കൊച്ചി:സ്വന്തം മണ്ണില്‍ ബ്ലാസ്റ്റേഴ്സിന് നാണം കെട്ട പരാജയം. കഴിഞ്ഞ ദിവസം ബെംഗളൂരുവിനോട് 2-1ന് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് ഇന്നലെ എഫ്സി ഗോവയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ന്നത്. ഗോവയുടെ സ്പാനിഷ് സ്ട്രൈക്കര്‍ ഫെറാന്‍ കൊറോമിനസ് രണ്ടും മന്‍വീര്‍ സിങ് ഒരു ഗോളും നേടി. ഇഞ്ചുറി ടൈമില്‍ ക്രമരാവിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോള്‍ നേടിയത്.
ഏറെ പേരുകേട്ട ബ്ലാസ്റ്റേഴ്സ് പ്രതിരോധം പോലും ഇന്നലെ കുത്തഴിഞ്ഞ നിലയിലാണ് കളിച്ചത്. ആദ്യമായി മലയാളി താരം അനസിനെ ആദ്യ ഇലവനില്‍ ഇറക്കിയെങ്കലും ഗോവയുടെ അതിവേഗ ആക്രമണ ഫുട്ബോളിന് മുന്നില്‍ പിടിച്ചുനില്ക്കാന് ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞല്ല. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്ന ഗോവയ്ക്ക് മുന്നില്‍ ബ്ലാസ്റ്റേഴ്സ് എതിരാളികളേ ആയില്ല.
കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമിനെ അഴിച്ചുപണിതാണ് ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്സിനെ കളത്തിലിറക്കിയത്. അഞ്ച് മാറ്റങ്ങളാണ് ബെംഗളൂരുവിനെതിരെ കളിച്ച ടീമില്‍ വരുത്തിയത്. സീസണില്‍ ആദ്യമായി പ്രതിരോധനിരയിലെ കരുത്തനും മലയാളിയുമായ അനസ് എടത്തൊടിക ആദ്യ ഇലവനില്‍ ഇടംനേടി. വിദേശ താരം നെമന്‍ജ പെസിച്ചിന് പകരമായാണ് അനസിനെ ഇറക്കിയത്. അനസിന്റെ വരവ് ഫ്രഞ്ച് താരം സിറില്‍ കാലിയെ സൈഡ് ബെഞ്ചിലാക്കി. മറ്റൊരു പ്രതിരോധ താരം ലാകിച്ച് പെസിച്ച് പകരക്കാരുടെ ലിസ്റ്റിലും ഉള്‍പ്പെട്ടില്ല. സി.കെ. വിനീതിന് പകരം മുന്നേറ്റത്തില്‍ മാറ്റേജ് പൊപ്ലാറ്റ്നിക്ക് തിരിച്ചു വന്നു. ദുംഗലിനും സഹല്‍ അബ്ദുല്‍ സമദിനും പകരക്കാരായി ഹോളിചരണ്‍ നര്‍സാരിയും കെസിറോണ്‍ കിസിറ്റോയും ആദ്യ ഇലവനില്‍ ഇടം നേടി. പിന്‍നിരയില്‍ മുഹമ്മദ് റാക്കിപ്പും തിരിച്ചെത്തി.
കഴിഞ്ഞ കളിയില്‍ നിന്ന് രണ്ടു മാറ്റങ്ങള്‍ മാത്രമാണ് ഗോവ വരുത്തിയത്. മന്ദാര്‍റാവു ദേശായിക്ക് പകരം ബ്രണ്ടന്‍ ഫെര്‍ണാണ്ടസും സെരിറ്റോന് ഫെര്‍ണാണ്ടസിന് പകരം കാര്‍ലോസ് ഗോണ്‍സാലസും ആദ്യ ടീമില്ഇലവനില് ഇറങ്ങി.
ബ്ലാസ്റ്റേഴ്സ് 4-1-4-1 രീതിയിലും ഗോവ 4-2-3-1 എന്ന ശൈലിയിലുമാണ് താരങ്ങളെ മൈതാനത്ത് വ്യനിസിച്ചത്. കളിയുടെ തുടക്കത്തില്‍ ഗോവ ആധിപത്യം ചെലുത്താന്‍ ശ്രമിച്ചു. എന്നാല്‍ ആദ്യ മിനിറ്റുകള്‍ പിന്നിടുന്നതിന് മുമ്പുതന്നെ ബ്ലാസ്റ്റേഴ്സ് കളംപിടിച്ചുതുടങ്ങി. അഞ്ചാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും കിസിറോണ്‍ കിസിറ്റോയുടെ ഷോട്ട് ലക്ഷ്യം തെറ്റി. ബ്ലാസ്റ്റേഴ്സ് മുന്‍തൂക്കത്തിന് ഏറെ ആയുസ്സുണ്ടായില്ല.. 11-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ഗോവ ലീഡ് നേടി. എഡു ബെഡിയ എടുത്ത കോര്‍ണര്‍ കിക്ക് കിട്ടിയത് അഹമ്മദ് ജഹൗവിന്റെ കാലുകളില്‍. പന്ത് കിട്ടിയ അഹമ്മദ് പോസ്റ്റിന് മുന്നിലേക്ക് നല്കിയ അളന്നുമുറിച്ച ക്രോസ് ഉയര്‍ന്നുചാടിയ ഗോവയുടെ സ്പാനിഷ് താരം കൊറോമിനസ് നല്ലൊരു ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ ബ്ലാസ്റ്റേഴ്സ് ഗോളി നവീന്‍കുമാറിന് ഒന്നും ചെയ്യാനായില്ല. . ഇടയ്ക്ക് ബ്ലാസ്റ്റേഴ്സ് ചില മിന്നലാക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും അവയെല്ലാം ഗോവന്‍ പ്രതിരോധത്തില്‍ത്തട്ടി അവസാനിച്ചു. 44-ാം മിനിറ്റില്‍ ഡേവിഡ് ജെയിംസ് സ്റ്റൊയാനോവിച്ചിനെ തിരിച്ചുവിളിച്ച് പകരം ദുംഗലിനെ കളത്തിലെത്തിച്ചു. എന്നിട്ടും കാര്യമൊന്നുമുണ്ടായില്ല. ഇഞ്ചുറി ടൈമിന്റെ രണ്ടാ മിനിറ്റില്‍ വീണ്ടും ബ്ലാസ്റ്റേഴ്സ് വല കുലുങ്ങി.
എഡു ബെഡിയ മൈതാനമധ്യത്തില്‍ നിന്ന് നല്കിയ പാസ് സീകരിച്ച് മുന്നേറിയ കൊറോമിനസ് ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഉയര്‍ത്തിയ പ്രതിരോധം വകഞ്ഞുമാറ്റി ബോക്സിന് പുറത്തുനിന്ന് പായിച്ച തകര്‍പ്പന്‍ വലംകാലന്‍ ഷോട്ടിന് മുന്നില്‍ ഗോളി നവീന്‍കുമാറിനും മറുപടിയുണ്ടായില്ല (2-0). ഈ സീസണില്‍ കൊറോയുടെ എട്ടാം ഗോളായിരുന്നു ഇത്. ആദ്യപകുതിയില്‍ ഗോവ എഫ്സി 2-0ന് മുന്നില്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മുഹമ്മദ് റാകിപ്പിനെ പിന്‍വലിച്ച് ഫ്രഞ്ച് പ്രതിരോധനിര താരം സിറില്‍ കാലി ബ്ലാസ്റ്റേഴ്സിനായി കളത്തിലെത്തി. 52-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് ഒരു അര്‍ധാവസരം ലഭിച്ചെങ്കിലും ഗോവ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. 57-ാം മിനിറ്റില്‍ ജാക്കിചന്ദ് സിങ്ങിനെ പിന്‍വലിച്ച് ഗോവ മന്‍വീര്‍ സിങ്ങിനെ മൈതാനത്തെത്തിച്ചു. തൊട്ടുപിന്നാലെ ഗോവക്ക് ലഭിച്ച അവസരം ആദ്യം ജിങ്കനും രണ്ടാമത് ഗോള്‍കീപ്പര്‍ നവീന്‍കുമാറും രക്ഷപ്പെടുത്തി.
67-ാം മിനിറ്റില്‍ ബൗമൗസ് എടുത്ത കോര്‍ണറിന് ഉയര്‍ന്നുചാടി തലവെച്ച മന്‍വീര്‍ സിങ്ങിന് പിഴച്ചില്ല. ബ്ലാസ്ഗറ്റഴ്സ് ഗോളി നവീന്‍കുമാറിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പ് പന്ത് വലയില്‍ കയറി. തൊട്ടുപിന്നാലെ ദുംഗലിന്റെ ബോക്സിന് പുറത്തുനിന്നുള്ള ഷോട്ട് ഗോവ ഗോളി പറന്ന് കുത്തിയകറ്റി കോര്‍ണറിന് വഴങ്ങി. തൊട്ടടുത്ത മിനിറ്റില്‍ പ്രശാന്തിനെ പിന്‍വലിച്ച് സി.കെ. വിനീതിനെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. അധികം കഴിയും മുന്‍പേ ഒരു ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചെങ്കിലും ഗോവന്‍ പ്രതിരോധനിര താരം ഗോള്‍ലൈന്‍ സേവിലൂടെ അപകടമൊഴിവാക്കി. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ഗോവന്‍ താരങ്ങള്‍ സൃഷ്ടിച്ചെങ്കിലും കൂടുതല്‍ ഗോള്‍ ബ്ലാസ്റ്റേഴ്സ് വലയില്‍ കയറിയില്ല. ഇടയ്ക്ക് ബ്ലാസ്റ്റേഴ്സിന് ഒന്ന് രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ആശ്വാസഗോള്‍ നേടാന്‍ അവര്‍ക്കും കഴിഞ്ഞില്ല. ഒടുവില്‍ പരിക്ക് സമയത്ത് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോള്‍ പിറന്നു. ജിങ്കന്റെ പാസില്‍ നിന്ന് ക്രമരാവിച്ചാണ് ലക്ഷ്യം കണ്ടത്.
7 കളികളില്‍ നിന്ന് 16 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്തും അത്രയും കളികളില്‍ നിന്ന് 7 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാമതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: