പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചെന്ന കുറ്റംചുമത്തി അറസ്റ്റു ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനടക്കം 72 പേര്‍ക്ക് ഉപാധികളോടെ പത്തനംതിട്ട മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചു. രണ്ട് മാസം ശബരിമലയുള്‍പ്പെടുന്ന റാന്നി താലൂക്കില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് ഉപാധി.
ഓരോരുത്തരും രണ്ട് ആള് ജാമ്യത്തില്‍ 20000 രൂപ വീതം കെട്ടിവയ്ക്കണം. കെ. സുരേന്ദ്രന് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന് എതിര്‍ത്തു. എട്ട് കേസുകളില്‍ പ്രതിയായ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്നും സന്നിധാനത്ത് പ്രവേശിപ്പിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്നും പ്രോസിക്യൂഷന് വാദിച്ചു. ശബരിമലയില്‍ പ്രതിഷേധിക്കാന്‍ പരമാവധി പ്രവര്‍ത്തകരെ അയക്കണമെന്ന ബി.ജെ.പിയുടെ സര്‍ക്കുലര്‍ പൊലീസ് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി. അറസ്റ്റിലായവരുടെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ 353-ാം വകുപ്പനുസരിച്ച് സന്നിധാനത്ത് നിന്ന് അറസ്റ്റ് ചെയ്തവര്‍ കുറ്റക്കാരല്ലെന്നും പോലീസിന്റെ കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തിയിട്ടില്ലെന്നും ശരണം വിളിക്കുന്നത് കുറ്റകൃത്യമല്ലെന്നും തീര്‍ത്ഥാടകരുടെ അഭിഭാഷകന് വാദിച്ചു. സുരേന്ദ്രന് എതിരെയുള്ളത് നിസ്സാര കേസുകളാണെന്നും അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനാണ് സുരേന്ദ്രനെന്നും കോടതി പറയുന്ന ഉപാധികള്‍ അംഗീകരിക്കുമെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ ധരിപ്പിച്ചു.
ചിത്തിര ആട്ടവിശേഷ സമയത്ത് നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് സന്നിധാനത്ത് നിന്ന് അറസ്റ്റിലായ ഒന്നാം പ്രതി രാജേഷടക്കമുള്ളവര്ക്കെതിരെ കേസുണ്ടെന്ന് ചൂണ്ടിക്കാണിച്ചെങ്കിലും എഫ്ഐആറോ മറ്റ് രേഖകളോ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. എസ്.പി ഓഫീസ് മാര്‍ച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സുരേന്ദ്രനെതിരെ കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയുടെ വാറണ്ടുള്ളതിനാല്‍ ഈ കേസില്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയില്‍ മോചിതനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: