പന്തളം/കൊല്ലം: ശബരിമല ആചാരലംഘന പ്രശ്നത്തില്‍ ഉറച്ച നിലപാടു സ്വീകരിച്ച നായര്‍ സര്‍വീസ് സൊസൈറ്റിക്കു നേരെയുള്ള ആക്രമണം തുടരുന്നു. പന്തളത്തും കൊല്ലത്തിനടുത്ത് പൂതക്കുളത്തും എന്‍എസ്എസ് സ്ഥാപനങ്ങള്‍ക്കുനേരെ സിപിഎം അക്രമമഴിച്ചു വിട്ടു. പന്തളം കുടശ്ശനാട് എന്‍എസ്എസ് ഹൈസ്കൂളിലെയും കുടശ്ശനാട് 1473-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം വക ശ്രീഭദ്രാദേവീക്ഷേത്രത്തിനു സമീപത്തെയും കൊടിമരങ്ങളില്‍ കരിങ്കൊടി കെട്ടി, ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് അനുശോചനം രേഖപ്പെടുത്തി റീത്തും വച്ചു.
പൂതക്കുളം ഇടവട്ടം 3638-ാം നമ്പര്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തിന്റെ ജനല്‍ച്ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും എന്‍എസ്എസ് പതാകയെ അപമാനിക്കുകയും കൊടിമരം വളച്ചൊടിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിയോടെയാണ് സംഭവം.
കുടശ്ശനാട്ടും കഴിഞ്ഞ രാത്രിയിലാണ് അക്രമം. സ്കൂളിലെ കൊടിമരച്ചുവട്ടില്‍ റീത്ത് വച്ച അക്രമികള്‍ ചുറ്റും മുളകുപൊടിയും വിതറിയിരുന്നു. നൂറനാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും തെളിവു ശേഖരിച്ചു. ക്ഷേത്രത്തിനു സമീപത്തെ കൊടിമരത്തിനു സമീപത്തു നിന്നും പോലീസ് നായ സ്കൂളിലെ കൊടിമരത്തിനടുത്തേക്കാണെത്തിയത്. രണ്ടിടത്തും ഒരേ സംഘമാണു പ്രവര്‍ത്തിച്ചതെന്നാണ് ഇതു നല്കുന്ന സൂചന.
പൂതക്കുളത്തെ സംഭവത്തില്‍ ഒന്നിലധികം ആള്ക്കാര് ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.
ശബരിമല സംഭവങ്ങള്‍ക്കുശേഷം ജില്ലയില്‍ത്തന്നെ ഇത് രണ്ടാമത്തെ ആക്രമണമാണ്. കൊട്ടാരക്കരയ്ക്കടുത്ത് നെടുവത്തൂര്‍ താഴം അയ്യപ്പക്ഷേത്രത്തിന്റെ ഓഫീസിന്റെ ജനലുകളും, കതകുകളും നവംബര്‍ 3ന് ഉച്ചയോടെ അടിച്ചു തകര്‍ത്തിരുന്നു. അയ്യപ്പക്ഷേത്രം എന്‍എസ്എസിന്റെ അധീനതയിലുള്ളതാണ്.
ആചാരങ്ങള്‍ ലംഘിക്കാനും ശബരിമലയെ തകര്‍ക്കാനുമുള്ള സര്‍ക്കാര്‍, സിപിഎം നീക്കങ്ങള്‍ക്കെതിരെ ഭക്തര്‍ക്കൊപ്പം നിലകൊണ്ട എന്‍എസ്എസ് ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇതാണ് പാര്‍ട്ടിയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. യുവതീപ്രവേശന വിഷയത്തില്‍ എന്‍എസ്എസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്നും രംഗത്തെത്തുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കളി എന്‍എസ്എസിനോട് വേണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: