‘ആ’ എന്ന അക്ഷരം കാണുമ്പോള്‍ ആനയെ ഓര്‍മ്മ വരുന്നത് സ്വാഭാവികം. ആ അക്ഷരത്തിന് ആനയുമായി അത്രയേറെ സാമ്യമുണ്ട്. അതുപോലെ വിശപ്പിലെ ‘ശ’ കണ്ടാല്‍ ഒട്ടിയ വയറ് സങ്കല്പിച്ചാലും അത്ഭുതമില്ല. ബോറന് എന്നതിലെ ‘റ’ മനസ്സില്‍ വായിക്കുമ്പോള്‍ അറു ബോറന്റെ വൃത്തികെട്ട ‘മോറ്’ തെളിഞ്ഞു വന്നേക്കാം.
അക്ഷരങ്ങള്‍ ഉരുവംകൊള്ളുന്നത് ഇങ്ങനെയാണ്. ഭാഷിക്കുന്നതാണ് ‘ഭാഷ’യെങ്കില്‍ ദൃശ്യവിന്യാസത്തിലൂടെ അക്ഷരങ്ങള്‍ അവയ്ക്ക് അമരത്വം നല്കുന്നു. വാമൊഴിയില്‍നിന്ന് വരമൊഴിയിലേക്കാണല്ലോ ഭാഷ വളര്‍ന്നത്. ‘ക്ഷരം’ ഇല്ലാത്തതാണ് അക്ഷരം. കുട്ടിക്കാലത്ത് ‘ആ’ എന്ന അക്ഷരത്തിന്റെ ആനപ്പുറത്തു കയറിയാണ് താന്‍ പാപ്പാനായത് എന്ന് കവിയും ‘അക്ഷരം’ മാസികയുടെ പത്രാധിപരുമായിരുന്ന എ. അയ്യപ്പന്. അക്ഷരമേ, നിന്നെ ‘ക്ഷ’ പിടിച്ചു എന്ന് കവി കുഞ്ഞുണ്ണി.
ഡിസൈനിങ്ങിന്റെ ഏറ്റവും ഉന്നതശ്രേണിയിലാണ് ലിപി രൂപകല്പനയുടെ സ്ഥാനം. വളരെയേറെ ശ്രദ്ധയും നൈപുണ്യവും സൂക്ഷ്മതയും ഭാവനയും ആവശ്യപ്പെടുന്ന പ്രവൃത്തി. അതിനാല്‍ ദൃശ്യകലയുടെ മര്‍മ്മമറിഞ്ഞ പ്രതിഭാശാലികള്‍ക്കു മാത്രമേ ഈ രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകൂ.
ഏതൊരു ലിപിയും രൂപപ്പെടുന്നത് ഡിസൈനറുടെ സൂക്ഷ്മമായ ധ്യാനത്തില്‍നിന്നാണ്. ആദ്യാക്ഷരം മുതല്‍ അന്ത്യാക്ഷരംവരെ ഒരേ ചരടില്‍ കോര്‍ത്തിണക്കിയാല്‍ മാത്രമേ നൈരന്തര്യം അനുഭവവേദ്യമാകൂ. ഇടയ്ക്ക് ഭംഗം നേരിട്ടാല്‍, താളപ്പിഴ സംഭവിച്ചാല്‍, എല്ലാം അവതാളത്തിലാകും. ലിപിയുടെ സ്വത്വം നഷ്ടമാകും. അവിടെയാണ് ലിപിയുടെ രൂപകല്പനയില് ഏകാഗ്രത മര്മ്മപ്രധാനമാകുന്നത്. ഡിസൈനര്‍ക്ക് ആ വിഷയത്തില്‍ അഗാധമായ അറിവും ധാരണയും ഉണ്ടായിരിക്കണം. ഭാഷയുമായുള്ള വൈകാരികബന്ധം ഉണ്ടെങ്കിലേ ലിപിയുടെ ആത്മാവറിഞ്ഞ് സൃഷ്ടി നിര്‍വഹിക്കാന്‍ കഴിയൂ.
എറണാകുളം ജില്ലയിലെ മഴുവന്നൂര്‍ സ്വദേശിയായ ഹരിദാസ് നരീക്കലിന് കുട്ടിക്കാലം മുതലേ അക്ഷരങ്ങളുടെ അത്ഭുതലോകം ആകര്ഷകമായിത്തോന്നിയിരുന്നു. വായന മാത്രമല്ല, എഴുതപ്പെട്ട ഓരോ അക്ഷരവും അദ്ദേഹത്തിനു പ്രിയപ്പെട്ടതായിരുന്നു. ലിപിയുടെ രൂപഘടനയിലും വിന്യാസത്തിലും എന്തുകൊണ്ടോ പ്രത്യേക താല്പര്യം ജനിച്ചു. വാര്‍ത്തയേക്കാള്‍, വസ്തുതയേക്കാള്‍, സംഭവങ്ങളേക്കാള്‍ ഡിസൈനിങ്ങിന്റെ മാസ്മരികതയില്‍ കണ്ണുകള്‍ ഉടക്കുവാനുള്ള ജന്മവാസന അദ്ദേഹത്തിനുണ്ടായിരുന്നു. കൂടുതല്‍ വായിക്കുന്തോറും പഠിക്കുന്തോറും ഈ സിദ്ധി വികസിച്ചുവന്നു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ചേര്‍ന്ന് ചിത്രകല പഠിച്ചപ്പോള്‍ അതു കൂടുതല്‍ വികസ്വരമായി. പഠനച്ചെലവിന് സ്വന്തമായി പണം സ്വരൂപിക്കേണ്ടിവന്നപ്പോള് അദ്ദേഹം തെരഞ്ഞെടുത്ത വഴി, ഡിസൈനിങ്ങും ബാനറെഴുത്തുമായിരുന്നു. ഇത് ആ മേഖലയെ ഉദ്ദീപ്തമാക്കി. കംപ്യൂട്ടര്‍ വ്യാപകമല്ലാതിരുന്ന അക്കാലത്ത് കൈയും ബ്രഷും വച്ചുവേണമായിരുന്നു ആര്‍ട്ട്വര്‍ക്കുകള്‍ തയ്യാറാക്കാന്‍. ഈ ജോലിയില്‍ ‘ടച്ച് ആന്റ് ഫീല്‍’ എന്നത് വളരെ പ്രധാനമാണല്ലോ. ഈ പ്രവൃത്തി പരിചയം വലിയൊരു മൂലധനമായി. പെയിന്റിങ്ങില്‍ ഒന്നാം റാങ്കോടെ പഠനം പൂര്‍ത്തിയാക്കി. ഇതിനിടെ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്കാരവും ലഭിച്ചു. പഠനാനന്തരം, പ്രസിദ്ധ പബ്ലിഷിങ് സ്ഥാപനത്തില്‍ ഡിസൈനറായി. ബുക്ക് കവര്‍ അടക്കം അച്ചടി, പ്രൊഡക്ഷന്‍ എന്നിവയുടെ ഉത്തരവാദിത്തവും ഇക്കാലയളവില്‍ നിര്‍വഹിക്കേണ്ടിവന്നു. അതും മുതല്‍ക്കൂട്ടായി.
ആ ജോലി ഉപേക്ഷിച്ച് ഹരിദാസ്, സ്വന്തമായി പബ്ലിക്കേഷന്‍ ഡിസൈനിങ്ങിലും ടൈപ്പ് ഡിസൈനിങ്ങിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അദ്ദേഹം ഈ രംഗത്തേക്കു പ്രവേശിക്കുമ്പോള്‍, ടൈപ്പോഗ്രാഫി എന്ന പദം മലയാളികള്‍ക്ക് സുപരിചിതമായിരുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കും ഇതേക്കുറിച്ച് വലിയ ധാരണയൊന്നുമില്ലായിരുന്നു. അതുകൊണ്ട് പല പ്രസാധകരേയും ടൈപ്പ് ഡിസൈനിങ്ങിന്റെയും ലിപി വിന്യാസത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹത്തിന് ബോധവത്കരിക്കേണ്ടി വന്നു. ക്രമേണ, അതിലദ്ദേഹം വിജയിക്കുകയും ചെയ്തു.
‘മാധ്യമം’ ദിനപ്പത്രം അതിന്റെ ഇരുപതാം വാര്‍ഷികത്തില്‍ പുതിയ രൂപഭാവങ്ങളോടെ പ്രത്യക്ഷപ്പെട്ടപ്പോള്‍, അതിലുപയോഗിച്ച ലിപികള്‍ രൂപകല്പന ചെയ്തത് ഹരിദാസായിരുന്നു. മാധ്യമത്തിന്റെ ബോഡി ലിപിയും ഹെഡ്ലൈന് ലിപികളും ഒരേ സമയം മാറ്റി. പത്രത്തിന്റെ മാസ്റ്റ്ഹെഡും ഹരിദാസ് പുതുക്കി, തികച്ചും പുതുമയോടെ, നവോന്മേഷത്തോടെ പുറത്തുവന്നു. ആ മാറ്റം വായനക്കാര്‍ സഹര്‍ഷം സ്വീകരിച്ചു. സ്വാഭാവികമായും പത്രപ്രവര്‍ത്തകര്‍ക്കിടയിലും അക്കാര്യം സംസാരവിഷയമായി; ഒരു ഇന്‍ഫര്‍മേഷന്‍ ഡിസൈനറുടെ ഗംഭീരമായ തുടക്കവുമായി അത്!
തന്നെ ഏല്പിച്ച ആദ്യ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ഹരിദാസ് നരീക്കല്‍ മലയാള പബ്ലിഷിങ് രംഗത്തെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. തുടര്‍ന്നുവന്ന നിരവധി പ്രോജക്ടുകള്‍ അദ്ദേഹത്തിന്റെ പ്രതിഭയ്ക്കുള്ള അംഗീകാരങ്ങളായി. കേരളത്തിലെ നിരവധി പ്രസാധകര് അദ്ദേഹത്തിന്റെ സേവനം തേടിയെത്തി. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ‘ജനയുഗം’ പത്രം വീണ്ടും പുറത്തിറങ്ങിയപ്പോള്‍ ഹരിദാസ് പേജുകളും ലിപിയും രൂപകല്പന ചെയ്തു. പിന്നീട് ‘ചന്ദ്രിക’, ‘സിറാജ്’, ‘മെട്രോവാര്‍ത്ത’, ‘വീക്ഷണം’, ‘ജന്മഭൂമി’, ‘ന്യൂഏജ്’, ‘മലയാളീ സംഗമം’ (ന്യൂയോര്‍ക്ക്), ‘മംഗളം’ എന്നീ ദിനപത്രങ്ങളുടേയും ‘ഫാമിലി ഫേസ്ബുക്ക്’, ‘മംഗളം വാരിക’, ‘ആരോഗ്യമംഗളം’, ‘ചിത്രവാര്‍ത്ത’, ‘ഋഷിമുഖ്’, ‘കേരള മാര്‍ക്കറ്റ്’ തുടങ്ങി നിരവധി മാഗസിനുകളുടേയും രൂപകല്പന അദ്ദേഹം ഏറ്റെടുത്തു. ലിപി വിന്യാസത്തിലൂടെ ഒരു പത്രത്തിന്റെ മുഖച്ഛായ മാത്രമല്ല, വ്യക്തിത്വവും മാറ്റിയെടുക്കാമെന്ന് ഇതിലൂടെ ഹരിദാസ് തെളിയിച്ചു. ഇന്ന് ഈ മേഖലയിലെ അനിവാര്യ സാന്നിധ്യമാണ് ഇദ്ദേഹം.
ഇലക്ട്രോണിക് മാധ്യമരംഗത്ത് ‘ഏഷ്യാനെറ്റ് ന്യൂസ്’, ‘വേഴ്സ്’, ‘ഇന്ത്യാവിഷന്’, ‘റിപ്പോര്‍ട്ടര്‍’, ‘ജീവന്’, ‘മംഗളം ന്യൂസ്’, ‘ടിവി ന്യൂ’ എന്നീ ചാനലുകള്‍ വേറിട്ടു നില്ക്കുന്നതിനു പിന്നിലും ഹരിദാസിന്റെ സര്‍ഗ വൈഭവംതന്നെ. ംംം.വേലശിറശമിലേഹലഴൃമാ.രീാ എന്ന ബൃഹത്തായ ന്യൂസ് പോര്‍ട്ടലും ഏറെ ശ്രദ്ധ നേടിയിരുന്നു. ദൃശ്യങ്ങള്‍ക്കൊപ്പം മിന്നിമറയുന്ന അക്ഷരങ്ങള്‍ ഓരോ ചാനലിന്റെയും സൗന്ദര്യശാസ്ത്രമനുസരിച്ച് രൂപകല്പന ചെയ്തെടുത്ത ലിപികളുടെയും അതിന്റെ വിന്യാസത്തിന്റെയും അത്ഭുതപ്രവര്ത്തനമാണെന്ന് എത്രപേര്‍ക്കറിയാം?
ഹരിദാസിന്റെ പ്രവര്‍ത്തനമണ്ഡലം ഇന്‍ഫര്‍മേഷന്‍ ഡിസൈനില്‍ മാത്രം ഒതുങ്ങുന്നില്ല. നൂറില്‍പരം സ്ഥാപനങ്ങളുടെ ബ്രാന്‍ഡിങ് ജോലികളും അദ്ദേഹം നിര്‍വഹിച്ചുകഴിഞ്ഞു. ഒരു സ്ഥാപനത്തിന്റെയോ ഉത്പന്നത്തിന്റെയോ ലോഗോ മുതല്‍ നിരവധി വാണിജ്യ സാമഗ്രികളുടെ ഡിസൈനുകളാണ് ഇതില്‍ വരുന്നത്.
ഇന്ന് അഡ്വര്‍ടൈസിങ് ഏജന്‍സികള്‍, പത്ര സ്ഥാപനങ്ങള്‍, കലാവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സംഘടനകള്‍, അക്കാദമികള്‍ ഇവരെല്ലാം ഹരിദാസിന്റെ അറിവിനെയും സേവനത്തെയും ആശ്രയിക്കുന്നു. അമൃത യൂണിവേഴ്സിറ്റി, തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് എന്നിവിടങ്ങളില്‍ ദൃശ്യഭാഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിക്കുന്നു. 2016-ല്‍ ഹരിദാസ് പ്രസിദ്ധീകരിച്ച ‘ജലച്ചായം’ എന്ന പുസ്തകം ജലച്ചായ ചിത്രരചനയ്ക്കു മാത്രമല്ല, ദൃശ്യഭാഷയ്ക്കുതന്നെ മുതല്‍ക്കൂട്ടായ മികച്ച റഫറന്‍സ് ഗ്രന്ഥമാണ്.
ടൈപ്പ് ഡിസൈനിങ്ങ് എന്നത് കേവലം ജോലിക്കപ്പുറം ആത്മാര്‍ത്ഥതയോടെ, സമര്‍പ്പണത്തോടെ നടത്തേണ്ട ഒരു സര്‍ഗാത്മക പ്രവര്‍ത്തനമാണെന്ന് ഹരിദാസ് വിശ്വസിക്കുന്നു. പത്രം, ചാനല്‍, ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ഇവയെല്ലാം രൂപകല്പന ചെയ്യുക, അവയ്ക്ക് അനുരൂപമായ ലിപികള്‍ തയ്യാറാക്കുക ഇവയെല്ലാം ഡിസൈന്‍ മേഖലയിലെതന്നെ ഏറ്റവും വലിയ പ്ലാറ്റ്ഫോമുകളാണ്. വളരെയേറെ സൂക്ഷ്മതയും ഏകാഗ്രതയും ത്യാഗവുമെല്ലാം ആവശ്യപ്പെടുന്ന ഈ മേഖലയില്‍ രാജ്യത്തുതന്നെ വിരലിലെണ്ണാവുന്നത്ര വ്യക്തികളേ പ്രവര്‍ത്തിക്കുന്നുള്ളൂ.
ഡിസൈനിങ്ങിലെ നൂതന പ്രവണതകളേയും സങ്കേതങ്ങളേയും കുറിച്ചുള്ള അറിവ് നമുക്ക് പരിമിതമാണ്. കലാ ചരിത്രം, സൗന്ദര്യശാസ്ത്രം (മലേെവലശേര)െ എന്നിവയിലെ പഠനത്തിന്റെ അപര്യാപ്തതയാണ് ഈ അപചയത്തിന്റെ പ്രധാന കാരണമെന്ന് ഹരിദാസ് വിശ്വസിക്കുന്നു. വിഷ്വല്‍ മെര്ച്ചന്റൈസിങ്ങിന്റെ തന്ത്രങ്ങളില്‍ വീണുപോയ മലയാളികളെയാണ് സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലും നാം ഇന്നു കാണുന്നത്. ദൃശ്യഭാഷയാണ് ഇന്ന് വിപണി നിയന്ത്രിക്കുന്നത്. ജനങ്ങളുടെ ഉപബോധത്തിലാണ് ഈ ഭാഷ ഇടപെടുന്നത്; അതുകൊണ്ടുതന്നെ അത് കൂടുതല്‍ ശക്തമാണെന്നും നാമറിയണം. വിഷ്വല്‍ കമ്യൂണിക്കേഷന്റെ ശാസ്ത്രീയതയാണ് സുതാര്യമായ ഗ്രഹണം (ൃേമിുെമൃലി േഹലമൃിശിഴ) സാധ്യമാക്കുന്നത്. അവിടെ വായന എന്നത് സ്വയമറിയാതെയുള്ള, അയത്നലളിതമായ പ്രക്രിയയായി മാറുകയാണ്. അത്തരത്തിലുള്ള വായന സാധ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഹരിദാസ് പറയുന്നു.
അച്ചടിമഷി, അക്ഷരങ്ങളുടെ ഈ ശില്പിയെ അനുസരിച്ച്, തങ്ങള്‍ക്കു കല്പ്പിച്ചു നല്കിയ രൂപങ്ങളിലേക്ക് ഒഴുകിയിറങ്ങി, സാവധാനം അനുവാചകന്റെ മനസ്സുകളിലേക്ക് പരക്കുകയാണ്; അവിടെ, അനുഭൂതിയുടെ അനുരണനങ്ങള്‍ വിടരുകയാണ്, നാമറിയാതെ…!
കെ.എന്‍. ഷാജി
പ്രതികരിക്കാൻ ഇവിടെ എഴുതുക: