തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സമവായ ചര്‍ച്ച യുവതികളെ പ്രവേശിപ്പിക്കുമെന്ന് പറയാന്‍ മാത്രം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ രണ്ടര മണിക്കൂര്‍ ചര്‍ച്ച നടത്തിയിട്ടും യുവതീപ്രവേശനത്തില്‍ സുപ്രീംകോടിതി വിധി നടപ്പാക്കുമെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നതോടെയാണ് പ്രതിപക്ഷം ചര്‍ച്ച ബഹിഷ്ക്കരിച്ചത്.
രാവിലെ 11 മണിയോടെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചായിരുന്നു യോഗം. ഹൈന്ദവ സംഘടനാ പ്രതിനിധികളേയോ സാമുദായിക സംഘടനാ പ്രതിനിധികളേയോ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എല്ലാപാര്‍ട്ടികളും സഹകരിക്കണം എന്ന മുഖ്യമന്ത്രിയുടെ ആമൂഖ പ്രഭാഷണത്തോടെയായിരുന്നു യോഗം ആരംഭിച്ചത്. ഇതോടെ മുന്‍നിലപാടില്‍ നിന്ന് മാറ്റമില്ലെന്ന് വ്യക്തമായി.
ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, യുഡിഎഫിലെ മറ്റ് ഘടകക്ഷിപ്രതിനിധികള് പി.സി. ജോര്‍ജ് എംഎല്‍എ എന്നിവര്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന നിലപാട് സ്വീകരിച്ചു. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും യുവതീ പ്രവേശനം നടപ്പിലാക്കണമെന്ന കടുത്ത നിലപാടെടുത്തു.
മുന്‍ നിശ്ചയിച്ചതുപോലെ എല്‍ഡിഎഫിലെ മറ്റ് ഘടകകഷികളും മുഖ്യമന്ത്രിയുടെ തീരുമാനത്തെ പിന്തുണച്ചു. മുഖ്യമന്ത്രിയുടെ സമാപന പ്രസംഗത്തില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നും അറിയിച്ചതോടെ ബിജെപിയും യുഡിഎഫും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: