മലയാളക്കരയ്ക്ക് അഭിമാനാര്‍ഹമായ കലകള്‍ ഒട്ടേറെയുണ്ട്. നമ്മുടെ പ്രകൃതിക്കിണങ്ങിയ വിധത്തില്‍ അതിനെ സംവിധാനം ചെയ്തത് ഏതു കാലത്തിലാവും എന്നതിനെക്കുറിച്ച് തീര്‍ച്ചപറയാന്‍ രേഖകളില്ല. ഇന്നും അതുപോെല മറ്റൊന്ന് പൊടിച്ചുവരുന്നില്ല. അഥവാ വന്നാല്‍തന്നെ അത് നിലനില്ക്കുന്നില്ല. മേളവും പഞ്ചവാദ്യവും ഉത്സവാഘോഷങ്ങള്‍ക്കിടയില്‍ നിറഞ്ഞുനില്ക്കുന്ന വാദ്യവിശേഷമാണ്. മൂന്നും നാലും മണിക്കൂര്‍ സമയദൈര്‍ഘ്യമെടുത്ത് അവ അവതരിപ്പിക്കാം. ഈ രണ്ട് വാദ്യങ്ങള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കൊമ്പ്.
അതിസുന്ദരമായ ശബ്ദസൗന്ദര്യം കൊമ്പുവാദനത്തിനുണ്ട്. പ്രാണവായു പിടിച്ച് ഊതിത്തീര്ക്കുന്ന കൊമ്പ് യാദവന്മാരുടെ കാലംമുതല്‍ പ്രചാരത്തിലുണ്ടായിരുന്നുവത്രേ. പരസ്പരം അറിയിപ്പു നല്‍കാനായിരുന്നു അതുപയോഗിച്ചിരുന്നത്. പില്ക്കാലത്ത് രാജാക്കന്മാരുടെ കൊട്ടാരത്തിലെത്തി. വിളംബരത്തിന് മുഖ്യവാദങ്ങളില്‍ ഒന്നായിത്തീര്‍ന്നു. അതിന്റെ പരിഷ്കരിക്കപ്പെട്ട വാദ്യോപകരണമാണ് കേരളീയ വാദ്യപദ്ധതികള്ക്ക് മിഴിവുപകരുന്ന കൊമ്പ്. സുഷിരവാദ്യമോ ഘനവാദ്യമോയെന്ന് നിര്‍വചിക്കാന്‍ സാധിച്ചിട്ടില്ല. മൂന്ന് മുറിയായിട്ടുള്ള ഇൗ ഉപകരണങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് വായിക്കുന്നത്. ഈ രംഗത്തെ പ്രശസ്തനായ കലാകാരനാണ് മച്ചാട് മണികണ്ഠന്.
തൃശൂര്‍ ജില്ലയിലെ മച്ചാട് കരയെ ലോകം അറിയുന്നത് കൊമ്പുവിദഗ്ധന്മാരുടെ നാടായാണ്. അവിടെ കാലങ്ങളായി ഈ കലയെ ഉപാസിക്കുന്നവര്‍ നിലകൊള്ളുന്നു. പാരമ്പര്യ കലയായി ഇതു കൈമാറിവന്നു. പാരമ്പര്യകലയുടെ കടയ്ക്കല്‍ പിടിപെട്ട ചീയല്‍ രോഗം ഈ കലയെയും ബാധിച്ചുകഴിഞ്ഞു. തലമുറകള്‍ പലതു പിന്നിട്ട ഈ നാട്ടില്‍ നൂറില്‍ താഴെ കൊമ്പുകലകാരന്മാര് ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്നു.
പ്രധാനപ്പെട്ട ഉത്സവങ്ങള്‍ക്ക് മച്ചാടിന്റെ പ്രബലമായ നിര തികഞ്ഞുനിന്നിരുന്നു. ഇന്നും ആ ശൈലിക്ക് പ്രാമാണ്യം നിലനില്‍ക്കുന്നുണ്ട്. മറ്റ് കൊമ്പുവിദഗ്ധന്മാരില്നിന്ന് വ്യത്യസ്തമായ ചിന്തകള്‍ മണികണ്ഠനുണ്ട്. അദ്ദേഹം വളര്‍ന്നുവന്നത് ഒരു കലാകേന്ദ്രത്തിലാണ്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ കലാനിലയത്തിലെ കോഴ്സ് തീര്‍ന്ന വിദ്യാര്‍ത്ഥിയാണ്. അച്ഛന്‍തന്നെയായിരുന്നു അവിടുത്തെ ഗുരു. പത്ത് വയസ്സുകാലത്ത് വീട്ടില്‍ ഏട്ടനെ അച്ഛന് പഠിപ്പിക്കുന്നതിനൊപ്പം പങ്കുചേര്‍ന്നിരുന്നു. ഗുരുവായൂരിലെ ക്ലാസുകള്‍ ഏറെ ഗുണപ്രദമായി. ചെണ്ട, തിമില, തായമ്പക, മദ്ദളം എന്നീ ക്ലാസുകള്‍ കണ്ടും കേട്ടും വളര്‍ന്നു. അവയുടെ വായ്ത്താരികള്‍ മണിയുടെ മനസ്സില്‍ നിറഞ്ഞുകിടക്കുകയാണ്. കൊമ്പുവാദനത്തിന് ഇതെല്ലാം നല്ല സ്വാധീനമുണ്ടാക്കി. മറ്റൊരു കേന്ദ്രത്തിലും ഇതിനുള്ള സൗകര്യം കാണില്ല. പഞ്ചവാദ്യത്തില്‍ തിമിലയ്ക്കൊപ്പം കൂടിച്ചേര്‍ന്ന് വായിക്കുമ്പോള്‍ ഈ ചൊല്ലുകള്‍ ഏറെ സ്വാധീനം തരുന്നുവെന്ന് മണി പറയുന്നു. ഓരോരുത്തരുടേയും കൈകള്‍ ചലിക്കുന്നതിന്റെ മട്ടും മാതിരിയും ഇദ്ദേഹത്തിനറിയാം.
പുകള്‍പെറ്റ പെരുവനക്കാരുടെ മേളത്തിനും, പയറ്റിത്തെളിഞ്ഞ പല്ലാവൂര്‍ ബാണി പൊഴിയുന്ന പഞ്ചവാദ്യത്തിനും പാലക്കാടിന്റെ പൊരുള്‍ നിറഞ്ഞ മേളക്കാര്‍ക്കും മച്ചാട്ടുകാര്തന്നെ വേണം കൊമ്പിന്. അതിനാല്‍ ഈ പ്രദേശത്തുകാര്‍ നിരക്കുന്ന മേളത്തിനും പഞ്ചവാദ്യത്തിനും കണ്ടറിഞ്ഞ് കൊമ്പൂതാന്‍ ഈ വിഖ്യാത കൊമ്പുകാര്ക്ക് ഒരു ബുദ്ധിമുട്ടുമില്ല.
കൂട്ടിക്കൊട്ടുകളും താളവട്ട മികവിനും, പരന്നൊഴുകുന്ന പതികാല സൗന്ദര്യത്തിനും കൊമ്പൂതുന്നത് കവിത വായിക്കുന്ന രസത്തോടെയെന്ന് മണികണ്ഠന്.
അന്നമനട ത്രയം മുതല്‍ ഇങ്ങോട്ടുള്ള വിദഗ്ധരെ കണ്ടും, ഒന്നിച്ചുകൂടിയും വളര്‍ന്ന മണികണ്ഠന് ഇവരുടെ സംസര്‍ഗം ഏറെ പ്രിയങ്കരമാണ്. അവരില്‍നിന്നെല്ലാം ഗ്രഹിക്കുവാന്‍ ഏറെയുണ്ടായിരുന്നു. മറക്കാനാവാത്ത പ്രതിഭാശാലിയായി കാണാവുന്ന വ്യക്തി പല്ലാവൂര്‍ കുഞ്ഞുക്കുട്ടമാരാരാണ്. അദ്ദേഹത്തിന്റെ ഓരോ പ്രയോഗവും അതീവഹൃദ്യമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യമുള്ള ഓരോ അരങ്ങും നല്ല ക്ലാസുകളായിരിക്കും. മനസ്സിന്റെ ഉള്ളറയില്‍ സൂക്ഷിക്കാവുന്ന ഒന്ന് നമുക്ക് ലഭിക്കും.
കൊമ്പുപറ്റിന്റെ സിദ്ധിയാലാണ് കൊമ്പിലെ താരത്തിനെ കണ്ടെത്താനാവുക. താളത്തില്നിന്നുകൊണ്ട് എണ്ണങ്ങള്‍ ക്രമപ്പെടുത്തി വായിക്കുവാന്‍ കഴിയുന്നതാണ് പറ്റൂതല്‍. വിവിധ താളങ്ങളാല്‍ ഈ കലയെ മണി വികസിപ്പിച്ചെടുത്തിട്ടുണ്ട്. കലാനിലയത്തിലെ വിദ്യാഭ്യാസം മണികണ്ഠന് ഏറെ പ്രയോജനപ്പെട്ടു.
അരമണിക്കൂര്‍ നേരം നീളുന്ന കൊമ്പുപറ്റ് മച്ചാട് അപ്പുനായര് എന്ന മണികണ്ഠന്റെ അച്ഛന് സംവിധാനം ചെയ്തു. അത് ഒന്നും ഒന്നരയും മണിക്കൂര്‍ നേരത്തേക്ക് ഉയര്‍ത്തുവാന്‍ മണികണ്ഠന് സാധിച്ചു. വിവിധ താളങ്ങളില്‍ കൊമ്പുപറ്റ് വിശാലമാക്കിയെടുത്ത മണികണ്ഠന്റെ അച്ഛന്റെയും അമ്മയുടെയും മുന്‍ഗാമികള്‍ കൊമ്പിന്റെ വക്താക്കളായിരുന്നു. മണികണ്ഠന് അടുത്ത തലമുറയെ ഈ വഴിക്കു തിരിച്ചുവിട്ടില്ല. അവരെല്ലാം ഉദ്യോഗസ്ഥരാണ്.
ഒരുകാലത്ത് ഉത്സവങ്ങള്‍ക്കു പുറമെ പ്രശസ്ത ക്ഷേത്രങ്ങളില്‍ പറയെടുപ്പിന് കൊമ്പുവായിക്കാന് പോയിരുന്നു. അത് നല്ല സാധകബലം തന്നിരുന്നു. തന്നെയുമല്ല, ആശാന്സ്ഥാനം അലങ്കരിച്ചിരുന്ന പ്രശസ്തര്‍ക്കൊപ്പം കുറെ ദിവസം ചെലവിടാന്‍ സാധിച്ചിരുന്നു. നല്ല പാഠശാലയുടെ ഗുണം ഇതിനാല്‍ ലഭിച്ചിരുന്നു.
മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ക്ക് മണികണ്ഠന് പ്രിയപ്പെട്ടവന്‍തന്നെ. ധാരാളം വിദേശപരിപാടികള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അരങ്ങുകള്‍ നല്ല അനുഭവങ്ങള്‍ തരുന്നവതന്നെ. േകരളത്തിലെ എല്ലാ വാദ്യപ്രമാണിമാര്ക്കൊപ്പവും സഹകരിച്ച് പ്രവര്‍ത്തിക്കാനായത് ജീവിതത്തിലെ സാഫല്യമാണ്. തെക്കും വടക്കും നിറഞ്ഞുനില്ക്കുന്ന മച്ചാട് കൊമ്പുകലയുടെ ഇന്നത്തെ നായകനിരയില്‍ മണികണ്ഠനും ചേര്ന്നുനില്ക്കുന്നു. പൂരങ്ങള്‍ പ്രസിദ്ധമായത് എവിടെയാണോ അവിടെയെല്ലാം മണികണ്ഠനും കൂടെനില്‍ക്കുകയോ, പ്രമാണസ്ഥാനം അലങ്കരിക്കുകയോ ചെയ്തിട്ടുണ്ട്. ആസ്വാദകര്‍ നല്കിയ വീരശൃംഖലയടക്കം നിരവധി പുരസ്കാരങ്ങള്‍ ഈ കലാകാരന്റെ മാഹാത്മ്യത്തിന് മുതല്‍ക്കൂട്ടാണ്. ചെണ്ടയിലും തിമിലയിലും വിരിയുന്ന എണ്ണങ്ങള്‍ കൊമ്പിലൂടെ വരുത്തിത്തീര്‍ക്കുവാന്‍ ഈ ്രപമാണിമാര്ക്കസാധ്യമാണ്. മലബാര്‍ മേഖലയിലടക്കം നാനൂറിലേറെ ശിഷ്യന്മാര് മണികണ്ഠനുണ്ട്. ഇതെല്ലാം മനസ്സിലഭിമാനിക്കാനുള്ളതാണ്. കോഴിക്കോട്, പയ്യന്നൂര്‍, തൃശൂര്‍ ജില്ലയില്‍ കീനൂര്‍ എന്നിവിടങ്ങളിലും ശിഷ്യവൃന്ദങ്ങള്‍ നിറയെയുണ്ട്.
പഞ്ചവാദ്യക്കാര്ക്കിടയില് പതികാലത്തിന്റെ തിമില വായിച്ചെടുക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണ്. അതെല്ലാം സസൂക്ഷ്മം വീക്ഷിക്കേണ്ടത് കൊമ്പുവാദകന്റെ ചുമതലയാണ്. ആ വഴിയില്‍ ഊതിനിറയ്ക്കണം. ഇവരെ പിന്തുടരുവാന് പ്രാപ്തിയുള്ള മിടുക്കന് മണികണ്ഠന്തന്നെയാണ്. ഓരോരുത്തരുടേയും വഴികള്‍ തുടക്കം കേട്ടാല്‍ നന്നായി കൂടുവാന്‍ ശ്രമിക്കും. കലാനിലയത്തിലെ പഠനം ഇതിനെല്ലാം സഹായമായെന്ന് മണികണ്ഠന് തീര്‍ത്തും ബോധ്യമാണ്.
ഗീതയാണ് ഭാര്യ. മക്കള്‍: രാംകുമാറും കൃഷ്ണകുമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: