കോഴിക്കോട്: ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനമാവാം എന്ന സുപ്രീംകോടതി വിധിയെ എതിര്‍ക്കുന്ന സ്ത്രീകള്‍ക്ക് സ്റ്റോക്ഹോം സിന്‍ഡ്രോം ആണെന്ന ശശി തരൂര്‍ എം.പിയുടെ പരാമര്‍ശം വിവാദമാകുന്നു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ശശി തരൂര്‍ വിവാദപരാമര്‍ശം നടത്തിയത്. തന്നെ തട്ടിക്കൊണ്ടുപോകുകയോ ബന്ദിയാക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്യുന്ന ആളോട് സ്ത്രീകള്‍ക്ക് തോന്നിയേക്കാവുന്ന വൈകാരികമായ അടുപ്പത്തെയാണ് സ്റ്റോക്ഹോം സിന്‍ഡ്രോം എന്ന് വിളിക്കുന്നത്.
കേരളത്തിലെ 90 ശതമാനത്തിലേറെ സ്ത്രീകളും ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവരാണെന്നും യുവതികള്‍ മലചവിട്ടുന്നതിനെ എതിര്‍ക്കുന്നതിന്റെ നേതൃത്വത്തിലുള്ളത് സ്ത്രീകള്‍ തന്നെയാണെന്നും പറഞ്ഞതിന് ശേഷമാണ് ഇവര്‍ക്കെല്ലാം സ്റ്റോക്ഹോം സിന്‍ഡ്രോം ആണെന്ന് ശശി തരൂര്‍ കണ്ടെത്തുന്നത്. അതേസമയം, ഇത് സ്ത്രീകളെ പറഞ്ഞ് മനസ്സിലാക്കാന്‍ സാധിക്കാത്ത ഒന്നാണെന്നും സൂചിപ്പിക്കുന്നുണ്ട്.
ലൈംഗികമായുള്ള കീഴ്പ്പെടുത്തലടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് വിധേയയാകുന്ന സ്ത്രീക്ക് കുറ്റവാളിയോട് തോന്നിയിക്കേവുന്ന മാനസികാവസ്ഥയെയാണ് മനഃശാസ്ത്രജ്ഞര്‍ സ്റ്റോക്ഹോം സിന്‍ഡ്രോം എന്നു വിളിച്ചത്. ആധുനിക മനഃശാസ്ത്ര പഠനങ്ങളനുസരിച്ച് ഇതൊരു സാധാരണ മാനസികാവസ്ഥയല്ല, ഒരുതരം മാനസികരോഗമാണ്. സ്വീഡനിലെ സ്റ്റോക്ഹോമില് നടന്ന ഒരു സംഭവത്തെ വിലയിരുത്തിക്കൊണ്ട് ക്രിമിനോളജിസ്റ്റും സൈക്കോളജിസ്റ്റുമായ നില്‍സ് ബെജെറോട്ട് ആണ് സ്റ്റോക്ഹോം സിന്‍ഡ്രോം എന്ന മാനസികാവസ്ഥയെ കുറിച്ച് പറഞ്ഞത്. കേരളത്തിലെ വിശ്വാസികളായ സ്ത്രീകള്‍ മുഴുവനും ഇത്തരത്തിലുള്ള ഒരു മാനസികരോഗത്തിന് അടിമകളാണെന്ന പരോക്ഷമായ പരാമര്‍ശമാണ് തരൂര്‍ ലേഖനത്തില്‍ നടത്തുന്നത്.
തന്നെക്കുറിച്ച് ഒരു നൈസര്‍ഗിക പുരോഗമനവാദിയെന്ന് സ്വയം പറഞ്ഞുകൊണ്ട് ശശി തരൂര്‍ തന്നെപ്പോലുള്ളവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ കുറിച്ചും ലേഖനത്തില്‍ പറയുന്നുണ്ട്. കോടതിവിധിയും വിശ്വാസികളുടെ വിശ്വാസവും അനുരഞ്ജനത്തിലാക്കുന്നതിന് പകരം സംസ്ഥാന സര്‍ക്കാരും സിപിഎമ്മും സംഘപരിവാര്‍ സംഘടനകളും ദൗര്‍ഭാഗ്യവശാല്‍ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ വ്യത്യസ്ത നിലപാടുകളെക്കുറിച്ച് തരൂര്‍ ഒന്നും പറയുന്നില്ല. പുരോഗമനവാദിയാണെന്ന് അറിയപ്പെടുകയും വേണം, അതേസമയം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഹിന്ദുക്കളുടെ വോട്ടു കിട്ടുകയും വേണം എന്ന ശശി തരൂരിന്റെ ഇരട്ടമോഹത്തിന്റെ ആശയക്കുഴപ്പം ലേഖനത്തിലുടനീളം വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: