സന്നിധാനം: അയ്യപ്പഭക്തരുടെ സഹിഷ്ണുതയുടെ അതിര്‍വരമ്പും ലംഘിച്ച് സന്നിധാനത്ത് ശരണം വിളിക്കരുതെന്ന് പിണറായി സര്‍ക്കാരിന്റെ ഉത്തരവ്. ശരണം വിളിക്കുകയോ സംഘം ചേര്‍ന്ന് പ്രാര്‍ഥിക്കുകയോ ചെയ്താല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്തര്‍ക്ക് പോലീസ് നോട്ടീസ് നല്കി. നിലയ്ക്കലില്‍ നിന്ന് ആറ് മണിക്കൂറിനുള്ളില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങണമെന്നും നോട്ടീസ്.
ഒരുമിച്ച് വന്നുവെന്നും സമയപരിധി ലംഘിച്ചെന്നും ആരോപിച്ച് 11 ഭക്തരെ പോലീസ് പിടികൂടി. നടപ്പന്തല്‍ ഭക്തര്‍ക്ക് തുറന്നുകൊടുക്കണമെന്നും ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തരുതെന്നുമുള്ള ഹൈക്കോടതി നിര്‍ദേശത്തിന് പുല്ലുവില കല്‍പ്പിക്കാതെ മണിക്കൂറുകള്‍ക്കുള്ളിലാണ് പോലീസിന്റെ നടപടി. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി എംപിമാരായ വി.മുരളീധരനും നളിന്‍കുമാര്‍ കട്ടീലും സന്നിധാനം പോലീസ് സ്റ്റേഷന് ഉപരോധിച്ചു.
ഇന്നലെ രാവിലെ മുതല്‍ നിലയ്ക്കലിലെത്തിയ ഭക്തര്‍ക്കാണ് ശരണംവിളിയും കൂട്ട പ്രാര്‍ഥനയും വിലക്കിയുള്ള നിര്‍ദേശം ഉത്തരവിന്റെ മാതൃകയില്‍ നോട്ടീസായി പോലീസ് നല്‍കിയത്. അതീവസുരക്ഷാ മേഖലയായ ശബരിമലയില്‍ പ്രാര്‍ഥനായജ്ഞം നടത്തരുത്. വൃദ്ധരും കുട്ടികളും അടങ്ങുന്ന സംഘത്തിനുപോലും നിലയ്ക്കലില്‍ നിന്ന് സന്നിധാനത്ത് എത്തി മടങ്ങാന്‍ ആറ് മണിക്കൂര്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. ആറുമണിക്കൂറിനുള്ളില്‍ ദര്‍ശനവും നെയ്യഭിഷേകവും കഴിഞ്ഞ് നിലയ്ക്കലില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നിയമ നടപടിക്ക് വിധേയമാകുമെന്ന ഭീഷണിയും നോട്ടീസിലുണ്ട്.
ഭക്തര്‍ ഒരുമിച്ച് ഇരിക്കുന്നതും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളോട് സംസാരിക്കുന്നതും വിലക്കിയിട്ടുണ്ട്. ഏതെങ്കിലും ഒരു വിലക്ക് ലംഘിച്ചാലും നിയമനടപടിക്ക് വിധേയരാകുമെന്നും നോട്ടീസില്‍ പറയുന്നു.
ക്രൂരമായ
പരിശോധന
ഭക്തരെ ശത്രുക്കളായി കണ്ടുള്ള പരിശോധനയാണ് നിലയ്ക്കലും പമ്പയിലും സന്നിധാനത്തും നടക്കുന്നത്. ശക്തികുളങ്ങരയില്‍ നിന്ന് എത്തിയ 25 പേരടങ്ങുന്ന സംഘത്തിന്റെ വാഹനം വെളുപ്പിന് മൂന്നിന് നിലയ്ക്കലിന് മുമ്പ് എലവുങ്കലില്‍ തടഞ്ഞു. വാഹനത്തില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു എന്നാരോപിച്ച്, ഉറങ്ങുകയായിരുന്ന അയ്യപ്പഭക്തരുടെ ഇടയിലേക്ക് ചാടിക്കയറി. വാഹനവും ബാഗുകളും പരിശോധിച്ചു. കുറ്റവാളികളെ കൊണ്ടുപോകുന്നപോലെ മുമ്പിലും പിറകിലുമായി പോലീസ് അകമ്പടിയില്‍ നിലയ്ക്കലില്‍ എത്തിച്ചു.
അവിടെ വച്ച് മുഴുവന്‍ ഭക്തരുടെയും വിലാസവും ഫോണ്‍നമ്പരും എഴുതി വാങ്ങി. രണ്ടുപേരുടെ തിരിച്ചറിയല്‍ രേഖകളുടെ കോപ്പിയും നല്‍കേണ്ടിവന്നു. ഓരോരുത്തരുടെയും സ്ഥലങ്ങളിലെ സ്റ്റേഷനില്‍ ഇവരെകുറിച്ച് തിരക്കി. സ്റ്റേഷനുകളില്‍ നിന്ന് റിപ്പോര്‍ട്ട് വന്ന് ബോധ്യപ്പെട്ടതിനുശേഷമാണ് കര്‍ശന നിര്‍ദേശങ്ങളടങ്ങുന്ന നോട്ടീസ് പോലീസ് നല്കിവിട്ടത്. ഇവര്‍ മൂന്നുമണിക്കൂറോളം കസ്റ്റഡിക്ക് സമാനമായ അവസ്ഥയിലായിരുന്നു.
ഒമ്പത് യുവാക്കള്‍ ഒരുമിച്ച് വന്നുവെന്ന് പറഞ്ഞ് ഇന്നലെ ഉച്ചയോടെ സന്നിധാനം പോലീസ് പിടികൂടി. കൊല്ലം പരവൂര്‍, ഓച്ചിറ സ്വദേശികളായ ഇവര്‍ ആറ് മണിക്കൂര്‍ പരിധി ലംഘിച്ചെന്നു പറഞ്ഞ് മൂന്നരമണിക്കൂറോളം കസ്റ്റഡിയില്‍ വച്ചു. നെയ്യഭിഷേകം കഴിയാത്തതിനാലാണ് നിന്നതെന്നു പറഞ്ഞിട്ടും പോലീസ് ചെവിക്കൊണ്ടില്ല. ഇവരുടെ ഫോണുകള്‍ പിടിച്ചെടുത്തു. ഇവരുടെ സ്റ്റേഷനുകളില്‍ ക്രൈം റക്കോര്‍ഡ്സ് പരിശോധിച്ചശേഷമാണ് വൈകിട്ടോടെ വിട്ടയയ്ക്കാന് തയാറായത്. രണ്ടുപേരെ വിട്ടയയ്ക്കാനും നെയ്യഭിഷേകം നടത്താനും പോലീസ് സമ്മതിച്ചില്ല.
ഇതിനെത്തുടര്‍ന്ന് യുവാക്കള്‍ മടങ്ങാന്‍ തയാറാകാതെ വന്നതോടെ പോലീസുകാരെ ഒപ്പം വിട്ടാണ് ഇവരെ പമ്പയില്‍ എത്തിച്ചത്. നടപ്പന്തലില്‍ നാമജപം നടത്തിയ ഭക്തനെയും രണ്ട് ദിവസമായി തങ്ങുന്നുവെന്ന് പറഞ്ഞ് മറ്റൊരു ഭക്തനെയും സന്നിധാനം പോലീസ് കസ്റ്റഡിയിലെടുത്തു.
മുരളീധരന്
ഡിജിപിയുടെ
ഉറപ്പ്
ഭക്തരെ അന്യായമായി കസ്റ്റഡിയില്‍ എടുക്കുന്നതില്‍ പ്രതിഷേധിച്ച് എംപിമാരായ വി. മുരളീധരന്, നളിന്‍കുമാര്‍ കട്ടീല്‍ എന്നിവര്‍ സന്നിധാനം പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കണമെന്നും വി.മുരളീധരന് ഡിജിപി ലോക്നാഥ് ബഹറയോട് ആവശ്യപ്പെട്ടു. ഒമ്പത് പേരെ നെയ്യഭിഷേകം നടത്താന്‍ അനുവദിക്കാതെ തിരിച്ചുവിട്ടത് അന്വേഷിക്കുമെന്നും കസ്റ്റഡിയിലെടുത്ത മറ്റ് രണ്ട് പേരെയും വിട്ടയയ്ക്കുമെന്നും എസ്പി ഫോണില്‍ അറിയിച്ചു. തുടര്‍ന്നാണ് എംപിമാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: