താടുപുഴയിലെ ആദ്യകാല സ്വയംസേവകരില്പ്പെടുന്ന ശശിധരന്‍നായര്‍ അന്തരിച്ച വിവരം ‘ജനം’ ടിവിയിലൂടെ അറിഞ്ഞപ്പോള്‍ ആറു പതിറ്റാണ്ടിനപ്പുറത്ത് നടന്ന രംഗങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. അതുപോലെതന്നെയായിരുന്നു അങ്ങാടിപ്പുറത്തെ തളി ക്ഷേത്ര സമരനായിക തങ്കേടത്തിയെന്ന യശോദാ മാധവന്റെ നിര്യാണം മനസ്സില്‍ കൊണ്ടുവന്ന ഓര്‍മ്മകളും. 1955 അവസാനം തൊടുപുഴയില്‍ ശാഖ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ നടന്നപ്പോള്‍ മണക്കാട് എന്‍എസ്എസ് ഹൈസ്കൂളില്‍ ഉണ്ടായ ഒരു ലീവ് വേക്കന്‍സിയില്‍ താല്‍ക്കാലികാധ്യാപകനായി, ഹെഡ്മാസ്റ്ററുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ ചേരുകയായിരുന്നു. അന്ന് അവിടുത്തെ ഒരു വിദ്യാര്‍ത്ഥിയായിരുന്ന ദാമോദരന്‍ ശാഖ തുടങ്ങുന്ന വിവരമറിഞ്ഞപ്പോള്‍ സഹജമായ കൗതുകത്തോടെ നടത്തിയ അന്വേഷണം അയാളെക്കൂടി തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രപരിസരത്ത് കൊണ്ടുപോകാന്‍ പ്രേരണയായി. ഞങ്ങള്‍ ഒരുമിച്ച് നടന്നാണ്, സ്കൂള്‍ വിട്ടുകഴിഞ്ഞ് ശാഖയിലേക്കു പോയത്. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ദാമോദരന്‍ ഭാഗിനേയനായ ശശിയെക്കൂടി ഒപ്പംകൂട്ടി. ഇരുവരും ശാഖാ പ്രവര്‍ത്തനങ്ങളില്‍ ഉത്സാഹപൂര്‍വ്വം പങ്കെടുത്തു. അവരുടെ വീട്ടിലെ മുതിര്‍ന്നവരൊക്കെ അച്ഛന്റെ വിദ്യാര്‍ത്ഥികളും കുടുംബസുഹൃത്തുക്കളുമായതിനാല് ശാഖയില്‍ പോകുന്നതില്‍ വൈമനസ്യം കാട്ടിയില്ല.
ഇരുവരും ധാരാളം ബൗദ്ധികവാസനകളുള്ളവരായിരുന്നു. ദാമോദരന്‍ കവിതാവാസനയുണ്ടായിരുന്നു. ഒന്നുരണ്ടു കൊല്ലം കഴിഞ്ഞ് ഞാന്‍ പ്രചാരകനായപ്പോള്‍, സാക്ഷാല്‍ എംഎ സാര്‍ തൊടുപുഴയിലെത്തി. അദ്ദേഹം നേരത്തെ വാഴൂര്‍ ഭാഗത്താണ് പ്രവര്‍ത്തിച്ചത്. തൊടുപുഴയിലെ സംഘപ്രവര്‍ത്തനത്തിന് അടിത്തറ ഭദ്രമാക്കിയത് എംഎ സാര്‍ ആണെന്നു പറയാം. അദ്ദേഹം ഒട്ടേറെ കുട്ടികളെയും യുവാക്കളെയും സംഘത്തിലേക്കാകര്ഷിച്ചു. കുട്ടികളുടെ പ്രതിഭാവിലാസത്തെ തിരിച്ചറിഞ്ഞ് അതിന് വളം നല്കി വളര്‍ത്താനുള്ള സഹജമായ സാമര്‍ഥ്യം എംഎ സാറിനുണ്ടല്ലോ. ഭാരതത്തിലെ ഏറ്റവും ബൃഹത്തും, അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയതുമായ ബാലഗോകുലമെന്ന പ്രസ്ഥാനത്തിന്റെ പിന്നിലെ ചൈതന്യം എംഎ സാറിലാണെന്നതുതന്നെ അതിന്റെ തെളിവാണ്. നേരത്തെ പറഞ്ഞ ദാമോദരനിലെ കവിതാ മനസ്സിനെ വിടര്‍ത്തിയെടുക്കാന്‍ എംഎ സാറിനു കഴിഞ്ഞു. അത് കേസരി വാരികയിലെ ബാലഗോകുലം പംക്തിയിലൂടെ പലതവണ കണ്ടപ്പോള്‍ ബോധ്യമായി. ശശിധരനിലെ അക്ഷരശ്ലോക വാസനയും എംഎ സാര്‍ പരിപോഷിപ്പിച്ചു. പില്ക്കാലത്ത് ശശി അക്ഷരശ്ലോക ഉപാസകനും വിദഗ്ധനുമായിത്തീര്ന്നു. മണക്കാട് അക്ഷരശ്ലോക സമിതിയുടെ പ്രമുഖന് അദ്ദേഹമായി.
ദാമോദരന്‍ പിന്നീട് ഉന്നത വിദ്യാഭ്യാസ ബിരുദം നേടി, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് ഡോക്ടറുമായി. കേരളത്തിന്റെ പല ഭാഗങ്ങളിലും ജോലിചെയ്തു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ അനസ്തേഷ്യാ വിഭാഗത്തില്‍നിന്ന് വിരമിച്ചു. ഇടയ്ക്കിടെ എളമക്കര കാര്യാലയത്തില്‍ വന്ന് എംഎ സാറുമായുള്ള ബന്ധം നിലനിര്‍ത്തിപ്പോന്നു.
ശശിധരനാകട്ടെ മക്കളെ സ്വയംസേവകരാക്കുന്നതില്‍ മുന്‍കയ്യെടുത്തു. പത്മകുമാറും പത്മപാദനും പത്മഭൂഷണും അങ്ങനെ സ്വയംസേവകരായി. പത്മഭൂഷണ്‍ ഹൈന്ദവതയുമായി ബന്ധപ്പെട്ട ഏതു പ്രവര്‍ത്തനത്തിനും മുന്നിലുണ്ട്. പത്മകുമാറിന്റെ പത്നി ബിന്ദു എത്രയോ തവണ തൊടുപുഴ നഗരസഭയിലെ അംഗമായിക്കഴിയുന്നു. പത്മകുമാറും പത്മനാഭനും അത്ര മുന്‍നിരയില്‍ പ്രത്യക്ഷരാവാറില്ലെന്നേയുള്ളൂ. പത്മഭൂഷണില്ലാത്ത, ഹൈന്ദവതയുമായി ബന്ധമുള്ള സാംസ്കാരികമോ ആത്മീയമോ രാഷ്ട്രീയമോ ആയ ഒരു പരിപാടിയും തൊടുപുഴയില്‍ നടക്കാറില്ല. ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ സംസ്ഥാന കാര്യദര്ശികൂടിയാണദ്ദേഹം.
ജന്മഭൂമി എറണാകുളത്തുനിന്നാരംഭിച്ചശേഷം ഞാന്‍ തൊടുപുഴയില്‍ താമസമാക്കിയപ്പോള്‍ മുതല്‍ ഏതു സംഘപരിപാടിയായാലും അതില്‍ ശശിധരനെ കാണുമായിരുന്നു. നാഡീസംബന്ധമായ അസ്വാസ്ഥ്യംമൂലം കൈകളുടെ വിലക്ഷണമായ ചലനങ്ങള്‍ കാണുന്നവര്‍ക്ക് അസ്വാസ്ഥ്യം തോന്നിക്കുമായിരുന്നെങ്കിലും അതിനെ ജീവിതത്തിന്റെ ഭാഗമായി കരുതി സഹജമായിത്തന്നെ പെരുമാറാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു.
കലാസാഹിത്യ സാംസ്കാരിക രംഗങ്ങളില്‍ തന്റെ വ്യക്തിമുദ്ര പതിച്ച ശശിയുടെ വിയോഗം തൊടുപുഴയുടെ പൊതുജീവിതത്തിന് നഷ്ടംതന്നെയാണ്. തൊടുപുഴയിലെ സംഘചരിത്രത്തില് തുടക്കംമുതല്‍തന്നെ സ്ഥാനം നേടി ആറു പതിറ്റാണ്ടിലേറെക്കാലം തുടര്‍ന്നുവെന്നതുതന്നെ ശ്രദ്ധേയമാകുന്നു.
തങ്കേടത്തിയുടെ വിയോഗം ഉത്തരകേരളത്തിലെ ഹൈന്ദവ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ തുടക്കം എന്നു പറയാവുന്ന തളി ക്ഷേത്ര വിമോചന സമരത്തിന്റെ കേന്ദ്രബിന്ദുവിലേക്കു നമ്മെ എത്തിക്കുകയാണ്. കേളപ്പജി, കുട്ടിശങ്കരന്നായര്, ടി.എന്‍. ഭരതന്, ടി.പി. വിനോദിനിയമ്മ, എം. ദേവകിയമ്മ, ലീലാ ദാമോദരമേനോന്‍, പരമേശ്വര്‍ജി, ഒ. രാജഗോപാല്‍ മുതലായി എത്രയെത്ര പേരുടെ നേതൃത്വത്തിലും മാര്‍ഗദര്‍ശനത്തിലും നടന്ന ആ സമരത്തില്‍ വനിതാ വിഭാഗത്തിന്റെ ധീരനായികയായി മുന്നിട്ടിറങ്ങിയത് തങ്കേടത്തി എന്ന യശോദാ മാധവനായിരുന്നു.
‘കേസരി’ മാനേജരായിരുന്ന എം. രാഘവേട്ടനുമൊരുമിച്ചായിരുന്നു ആ വീട്ടില്‍ പോകാന്‍ എനിക്ക് അവസരമുണ്ടായത്. മക്കളായ സുരേന്ദ്രനെയും നാരായണന്‍കുട്ടിയെയും നേരത്തെ പരിചയമുണ്ടായിരുന്നു. രാഘവേട്ടന് അവരുടെ വീ ട്ടിലെ അംഗത്തെപ്പോലെതന്നെയായിക്കഴിഞ്ഞിരുന്നു. കേളപ്പജി ക്ഷേത്രസംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയപ്പോള്‍ അവിടുത്തെ ശിവലിംഗത്തെ പുരാവസ്തുവായി പ്രഖ്യാപിച്ച് മതില് കൊട്ടിയടയ്ക്കാനാണ് സപ്തകക്ഷി ഭരണത്തിന്റെ തലവന്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് കല്‍പ്പന നല്‍കിയത്. ആ മതില്‍ക്കെട്ട് പൊളിക്കാന്‍ മുന്നിട്ടിറങ്ങിയവരില്‍ തങ്കേടത്തിയുമുണ്ടായിരുന്നു.
മലബാര്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ ആദ്യസംരംഭം തളി ക്ഷേത്രനിര്മാണമായിരുന്നല്ലോ. പിന്നീട് സമിതിയുടെയും കേളപ്പജിയുടെയും അഭിലാഷപ്രകാരമാണ് കേരള ക്ഷേത്രസംരക്ഷണ സമിതിയായി അതിനെ വിപുലീകരിച്ചതും മാധവ്ജിയുടെ നേതൃത്വത്തില്‍ അത് മുന്നേറിയതും. തളി ക്ഷേത്രവിമോചന പ്രക്ഷോഭത്തില്‍ നിര്‍വഹിച്ച ധീരോദാത്തമായ പങ്കിനെ ആദരിച്ച് തങ്കേടത്തിക്ക് കേരള ക്ഷേത്രസംരക്ഷണ സമിതി വീരമാതാ പുരസ്കാരവും സമ്മാനിച്ചു. അതിന്റെ ചൈതന്യമുള്ക്കൊണ്ടായിരുന്നു വി.പി. ജനാര്‍ദ്ദനന്റെയും മറ്റും ഉത്സാഹത്തില്‍ തൊട്ടപ്പുറത്തെ മലാപ്പറമ്പില്‍ രാമസിംഹന് ബലിദാനിയായ സ്ഥലത്ത് ശ്രീനരസിംഹക്ഷേത്രം പുനര്‍നിര്‍മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: