തിരുവനന്തപുരം: ശബരിമല വിഷയം രൂക്ഷമായതോടെ സംസ്ഥാനത്ത് ഭരണസ്തംഭനവും ക്രമസമാധാന തകര്‍ച്ചയും. എവിടെയും ചര്‍ച്ച ശബരിമല വിഷയം മാത്രം. സെക്രട്ടേറിയറ്റ് മുതല്‍ താഴെയുള്ള ഓഫീസുകള്‍ വരെയുള്ള ജീവനക്കാര്‍ ശബരിമല വാര്‍ത്തകള്‍ക്കു പിന്നാലെ പോകുന്നത് സ്ഥിതി സങ്കീര്‍ണമാക്കുന്നു.
എല്ലാ മേഖലയിലും അസ്വസ്ഥത നിലനില്‍ക്കുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. ജോലി ചെയ്യാനുള്ള അന്തരീക്ഷം എങ്ങുമില്ല. ജോലിക്ക് അന്തരീക്ഷമൊരുക്കേണ്ട സര്‍ക്കാര്‍ ശബരിമല യുവതീപ്രവേശനത്തില്‍ മര്‍ക്കട മുഷ്ടിയിലും.
സെക്രട്ടേറിയറ്റില്‍ ഒരാഴ്ചയായി ഫയല്‍നീക്കം മന്ദഗതിയിലാണ്. വകുപ്പ് സെക്രട്ടറിമാര്‍ കാര്യമായി ജോലി നോക്കുന്നില്ല. മന്ത്രിമാരുടെ ഓഫീസുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ, പ്രളയദുരന്തവുമായി ബന്ധപ്പെട്ട ഫയല്‍ നീക്കങ്ങളും താറുമാറായി.
മന്ത്രിസഭ അനുമതി നല്കിയ നിരവധി ഉത്തരവുകള്‍ ഇനിയും നടപ്പാക്കിയിട്ടില്ല. പ്രളയദുരന്തത്തില്‍ നിന്ന് കരകയറാനുള്ള ‘നവകേരളം’ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിന് ബോധ്യമായെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നു. അതിനാല്‍, നാട്ടില്‍ അരാജകത്വം സൃഷ്ടിച്ച് വിഷയം വഴിതിരിച്ചു വിടാനുള്ള ബോധപൂര്‍വമായ നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് ഇവരുടെ നിലപാട്.
ധനവകുപ്പിനാണ് വലിയ പ്രതിസന്ധി നേരിടേണ്ടിവരിക. ക്രിസ്മസിനു മുന്‍പ് ക്ഷേമപെന്‍ഷനുകള്‍ നല്‍കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം അഡ്വാന്‍സായി നല്‍കേണ്ടിവരും. ഖജനാവില്‍ ഒന്നുമില്ലാത്ത അവസ്ഥ. പണം കണ്ടെത്താനുള്ള യാതൊരു മുന്നൊരുക്കങ്ങളും ധനവകുപ്പില്‍ നടക്കുന്നില്ല. ഇത്തരത്തിലാണെങ്കില്‍ ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങുമെന്നാണ് ധന വകുപ്പ് ജീവനക്കാര്‍ പറയുന്നത്.
സംസ്ഥാനത്തെ സമാധാനാന്തരീക്ഷവും അലങ്കോലമായി. ശബരിമല വിഷയത്തില്‍ പോലീസ് സേനയാകെ അസ്വസ്ഥരാണ്. സംസ്ഥാനമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങള്‍ കാരണം അധികസമയം ജോലി നോക്കേണ്ടി വരുന്നത് അവരെ മാനസികമായും ശാരീരികമായും ബാധിക്കുന്നു. കടുത്ത സമ്മര്‍ദമാണ് അവര്‍ നേരിടുന്നത്. ചികിത്സയില്‍ കഴിയുന്നവരോട് പോലും ഡ്യൂട്ടിക്ക് ഹാജരാകാന്‍ പറയുന്നു. പ്രതിഷേധങ്ങള്‍ കനത്തതിനാല്‍ അവധിയും നല്‍കുന്നില്ല.
ഇതിനിടെ, സ്റ്റേഷനിലെത്തുന്ന പരാതികള്‍ അന്വേഷിക്കാനും സമയം ലഭിക്കുന്നില്ല. ശബരിമലയില്‍ രണ്ടാംഘട്ടം ഡ്യൂട്ടിക്ക് പോകേണ്ടവരുടെ പട്ടിക ആവശ്യപ്പെട്ടെങ്കിലും പലരും വിസമ്മതം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: