ആരായിരുന്നു മെഹബൂബ് എന്ന ചോദ്യത്തിന് ആശയസമ്പുഷ്ടമായ ഉത്തരമാണ് ”മെഹബൂബ്: പാട്ടിന്റെ പാനപാത്രം” എന്ന ഗ്രന്ഥം. അക്ഷരങ്ങളില്‍ അലിഞ്ഞുകിടന്ന സംഗീതത്തെ തനിമയും ഇനിമയും ചോരാതെ ആയിരങ്ങളുടെ ഹൃദയത്തില്‍ തേന്മഴ പെയ്യിച്ച അനശ്വര ഗായകന്. അദ്ദേഹത്തിന് കൂട്ട് സംഗീതം മാത്രം. അതിനുവേണ്ടി എന്തു ത്യാഗവും ചെയ്യാന്‍ സന്നദ്ധന്. എന്നാലോ, താന്‍ ആരുമല്ലെന്ന് ഭാവംകൊണ്ടും ശരീരഭാഷകൊണ്ടും സമൂഹത്തെ അറിയിച്ചുകൊടുത്ത സ്നേഹസമ്പന്നന്. ”പാടിയ കാലത്ത് മെഹബൂബ് ഒരു ചക്രവര്‍ത്തിയായിരുന്നു. എവിടെയും അദ്ദേഹം വേണമായിരുന്നു. ഗ്ലാമറില്‍ വിശ്വസിക്കാത്തതുകൊണ്ട് മെഹബൂബ് തന്റെ ഇഷ്ടാനിഷ്ടങ്ങളിലാണ് മുറുകെ പിടിച്ചത്. ആരുമായും സന്ധി ചെയ്യുകയോ പണം സമാഹരിച്ച് വലിയ സ്ഥാപനങ്ങള്‍ തുടങ്ങുകയോ ചെയ്തില്ല. മെഹബൂബ് തന്റെ പാട്ടുകളില്‍ അലിഞ്ഞുപോയവനാണ്” എന്നാണ് എം.കെ. ഹരികുമാര്‍ ഈ പുസ്തകത്തിന്റെ അവതാരികയില്‍ പറഞ്ഞിരിക്കുന്നത്.
ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷേ, അത്ഭുതമായിരിക്കും ആ ഗാനഗന്ധര്വന്. സംഗീതത്തിന്റെ ഇഴയടുപ്പങ്ങളുടെ സാരള്യം ആവോളം അറിഞ്ഞവനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ സംഗീതം ഒരു പാനപാത്രമായി എന്നും അദ്ദേഹം സൂക്ഷിച്ചുവച്ചു. വേണ്ടപ്പോള്‍ വേണ്ടവര്‍ക്ക് ആകാവുന്നത്ര പാനം ചെയ്യാന്‍ അവസരമൊരുക്കിക്കൊടുത്തു. ദയാരഹിതമായ അനുഭവങ്ങളുടെ ചുട്ടുപൊള്ളിക്കുന്ന വഴികളിലൂടെ നടക്കുമ്പോഴും കുളിരുകോരുന്ന ഒരനുഭവമായി സംഗീതത്തെ അദ്ദേഹം കരളിന്റെ ചെപ്പില്‍ സൂക്ഷിച്ചുവച്ചു. പരിഭവത്തിന്റെ മുള്മുനകള് കൊണ്ട് ആരെയും മെഹബൂബ് കുത്തിനോവിച്ചില്ല. അത്രമാത്രം സംഗീതവും പാട്ടുകാരനും തമ്മില്‍ ബന്ധപ്പെട്ടുപോയിരുന്നു.
കുടുംബങ്ങളുടെ എന്നത്തേയും സുഹൃത്തായിരുന്ന മെഹബൂബ് കല്യാണവീടുകളില്‍ പാടാന്‍ കിട്ടുന്ന ഒരവസരവും ഒഴിവാക്കിയിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അവസാനകാലം പരിതാപകരമായിരുന്നു. പാട്ടുകള്‍ മറന്ന് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെട്ടു അദ്ദേഹം. രോഗിയായ മെഹബൂബിന് മതിയായ ചികിത്സ കിട്ടിയില്ല. മാത്രമോ, നല്ല ഭക്ഷണം പോലും കഴിക്കാനായില്ല.
തന്റെ പാട്ടുകളാണ് തന്റെ സ്വത്തെന്ന് കരുതിയ ആ വലിയ മനുഷ്യന് നല്കാവുന്ന ഏറ്റവും ശ്രേഷ്ഠമായ ഹൃദയാഞ്ജലിയാണ് വെണ്ണല മോഹന്‍ ഈ പുസ്തകത്തിലൂടെ നടത്തുന്നത്. സംഗീതമഴയത്ത് ഹൃദയാഹ്ലാദത്തോടെ നിന്ന് നനഞ്ഞു കുതിരുന്ന മെഹബൂബിനെ സാന്ത്വനപൂര്‍വം തോര്‍ത്തുകൊണ്ട് തുവര്‍ത്തിക്കൊടുക്കുകയാണ് മോഹന്‍. മെഹബൂബിനെ എത്രമാത്രം അഗാധമായാണ് അദ്ദേഹം സ്നേഹിക്കുന്നതെന്ന് ഓരോ വരിയിലൂടെ കണ്ണോടിക്കുമ്പോഴും നമുക്ക് മനസ്സിലാകും.
വെണ്ണല മോഹന്‍ അനുഭവിച്ചുതീര്‍ക്കുന്ന മെഹബൂബിന്റെ സ്മരണകള്‍ 90 പേജിലായി നീണ്ടുകിടക്കുന്നു, ആ പാട്ടുകളിലെ സൗന്ദര്യം പോലെ തന്നെ. ഇന്നത്തെയും എന്നത്തെയും തലമുറയ്ക്ക് വിസ്മയമായ മെഹബൂബിന് മലയാളത്തിന്റെ സ്നേഹാഞ്ജലിയാണ് ഈ പുസ്തകം എന്നുപറഞ്ഞാല്‍ അത് തെറ്റാവില്ല.
1951 മുതല്‍ 1975 വരെ മെഹബൂബ് പാടിയ സിനിമാ പാട്ടുകളെക്കുറിച്ചും പരാമര്‍ശമുണ്ട്. ഒപ്പം സ്വകാര്യ വേദികളിലും മറ്റും പാടിയ പ്രശസ്ത ഗാനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ജീവചരിത്ര ഗണത്തില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതൊരു ജീവിക്കുന്ന ചരിത്രഗാഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: