ന്യൂദല്‍ഹി : ദല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജെന്‍സ് ഏജന്‍സികള്‍ റിപ്പോര്ട്ട്ചെയ്തതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ഭീകര സംഘടനയായ ജെയ്ഷ ഇ മുഹമ്മദിന്റേതെന്ന് കരുതുന്ന വാട്സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സതലസ്ഥാന നഗരിയിലെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
ജമ്മു കശ്മീരില്‍ കഴിഞ്ഞ മാസം ജെയ്ഷ ഇ മുഹമ്മദിന്റെ കമാന്‍ഡര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് ദല്‍ഹിയില്‍ ആക്രമണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പാക്കിസ്ഥാന് പൗരനായ അമീര്‍ ഹംസ എന്നയാളാണ് ജെയ്ഷ ഇ മുഹമ്മദ് എന്ന ഭീകര സംഘടന നേതൃത്വം നല്‍കുന്നതെന്ന് കരുതുന്ന വാട്സ്ആപ്പ ഗ്രൂപ്പില്‍ സന്ദേശം അയച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 30ന് പുല്‍വാമയിലെ ട്രാലില്‍ ഉസ്മാന് എന്ന് വിളിപ്പേരുള്ള ഹുസെയ്ഫ എന്ന ജെയ്ഷ നേതാവ് കൊല്ലപ്പെട്ടതിന്റെ പ്രതികാര നടപടിയായി ആക്രമണം നടത്തുന്നുവെന്നാണ് സന്ദേശം. ദക്ഷിണ കശ്മീരില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഈ ഏറ്റുമുട്ടലില്‍ ഉസ്മാന്റെ അനന്തരവന് എന്ന് സംശയിക്കുന്ന മൗലാന മസൂദ് അസറും കൊല്ലപ്പെട്ടിരുന്നു.
ജെയ്ഷയുടെ വിദ്യാര്‍ത്ഥി സംഘടനയായ കറാച്ചിയിലെ തല്‍ബ അല്‍ മുരബിടൂണും ആക്രമണത്തിന്റെ ഭാഗമാകുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇന്റലിജെന്‍സ് ഏജന്‍സി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഭീഷണിയെ തുടര്‍ന്ന് തലസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം സിഎസ്എസ്എഫ്, നാഷണല്‍ സുരക്ഷാ ഗാര്‍ഡ്സ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ദല്‍ഹി പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷ ശക്തമാക്കിയതായി ദല്‍ഹി പോലീസ് അറിയിച്ചു.
ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിഐഎസ്എഫിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് മുഖ്യമായും സുരക്ഷ ശക്തമാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി നേരത്തെ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍ വാഹനങ്ങള്‍ ഉപയോഗിച്ച് ഭീകര പ്രവര്‍ത്തനം നടത്തുന്നത് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് സിഐഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: