പെരുമഴയിലും ബാണാസുര സാഗറില്‍ നിന്നുള്ള വെള്ളപ്പാച്ചിലിലും തകര്‍ന്ന വയനാടിനെ വീണ്ടെടുക്കാനുള്ള യജ്ഞത്തിലാണ് സേവാഭാരതി. ഗോത്ര ജനതയുടെ കുടിലുകളും കൃഷിയും കര്‍ഷകരുടെ സ്വപ്നങ്ങളും തകര്‍ത്ത പ്രളയക്കെടുതിയില്‍ കോടികളുടെ നഷ്ടമാണ് വയനാടിനുണ്ടായത്. ആഗസ്റ്റ് 10 മുതല്‍ ആരംഭിച്ച പ്രളയദുരന്തത്തില്‍ നിന്നും വയനാടിനെ രക്ഷിക്കാനുള്ള പ്രയത്നത്തില്‍ സേവാഭാരതി തുടക്കം തൊട്ടേ മുന്നിട്ടിറങ്ങി. വിവിധയിടങ്ങളിലായി 250 ഓളം പേരെയാണ് സേവാഭാരതിയുടെ നേതൃത്വത്തില്‍ രക്ഷിച്ചത്.
ആഗസ്റ്റ് 13ന് കല്‍പ്പറ്റയിലെ പൊങ്ങിനി, മാനന്തവാടിയിലെ എരുമത്തെരുവ് എന്നിവിടങ്ങളില്‍ രണ്ട് സംഭരണ കേന്ദ്രങ്ങള്‍ ആരംഭിച്ചുകൊണ്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു. സേവാഭാരതിയുടെ നേതൃത്വത്തില്‍ പൊഴുതന പഞ്ചായത്തിലെ ആനോത്ത്, പനമരത്തെ മാതോത്ത്പൊയില്‍, തവിഞ്ഞാലിലെ ഇടിക്കര എന്നിവിടങ്ങളില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. 112 കുടുംബങ്ങള്‍ക്കാണ് ഇവിടെ അഭയം നല്‍കിയത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 10134 ഭക്ഷണ കിറ്റുകള്‍ ഇതുവരെ വിതരണം ചെയ്തു. അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, വസ്ത്രങ്ങള്‍ എന്നിവയാണ് കിറ്റിലുണ്ടായിരുന്നത്. സന്നദ്ധസംഘടനയായ പീപ്പ്, വിവേകാനന്ദ മെഡിക്കല്‍ മിഷന് എന്നിവ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സേവാഭാരതിയോടൊപ്പം കൈകോര്‍ത്തു. ആംബുലന്‍സുകളടക്കം 15 വാഹനങ്ങളാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഉപയോഗിച്ചത്.
പ്രളയജലം കയറി മലിനമായ വീടുകളും കിണറുകളും വൃത്തിയാക്കുക എന്ന ഭാരിച്ച പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും സേവാഭാരതിയുടെ നേതൃത്വത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തിയതും വയനാടിന് ആശ്വാസമായി. 20, 21, 22 തിയ്യതികളില്‍ 500 പേരാണ് ഇതിനായി എത്തിയത്. 235 കിണറുകളും 264 വീടുകളും ഈ ദിവസങ്ങളിലായി വൃത്തിയാക്കി.
വിവേകാനന്ദ മെഡിക്കല്‍ മിഷന്, എബിവിപി മെഡിവിഷന്‍, കൈനാട്ടി മാതാ അമൃതാനന്ദമയി ചാരിറ്റബിള്‍ ഹോസ്പിറ്റല്‍, ബംഗളൂരുവിലെ യുണൈറ്റഡ് സിക്ക് അസോസിയേഷന് എന്നിവയുടെ നേതൃത്വത്തിലാണ് ആരോഗ്യസുരക്ഷാ ക്യാമ്പുകള്‍ ഏകോപിപ്പിച്ചത്. ആദ്യദിവസങ്ങളില്‍ തന്നെ 47 മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.
50,000 കിലോ അരി, 20,000 കിലോ പച്ചക്കറി, 5000 കിലോ പഞ്ചസാര, വസ്ത്രങ്ങള്‍, പാല്, സാനിറ്ററി ഉപകരണങ്ങള്‍ എന്നിവ ആദ്യ ആഴ്ചയില്‍ തന്നെ വിതരണം ചെയ്തു. വിവിധ പഞ്ചായത്തുകളിലായി ആവശ്യക്കാരുടെ പട്ടിക തയ്യാറാക്കി തുടര്‍ ദിവസങ്ങളില്‍ ഭക്ഷണ വസ്തുക്കളടങ്ങുന്ന കിറ്റ് തയ്യാറാക്കി വിതരണം ചെയ്യാനുള്ള തിരക്കിലാണ് പ്രവര്‍ത്തകര്‍.
പീപ്പിള്‍സ് സൊസൈറ്റി ഓഫ് ഹുസൂര്‍, നീലഗിരി, തിരുപ്പൂര്‍, കോവൈ, നെല്ലൂര്‍ എന്നീ സേവാഭാരതി കേന്ദ്രങ്ങള്‍, ഹെല്‍പ്പിംഗ് ഹാര്‍ഡ് ബംഗളൂരൂ, വിശ്വശാന്തി ഫൗണ്ടേഷന് തുടങ്ങിയ നിരവധി സംഘടനകള്‍ സേവാഭാരതിയുടെ ഉദ്യമത്തില്‍ പങ്കാളികളായി. ബിജെപി എം.പി നളിന്‍കുമാര്‍ കട്ടീല്‍, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്, പ്രാന്തസേവാപ്രമുഖ് ആ. വിനോദ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, മേജര്‍ രവി, കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി.സി. മോഹനന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു തുടങ്ങിയ പ്രമുഖര്‍ സേവാപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും പങ്കാളികളാകാനുമായി വയനാട്ടിലെത്തി.
കളക്ടറേറ്റിലേക്ക് സേവാഭാരതി പ്രവര്‍ത്തകര്‍
നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ദുരിതാശ്വാസത്തിനുള്ള സാമഗ്രികള്‍ എത്തിയപ്പോള്‍ വയനാട് കളക്ടറേറ്റില്‍ അങ്കലാപ്പ്. വിവിധയിടങ്ങളില്‍ നിന്നായെത്തിയ സാധനങ്ങള്‍ ഇറക്കി അടുക്കിവെയ്ക്കുന്നതിന് ആളുകളെ കിട്ടാത്ത അവസ്ഥ. ജില്ലാ കളക്ടര്‍ സേവാഭാരതി പ്രവര്‍ത്തകരെ വിളിച്ചപ്പോള്‍ നിമിഷങ്ങള്‍ക്കകം 35 പ്രവര്‍ത്തകര്‍ കളക്ടറേറ്റിലെത്തി സാധന സാമഗ്രികള്‍ ഇറക്കുന്നതില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: