ന്യൂദല്‍ഹി: ദുരഭിമാനക്കൊലയില്‍ കേരളത്തിലെ ആദ്യത്തെ കേസായി കെവിന് വധം. ദളിത് ക്രൈസ്തവനായ കെവിന് സവര്‍ണ ക്രൈസ്തവ വിഭാഗത്തിലെ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് പ്രതികാരമായാണ് കൊലപാതകമെന്ന പ്രോസിക്യൂഷന് വാദം കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ണായക ഇടപെടലിനെ തുടര്‍ന്നാണ് കേരള പോലീസ് ദുരഭിമാനക്കൊലക്ക് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ജൂണ്‍ 30ന് കോട്ടയത്തെ കെവിന്റെ വീട് സന്ദര്‍ശിച്ച ശേഷം ദേശീയ ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാന് ജോര്‍ജ് കുര്യന് ദുരഭിമാനക്കൊലക്ക് കേസെടുക്കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന് നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇടപെടല്‍. നീനുവിന്റെ അച്ഛനും സുഹൃത്തുക്കളുമാണ് കേസിലെ പ്രതികള്‍. കൊല്ലപ്പെട്ടയാളും പ്രതികളും ഒരേ സമുദായത്തിലുള്ളതിനാല് ദുരഭിമാനക്കൊല നിലനില്‍ക്കില്ലെന്നായിരുന്നു പോലീസിന്റെ വാദം. ശക്തിവാഹിനി എന്ന സംഘടന നല്കിയ പരാതിയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടിക്കാട്ടിയ ജോര്‍ജ് കുര്യന് കെവിന് വധത്തില്‍ ദുരഭിമാനക്കൊല നിലനില്‍ക്കുന്നതാണെന്ന് വിശദീകരിച്ചു. തുടര്‍ന്നാണ് ദുരഭിമാനക്കൊലയ്ക്ക് പോലീസ് കേസെടുത്തത്. ഇക്കാര്യം അറിയിച്ച് സംസ്ഥാന പോലീസ് മേധാവി ജോര്‍ജ് കുര്യന് കത്തയച്ചിരുന്നു. ആറ് മാസത്തിനുള്ളില്‍ കേസില്‍ വിചാരണ പൂര്‍ത്തിയാക്കേണ്ടി വരും. നീതി വൈകില്ലെന്ന് ഉറപ്പാക്കാന്‍ ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടലിലൂടെ സാധിച്ചു.
ശക്തിവാഹിനി 2010ല്‍ നല്കിയ പരാതിയില്‍ ദുരഭിമാനക്കൊലകള്‍ തടയുന്നതിനായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് 2018 മാര്‍ച്ചില്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഇഷ്ടമുള്ള പങ്കാളികളെ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ഇതിന് ജാതിയോ മതമോ കുടുംബമോ ബാധകമല്ല. ഇത്തരത്തിലുള്ള പരാതികള്‍ സ്വീകരിക്കുന്നതിന് എല്ലാ ജില്ലകളിലും എസ്പിമാര് ഉള്‍പ്പെടുന്ന പ്രത്യേക സെല്ലുകള്‍ സ്ഥാപിക്കണമെന്നും 24 മണിക്കൂര്‍ ഹെല്പ്ലൈന് ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: