ഇരിട്ടി: വേനല്‍ കടുക്കാന്‍ തുടങ്ങുകയും ജലവിതാനം ക്രമാതീതമായി താഴുകയും ചെയ്തതോടെ പഴശ്ശി പദ്ധതിയുടെ ഷട്ടറുകള്‍ പൂര്‍ണ്ണമായും അടച്ചു. പതിനാറ് ഷട്ടറുകളും അടച്ചതോടെ രണ്ട് ദിവസം കൊണ്ടുതന്നെ ജലവിതാനം ഉയര്‍ന്നു തുടങ്ങി.
കഴിഞ്ഞ കാലവര്‍ഷം ആരംഭത്തിലായിരുന്നു പദ്ധതിയുടെ ഷട്ടറുകള്‍ മുഴുവന്‍ തുറന്നുവെച്ചിരുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷമുണ്ടായ കനത്ത കാലവര്‍ഷവും ഉരുള്‍പൊട്ടലും മറ്റും കാരണം നിരവധി തവണയാണ് പഴശ്ശി പദ്ധതിയുടെ ഭാഗമായ ബാവലിയും അനുബന്ധ പുഴകളും കരകവിഞ്ഞൊഴുകിയത് . എന്നാല്‍ മഴ പൂര്‍ണ്ണമായും നിന്നതോടെ നീരൊഴുക്ക് കുറയുകയും ജലവിതാനം അതിവേഗത്തില്‍ താഴ്ന്ന് പുഴ വറ്റിവരളുകയും ചെയ്തു തുടങ്ങി. പദ്ധതി പ്രദേശത്തെ കിണറുകളിലും ജലവിതാനം ഇതോടെ താഴുന്നതായാണ് കണ്ടത്. ശക്തമായ വരള്‍ച്ചയും പഴശ്ശിയെ ആശ്രയിച്ച് ജില്ലയിലാകെ വിതരണം നടത്തുന്ന ജപ്പാന് കുടിവെള്ളമടക്കമുള്ള പദ്ധതികളെ ഇത് ബാധിക്കുമെന്ന് കണ്ടതോടെ ഷട്ടറുകള്‍ എത്രയും പെട്ടെന്ന് അടച്ച് വെള്ളം സംഭരിക്കണമെന്ന ആവശ്യം പലകോണില്‍ നിന്നും ഉയര്‍ന്നു. എന്നാല്‍ പദ്ധതി പ്രദേശത്ത് ഇരിട്ടി, മട്ടന്നൂര്‍ നഗരസഭകളില്‍ മൂന്നു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ള മെത്തിക്കുന്ന പദ്ധതിയുടെ കിണര്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നത് കാരണം ഷട്ടര്‍ അടക്കുന്നത് താമസിപ്പിക്കുകയായിരുന്നു. ഈ മാസം അവസാനത്തോടെ ഷട്ടര്‍ അടക്കാമെന്ന് ആദ്യം തീരുമാനിച്ചെങ്കിലും അനുദിനം താണുകൊണ്ടിരുന്ന ജലവിതാനവും തുലാവര്‍ഷത്തിന്റെ കുറവും അധികൃതരിലും ആശങ്ക സൃഷ്ടിച്ചതോടെ വെള്ളം സംഭരിക്കല് നേരത്തെ ആക്കുകയായിരിക്കുന്നു.
26.52 മീറ്ററാണ് പദ്ധതിയുടെ സംഭരണ ശേഷി. ജലസേചന പദ്ധതിയായി തുടങ്ങിയ പദ്ധതി കോടികള്‍ ചിലവിട്ടിട്ടും ലക്ഷ്യം കൈവരിക്കാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്ന് കുടിവെള്ള പദ്ധതിയാക്കി മാറ്റുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ ഒട്ടുമിക്ക കുടിവെള്ള പദ്ധതികളും ഇപ്പോള്‍ പഴശ്ശിയെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിനാവശ്യമായ കുടിവെള്ളമടക്കമുള്ള ജലം ലഭ്യമാക്കുന്നതും പഴശ്ശിയില്‍ നിന്നാണ്. കുടിവെള്ള പദ്ധതികള്‍ കൂടാതെ പഴശ്ശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതികൂടി ഇവിടെ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കയാണ്. ഇതിന്റെ പ്രവര്‍ത്തിയും പുരോഗമിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: