടായിട്ടില്ല. 36ന് പകരം 126 വിമാനങ്ങള്‍ വാങ്ങണമെന്ന് കോടതിക്ക് സര്‍ക്കാരിനെ നിര്‍ബന്ധിക്കാനാവില്ല.
2016-ല്‍ കരാറിന് അന്തിമരൂപം നല്കിയപ്പോള് ആരും അത് ചോദ്യം ചെയ്തിരുന്നില്ലെന്ന് പറഞ്ഞ സുപ്രീംകോടതി, ആളുകളുടെ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ കരാറിന്റെ കാര്യത്തില്‍ പ്രസക്തമല്ലെന്നും വ്യക്തമാക്കിയിരിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന് ക്ലീന്‍ചിറ്റാണ് കോടതി നല്‍കിയിരിക്കുന്നത്. ഇതോടെ റഫാല്‍ കരാറിനെ മുന്‍നിര്‍ത്തി മോദി സര്‍ക്കാരിനെതിരെ ശുദ്ധനുണകളാണ് കോണ്‍ഗ്രസ്സും അതിന്റെ നേതാവ് രാഹുല്‍ ഗാന്ധിയും പ്രചരിപ്പിച്ചതെന്ന് പകല്‍പോലെ തെളിഞ്ഞിരിക്കുന്നു. ഈ കള്ളങ്ങള്‍ പ്രചരിപ്പിച്ചാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് നേട്ടമുണ്ടാക്കിയത്. അസത്യപ്രചാരണത്തില്‍ കോണ്‍ഗ്രസ്സിനൊപ്പം മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും ചേര്‍ന്നു. സുപ്രീംകോടതി വിധിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗ്നിശുദ്ധി തെളിയിച്ചിരിക്കുകയാണ്. പ്രതിപക്ഷത്തിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, ആര്‍ജവമുണ്ടെങ്കില്‍ ജനങ്ങളോട് മാപ്പുപറയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: