കൊല്ലം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ അവഹേളിച്ച് വീണ്ടും ഏഷ്യാനെറ്റ്. കഴിഞ്ഞദിവസം സിപിഎം എംഎല്‍എ മുകേഷ് അവതരിപ്പിക്കുന്ന സെല്‍ മീ ദ ആന്‍സര്‍ എന്ന പരിപാടിയിലാണ് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ഇപ്പോഴും കേരളത്തിലെ രാഷ്ട്രീയനേതാവ് എന്ന നിലയില്‍ വികലമായി ചിത്രീകരിച്ചത്.
ശനിയാഴ്ച്ച സംപ്രേഷണം ചെയ്ത സെല്‍ മീ ദ ആന്‍സര്‍ തുടങ്ങിയത് കേരളത്തിലെ രാഷ്ട്രീയനേതാക്കളെ കളിയാക്കിക്കൊണ്ടായിരുന്നു. എ.കെ. ആന്റണി, എം.എം. മണി, വെള്ളാപ്പള്ളി നടേശന്, കെ.എം. മാണി, പി.സി. ജോര്‍ജ്, കുമ്മനം രാജശേഖരന് എന്നിവരെയാണ് അധിക്ഷേപിച്ചത്. കേരളം കണ്ടതില്‍ വച്ച് ഏറ്റവുംവലിയ ദുരന്തമാണ് കടന്നുപോയതെന്നും ഇനി നിങ്ങളായി മറ്റൊരു ദുരന്തമാകരുതെന്ന പിണറായി വിജയന്റെ ശകാരത്തിന് നേതാക്കള്‍ അനുസരണയോടെ വഴിപ്പെടുന്നതായാണ് ചിത്രീകരിച്ചത്.
നിലവില്‍ കേരളത്തിലെ ബിജെപി നേതൃനിരയില്‍ ഇല്ലാത്തതും ഭരണഘടനാപദവി വഹിക്കുന്ന ആളുമായ കുമ്മനം രാജശേഖരനെ അപഹസിക്കുംവിധം വീണ്ടും അവതരിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണര്‍ പദവിയിലിരിക്കുന്ന വ്യക്തിയെ അവഹേളിക്കുംവിധം അവതരിപ്പിക്കുന്നത് ബോധപൂര്‍വമാണെന്നും അവര്‍ പറയുന്നു.
ഇതിനും പുറമെ പിണറായി വിജയന്റെ ആജ്ഞാശക്തിയില്‍ വിവിധ രാഷ്ട്രീയനേതാക്കള്‍ അനുസരണയോടെ കൈകള്‍ കോര്ത്തുപിടിക്കുന്നതായി ചിത്രീകരിച്ചത് പിണറായി വിജയന്റെ അധീശത്വം കാണിക്കാനാണെന്നും ആക്ഷേപം ഉണ്ട്. പ്രളയാനന്തരകാലത്തെ കാണിക്കുന്ന സന്ദര്‍ഭമായതിനാല്‍ കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണറായതിനുശേഷം ചിത്രീകരിച്ചതാണെന്നും വ്യക്തമാണ്. ഗവര്‍ണര്‍ പദവി വഹിക്കുന്ന വ്യക്തി എന്ന് അറിഞ്ഞുകൊണ്ടുതന്നെ കുമ്മനം രാജശേഖരന്റെ വ്യക്തിത്വത്തെ വികലമായി ചിത്രീകരിച്ച ചാനലിനെതിരെ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: