സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എല്ലാവര്ക്കും ഒരുപോലെ കഴിഞ്ഞെന്നു വരില്ല. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാവാം അത് സംഭവിക്കുന്നത്. അമ്പത്തിയൊന്നാം വയസ്സിലും അധികം ആരും തിരഞ്ഞെടുക്കാത്ത വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയെടുക്കാന്‍ കഴിയുകയെന്നത് വലിയ കാര്യം തന്നെ. കരിയര്‍ ഗൈഡന്‍സ് എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് എടുത്ത ബിന്ദു ഇതിനുദാഹരണമാണ്. പൊതുവെ വനിതകള്‍ തിരഞ്ഞെടുക്കാത്ത വിഷയമാണ് കരിയര്‍ ഗൈഡന്‍സ്. എന്നാല്‍ ആര്‍ക്കും ഇഷ്ടമല്ലാത്തവയെ സ്വന്തം ഇഷ്ടങ്ങളാക്കി മാറ്റാനാണ് ബിന്ദുവിനിഷ്ടം. കേരളത്തില്‍ കരിയര്‍ ഗൈഡന്‍സ് എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ വ്യക്തിയാണ് ബിന്ദു വിജയകുമാര്‍.
കരിയര്‍ ഗൈഡന്‍സിലേക്കുള്ള വഴി
ഒരു ദിനപത്രത്തില്‍ കണ്ട പരസ്യമായിരുന്നു ബിന്ദുവിനെ കരിയര്‍ ഗൈഡന്‍സ് എന്ന വിഷയത്തിലേക്കെത്തിച്ചത്. തമിഴ്നാട്ടിലെ ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ ഡോക്ടറേറ്റിനുള്ള പ്രവേശനം തുടങ്ങിയെന്നതായിരുന്നു ആ പരസ്യം. പരസ്യം കണ്ട ഉടന്‍ വിളിച്ചന്വേഷിച്ചു. താന്‍ പഠിച്ച വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ കടക്കാന്‍ കടമ്പകള്‍ ഏറെയായിരുന്നു. പിന്നീട് ഡോക്ടറേറ്റ് നേടിയെടുക്കാനുള്ള പ്രവേശന പരീക്ഷ എഴുതി. പരീക്ഷയില്‍ പാസ്സായതോടെ ബിന്ദു ബാക്കിയുള്ള തയ്യാറെടുപ്പുകള്‍ നടത്തി. ഇതാണ് കരിയര്‍ ഗൈഡന്‍സിലെ ഡോക്ടറേറ്റിലേക്കെത്തിച്ചത്. പഠിക്കാന്‍ തിരഞ്ഞെടുത്ത വിഷയങ്ങളെല്ലാം ഏറെ ബുദ്ധിമുട്ടായിരുന്നതുകൊണ്ട് കരിയര്‍ ഗൈഡന്‍സ് വലിയ ബുദ്ധിമുട്ടായി തോന്നിയില്ല.
പ്രചോദനം
അധ്യാപനത്തില്‍ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുണ്ട് ബിന്ദുവിന്. അതുകൊണ്ട് കുട്ടികളുടെ താല്പര്യങ്ങളെ പെട്ടെന്ന് വായിച്ചെടുക്കാന്‍ സാധിക്കും. എന്നാല്‍ താന്‍ പഠിപ്പിച്ച പല കുട്ടികളും അവരുടെ അഭിരുചിക്കനുസരിച്ച് എത്താതെ വന്നപ്പോള്‍ ഏറെ വേദനിപ്പിച്ചു. മാതാപിതാക്കളുടെ അമിതമായ കൈകടത്തലാണ് കുട്ടികളെ സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് പറക്കാന്‍ അനുവദിക്കാത്തത്. കുട്ടികളെ അവരുടെ അഭിരുചിക്കനുസരിച്ച് പഠിപ്പിക്കണം. എന്നാല്‍ മാത്രമാണ് അവര്‍ക്ക് ജീവിതത്തില്‍ എന്തെങ്കിലും നേടാന്‍ കഴിയൂ. ഈ തിരിച്ചറിവാണ് കരിയര്‍ ഗൈഡന്‍സ് എന്ന വിഷയം തിരഞ്ഞടുക്കാനുള്ള കാരണം.
പൊതുവെ ആരും തിരഞ്ഞെടുക്കാത്ത വിഷയങ്ങളാണ് ബിന്ദു പഠിച്ചത്. ‘”ആര്‍ക്കും ഇഷ്ടമില്ലാത്തവയെ എന്റെ ഇഷ്ടങ്ങളാക്കി മാറ്റാനാണ് എനിക്കേറെയിഷ്ടം. കണക്കായിരുന്നു പഠിക്കാന്‍ തിരഞ്ഞെടുത്തത്. പിന്നീട് എംഫില്ലിനായി സ്റ്റാറ്റിറ്റിക്സ് പഠന വിഷയമാക്കി. ഇങ്ങനെ വേറിട്ട വിഷയങ്ങള്‍ പഠിക്കാനായിരുന്നു ഇഷ്ടം. എന്റെ അഭിപ്രായത്തില്‍ ഇങ്ങനെ പഠിക്കുന്നത് രസംതന്നെയാണ്.”’
ബിന്ദു എന്ന അധ്യാപിക
പഠിക്കാന്‍ ഏറെ മിടുക്കിയായിരുന്നു ബിന്ദു. എല്ലാവര്ക്കും ബുദ്ധിമുട്ടായ കണക്ക് എന്ന വിഷയത്തോടായിരുന്നു ഏറെ പ്രിയം. അതുകൊണ്ട് പഠിക്കാന്‍ തിരഞ്ഞെടുത്തത് കണക്ക്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയതിനുശേഷം ജോലിക്ക് ശ്രമിച്ചു. എല്‍ഐസി ഏജന്റായി കുറച്ചുനാള്‍ ജോലി ചെയ്തു. പിന്നീട് ഗണിത അധ്യാപികയായി സ്കൂളില്‍ ജോലിക്ക് പ്രവേശിച്ചു. കുട്ടികളോട് ചങ്ങാത്തംകൂടി അവര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടായ കണക്കെന്ന വിഷയത്തെ സുഹൃത്താക്കി മാറ്റി. കൊച്ചിയിലെ ഭാരതീയ വിദ്യാഭവനില്‍ പ്ലസ്ടു അധ്യാപികയായും, കാലടി ശ്രീശങ്കരാ കോളേജില്‍ ലക്ചററായും ജോലി ചെയ്തു.
കുടുംബം
ഏത് മേഖലയില്‍ തിളങ്ങണമെങ്കിലും കുടുംബം നല്കുന്ന പിന്തുണ അത്യാവശ്യമാണ്. എറണാകുളത്ത് അംബി സ്വാമി റസ്റ്റോറന്റ് നടത്തുന്ന വിജു മേനോനാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. മകള്‍ ആര്‍ദ്ര മേനോന്. ഭര്‍ത്താവും മകളുമാണ് ബിന്ദുവിന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം. ഇരുവരുടേയും പിന്തുണയോടെ എറണാകുളത്ത് ഐസിഎസ്ഡി കരിയര്‍ ഗൈഡന്‍സ് എന്ന സ്ഥാപനം നടത്തുകയാണ് ഇപ്പോള്‍ ബിന്ദു വിജയകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: