കരയില്‍നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ പസഫിക് സമുദ്രത്തില്‍ ഒരു കൊച്ചു ദ്വീപുണ്ട്. പവിഴപ്പുറ്റുകളുടെ ബലത്തില്‍ കടലമ്മ നെയ്തെടുത്ത മനോഹരമായ ഒരു ചെറുദ്വീപ്. പേര് ‘മിഡ്വേ അറ്റോള്‍.’ കേവലം രണ്ടര ചതുരശ്രമൈല്‍ വിസ്തീര്‍ണ്ണമുള്ള ഈ ദ്വീപില്‍ 35 ലക്ഷം പക്ഷികള്‍ കുടിപാര്‍ക്കുന്നുണ്ടെന്നാണ് കണക്ക്. അവര്‍ക്ക് കൂട്ടിന് 40 മനുഷ്യര്‍. മനുഷ്യര്‍ക്ക് കൂര കെട്ടാനോ കുടിച്ച് കൂത്താടാനോ ഈ ദ്വീപില്‍ അനുവാദമില്ല. കാരണം കടല്‍പക്ഷികളുടെ സംരക്ഷിത വനമാണിത്. പക്ഷികളെ ശല്യപ്പെടുത്താന്‍ ആര്‍ക്കും അനുവാദമില്ല.
പക്ഷേ ഈ പക്ഷികളൊന്നും ‘മിഡ്വേ’യില്‍ സുരക്ഷിതരല്ല. മരണം പ്ലാസ്റ്റിക്കിന്റെ രൂപത്തില്‍ ഇവയെ വേട്ടയാടുന്നു. രണ്ടായിരവും മൂവായിരവും മൈലുകള്‍ക്കപ്പുറത്ത് നാമൊക്കെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കഷണങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ കടലലകളിലൂടെ ഈ ദ്വീപിലേക്ക് ഒഴുകിയെത്തുന്നു. ദ്വീപിനു ചുറ്റും പതഞ്ഞുയരുന്ന തിരമാലകളില്‍ ഡോള്‍ഫിന്‍ മത്സ്യങ്ങള്‍ക്കും ആല്‍ബട്രോസ് പക്ഷികള്‍ക്കുമൊപ്പം വര്‍ണശബളമായ പ്ലാസ്റ്റിക് മാലിന്യങ്ങളും മുങ്ങിപ്പൊങ്ങുന്നു. കപ്പും കുപ്പിയും കളിപ്പാട്ടങ്ങളും മുതല്‍ നാപ്കിനുകളും ഹെല്‍മറ്റുകളും വരെ ഈ ദ്വീപിനു ചുറ്റും മുങ്ങിപ്പൊങ്ങുന്നു.
യുദ്ധകാലത്ത് നിര്‍മ്മിച്ച പഴയൊരു വിമാനത്താവളമാണ് ദ്വീപിനെ പുറംലോകവുമായി ബന്ധിക്കുന്നത്. റണ്‍വേയില്‍വരെ പക്ഷികള്‍ വിശ്രമിക്കുകയാണ്. പക്ഷേ അന്തരീക്ഷത്തില്‍ ഒരുതരം ചീഞ്ഞളിഞ്ഞ ഗന്ധം തങ്ങിനില്‍ക്കുകയാണത്രേ. കാരണം പക്ഷികളുടെ ചീഞ്ഞളിഞ്ഞ ജഡങ്ങള്‍ അവിടെ ചിതറിക്കിടക്കുന്നു. കടല്‍കൊക്കുകളും ചെറുപക്ഷികളും മുതല്‍ ആല്‍ബട്രോസ് പക്ഷികള്‍ വരെ. ആ ശരീരഭാഗങ്ങള്‍ ഒന്ന് ചികഞ്ഞുനോക്കിയാല്‍ ഞെട്ടിപ്പിക്കുന്ന മറ്റൊരു കാഴ്ച കാണാം. അവയുടെ ഉള്ളില്‍ നിറയെ പ്ലാസ്റ്റിക് കഷണങ്ങളാണ്. കുപ്പിയുടെ അടപ്പുകള്‍, വിസില്‍, ചരട്, സിഗരറ്റ് ലൈറ്റര്‍ തുടങ്ങിയവ. ഭക്ഷണമാണെന്ന് തെറ്റിദ്ധരിച്ച് പക്ഷികള്‍ ആഹരിച്ച വസ്തുക്കള്‍. അവയുടെ ജീവനപഹരിച്ച വസ്തുക്കള്‍.
കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലുള്ള പ്ലാസ്റ്റിക് നുറുങ്ങുകളാണ് പാവം പക്ഷികളെ ചതിയില്‍പ്പെടുത്തുന്നത്. അവ മത്സ്യമെന്നു കരുതി വിഴുങ്ങുന്നു. അന്നനാളത്തിലെത്തുന്ന ഈ മാലിന്യങ്ങള്‍ പക്ഷികളെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്. ദ്വീപില്‍ കാത്തിരിക്കുന്ന കുഞ്ഞുമക്കള്‍ക്കുവേണ്ടി കൊത്തിക്കൊണ്ടുവരുന്നതും അവയുടെ ഇളംചുണ്ടുകളിലേക്ക് നല്‍കുന്നതും വൃത്തികെട്ട ഇതേ വസ്തുക്കള്‍ തന്നെ. അതോടെ പക്ഷിക്കുഞ്ഞുങ്ങളും പിടിഞ്ഞുമരിക്കും. ആല്‍ബട്രോസ് പക്ഷികളുടെ ആസ്ഥാനമാണ് ഈ പ്ലാസ്റ്റിക് ദ്വീപ്. അവ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെനിന്നാണ് പ്ലാസ്റ്റിക് നുറുങ്ങുകളുമായി പൊന്നോമനകളെ തേടിയെത്തുന്നത്. ഇത്തരം കടല്പക്ഷികള് പ്രതിവര്‍ഷം 10000 പൗണ്ട് പ്ലാസ്റ്റിക് കഷണങ്ങളാണ് ദ്വീപിലേക്ക് കൊക്കുകളില്‍ എത്തിക്കുന്നതത്രേ.
മിഡ്വേ ദ്വീപില്‍ ചത്തുചീഞ്ഞു കിടക്കുന്ന ഒരു ആല്‍ബട്രോസ് പക്ഷിയുടെ പ്രേതപരിശോധനയില്‍ ലഭിച്ച 558 പ്ലാസ്റ്റിക് കഷണങ്ങളെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
സാന്‍ഫ്രാന്‍സിസ്കോയില്‍നിന്ന് 3200 മെല്‍ അകലെയാണ് മിഡ്വേ ഐലന്റ് എന്ന പ്ലാസ്റ്റിക് ദ്വീപ്. ഹവായ് ദ്വീപുകളില്‍നിന്ന് 1200 മൈല്‍. എന്നിട്ടും പ്ലാസ്റ്റിക് മഹാമാരി മിഡ്വേയിലെത്തി. കടലില്‍ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് ചവറുകൂന സ്ഥിതിചെയ്യുന്നത് ഈ ദ്വീപിന് വളരെയടുത്ത്. അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തിന്റെ രണ്ടിരട്ടി വിസ്തീര്‍ണം. അവിടെനിന്നും ഒഴുകിയെത്തുന്ന മാലിന്യങ്ങളും ദ്വീപിന്റെ ചുറ്റുമുള്ള പവിഴപ്പുറ്റുകളില്‍ അടിഞ്ഞുകൂടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കയുടെ നാവിക നിയന്ത്രണത്തിലാണ് മിഡ്വേ. 1996-ല്‍ അത് യുഎസ് ഫിഷ് ആന്റ് വൈല്‍ഡ്ലൈഫ് വകുപ്പ് ഏറ്റെടുത്തു. ഇരുപതില്പരം വര്‍ഗങ്ങളില്‍പ്പെട്ട 35 ലക്ഷം പക്ഷികളാണിവിടത്തെ സ്ഥിരതാമസക്കാരെങ്കിലും ദ്വീപിനു ചാരത്തുള്ള പവിഴപ്പുറ്റുകളില്‍ അപാരമായ ജൈവ വൈവിധ്യമാണുള്ളത്. വംശനാശത്തിന്റെ വക്കിലെത്തിയ ഹവാലിയന്‍ മോങ്ക് സീല്‍ മത്സ്യങ്ങള്‍ കുഞ്ഞുങ്ങളെ പോറ്റുന്നതും 250 അംഗങ്ങളുള്ള വമ്പന്‍ ഡോള്‍ഫിന്‍ കൂട്ടം കാലയാപനം നടത്തുന്നതും ഈ ദ്വീപിനോട് ചേര്‍ന്നാണ്. അപൂര്‍വയിനങ്ങളായ പച്ച ആമകള്‍ അലസഗമനം നടത്തുന്നതും 250-ല്‍പരം വര്‍ഗത്തില്‍പ്പെട്ട മത്സ്യങ്ങള്‍ സുരക്ഷിതമായി ജീവിക്കുന്നതും ഇതേ സ്ഥലത്തുതന്നെ.
പ്ലാസ്റ്റിക്കിന് ഒരിക്കലും നാശമില്ല. മിഡ്വേയിലെത്തുന്ന ചില പ്ലാസ്റ്റിക്കുകള്‍ വിഘടിച്ച് തരികളായി ആ തീരത്തെ മണലില്‍ വിലയം പ്രാപിക്കുന്നുവത്രെ. അത്തരം തരികള്‍ അകത്താക്കുന്ന മത്സ്യങ്ങളില്‍ വളര്‍ച്ച മുരടിക്കുക, പ്രത്യുല്പാദന കഴിവ് നഷടപ്പെടുക, വിളര്‍ച്ച തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ മത്സ്യഗവേഷകര്‍ കണ്ടെത്തി. അത്തരം മത്സ്യങ്ങളെ കഴിക്കുന്ന വന്‍മത്സ്യങ്ങളിലും മനുഷ്യരിലും ജൈവസാന്ദ്രീകരണത്തിലൂടെ അതേ പ്ലാസ്റ്റിക് എത്തിച്ചേരുന്നു. പ്ലാസ്റ്റിക്കിലെ മുഖ്യഘടകമായ സ്റ്റെറിന് ക്യാന്‍സര്‍കാരിയാണെന്ന ആരോപണം അതിനോട് ചേര്‍ത്ത് വായിക്കുകയും വേണം. ഷെല്‍ മത്സ്യം സ്ഥിരമായി കഴിക്കുന്ന ഒരു യൂറോപ്പ് നിവാസിയുടെ ഉള്ളില്‍ പ്രതിവര്‍ഷം 11000 മെട്രോ പ്ലാസ്റ്റിക് തരികള്‍ എത്തിച്ചേരുന്നുവെന്ന ഒരു കണക്കും ചില ശാസ്ത്രജ്ഞന്മാര് മുന്നോട്ടുവയ്ക്കുന്നു.
വാല്‍ക്കഷണം: പ്ലാസ്റ്റിക് തരികളായ മൈക്രോപ്ലാസ്റ്റിക് കലര്‍ന്ന വെള്ളത്തില്‍ വളര്‍ത്തിയ പെര്‍ച്ച് മത്സ്യങ്ങളുടെ ലാര്‍വകളെ അവയുടെ സ്വതസ്സിദ്ധമായ ചെറുകീടങ്ങള്‍ നിറഞ്ഞ വെള്ളത്തിലേക്ക് മാറ്റിയ ഒരു പരീക്ഷണം. നല്ല അന്തരീക്ഷത്തില്‍ കഴിയാനോ പ്രകൃതിദത്തമായ സ്വന്തം ആഹാരം കഴിക്കാനോ ഈ ലാര്‍വകള്‍ താല്പര്യം കാട്ടിയില്ലത്രേ. അവ പ്ലാസ്റ്റിക് തരികള്‍ (മൈക്രോ പ്ലാസ്റ്റിക്) തേടി പാഞ്ഞുനടന്നുപോലും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: