പ്രളയത്തിന്റെ പേരില്‍, കോടതി ഉത്തരവ് മറികടന്നുപോലും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചുവാങ്ങാന്‍ ശ്രമിച്ച ഇടതുമുന്നണി സര്‍ക്കാര്‍ വനിതകളെ പങ്കെടുപ്പിച്ച് ജനുവരി ഒന്നിന് നടത്താനിരിക്കുന്ന ജാതി മതിലിനായും അധികാരദുര്‍വിനിയോഗത്തിന് ഇറങ്ങുന്നു. സര്‍വീസ് സംഘടനകള്‍വഴി സമ്മര്‍ദ്ദം ചെലുത്തി വനിതാ ജീവനക്കാരെ രംഗത്തിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളുമായി ചീഫ് സെക്രട്ടറി തന്നെ ഉത്തരവിറക്കിയിരിക്കുന്നു. ആശ-അങ്കണവാടി വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, തദ്ദേശസ്ഥാപനങ്ങളിലെ വനിതാ പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, സഹകരണ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും വനിതകള്‍ എന്നിവരെ പങ്കെടുപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. വനിതാ മതിലിന്റെ പ്രചാരണത്തിനും ആളെയെത്തിക്കുന്നതിനുമുള്ള തുക അനുവദിക്കാന്‍ ധനവകുപ്പിനോട് ചീഫ് സെക്രട്ടറി തന്നെ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി ശമ്പളം കവര്‍ന്ന രീതിയുടെ ആവര്‍ത്തനമായേ ഇതിനെ കാണാനാവൂ.
സുപ്രീംകോടതിയുടെ മറവില്‍ ശബരിമലയില്‍ സ്ത്രീകളെ എത്തിക്കാന്‍ ശ്രമിക്കുകയും, അഭൂതപൂര്‍വമായ ഭക്തജന പ്രതിഷേധത്തെത്തുടര്‍ന്ന് അത് നടപ്പാകാതെ വരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജാള്യത മറയ്ക്കാന്‍ വനിതാ മതില് നിര്‍മാണവുമായി സിപിഎമ്മും സര്‍ക്കാരും ഇറങ്ങിയിരിക്കുന്നത്. ശബരിമല ദര്‍ശനത്തിന് പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടും ഭക്തരായ ഒരൊറ്റ വനിതയും സ്വമേധയാ ദര്‍ശനത്തിന് എത്തുകയുണ്ടായില്ല. ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് എല്ലാവിധ സുരക്ഷയുമൊരുക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും ഇതായിരുന്നു അവസ്ഥ. ലിംഗസമത്വമല്ല, ആചാരലംഘനവും ശബരിമലയെ അപകീര്‍ത്തിപ്പെടുത്തലുമാണ് സര്‍ക്കാര്‍ അജണ്ടയെന്ന് കേരളത്തിലെ സ്ത്രീ സമൂഹം തിരിച്ചറിഞ്ഞു. ഈ തിരിച്ചടിക്ക് മറയിടാനാണ് ചില സമുദായ സംഘടനകളെ കൂട്ടുപിടിച്ച് വനിതാമതില്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തിലെന്നപോലെ വനിതാ മതില് നിര്‍മിക്കാനും സമൂഹം സ്വമേധയാ മുന്നോട്ടുവരില്ലെന്ന് സിപിഎമ്മിന് നന്നായറിയാം. ഇതാണ് സര്‍ക്കാരിന്റെ ചെലവില്‍, സര്‍വീസ് സംഘടനകള്‍ വഴി സ്ത്രീകളെ നിര്‍ബന്ധിച്ച് രംഗത്തിറക്കാന്‍ നോക്കുന്നത്. സിപിഎം എല്ലാക്കാലത്തും ഇങ്ങനെയാണ്. അധികാരത്തിന്റെ ബലത്തിലും പണമൊഴുക്കിയും ആളെക്കൂട്ടുക, എന്നിട്ട് അത് പ്രത്യയശാസ്ത്ര വിജയമായി ചിത്രീകരിക്കുക. മുന്‍കാലത്തെ മനുഷ്യച്ചങ്ങലയും മനുഷ്യമതിലും ഇതിനുദാഹരണം. സ്വന്തം പാര്‍ട്ടിയില്‍പ്പോലും സ്ത്രീകള്‍ക്ക് ശരിയായ പ്രാതിനിധ്യം നല്‍കാതിരിക്കുകയും, സ്ത്രീപീഡകരെ സംരക്ഷിക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജിക്കുകയും ചെയ്തിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. ഇതൊക്കെ ഇന്ന് കേരളത്തിലെ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കുപോലും അറിയാം. നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് പാര്‍ട്ടിയുടെയും ഭരണത്തിന്റെയും സ്വാധീനത്തില്‍ നിര്‍ബന്ധിച്ചും ഭയപ്പെടുത്തിയും സ്ത്രീകളെ അണിനിരത്തിയാല്‍ അതൊന്നും നവോത്ഥാനത്തിന്റെ ഭാഗമാവില്ലെന്ന് പൊതുസമൂഹത്തിനറിയാം. ഇതിലും വലിയ വേലത്തരങ്ങള്‍ പശ്ചിമബംഗാളിലും ത്രിപുരയിലുമൊക്കെ കാണിച്ചിട്ടുണ്ടല്ലോ. അവിടെ പിന്നീട് എന്തു സംഭവിച്ചുവെന്ന് വനിതാമതില്‍ നിര്‍മിക്കുന്നവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: