പള്ളുരുത്തി: അഴകിയകാവ് ഭഗവതി ക്ഷേത്രത്തിലെ കൊട്ടാര പറയെടുപ്പ് ഭക്തിനിര്‍ഭരമായി. നൂറ്റാണ്ടുകള്‍ മുന്‍പ് നിലനിന്നിരുന്ന ക്ഷേത്രാചാരം വീണ്ടും ദര്‍ശിക്കാന്‍ നിരവധി ഭക്തരാണ് എത്തിച്ചേര്‍ന്നത്.
അഴകിയകാവ് ഭഗവതി ക്ഷേത്രത്തിലെ പാട്ടുതാലപ്പൊലിയുടെ ഭാഗമായുള്ള ദേശ പറയെടുപ്പ് ആരംഭിക്കുന്നത് ദേവസ്വം കൊട്ടാരത്തില്‍ നിന്നാണ്. അക്കാലത്ത് കൊച്ചി രാജാവോ രാജപ്രതിനിധിയോ ആണ് ഭഗവതിക്ക് മുന്നില്‍ പറനിറച്ചു നല്‍കിയിരുന്നത്. കാലങ്ങള്‍ മാറിയെങ്കിലും ആചാരം മുടക്കം കൂടാതെ
നടക്കുന്നുണ്ട്.
രാജഭരണം മാറി ജനകീയ സര്‍ക്കാര്‍ വന്ന സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ഭരണം ഏറ്റെടുത്തപ്പോള്‍ നിലവിലെ ദേവസ്വം ഓഫീസര്‍ക്കാണ് പറ നിറയ്ക്കാനുള്ള അവകാശം.
ക്ഷേത്രത്തിന് പിന്നിലായി ദേവസ്വം കൊട്ടാരം ഇന്നും പ്രൗഢിയോടെ നിലനില്ക്കുന്നു. ദേവസ്വം ഓഫീസായി മാറിയ കൊട്ടാരത്തില്‍, ദേവി ആനപ്പുറത്ത് എഴുന്നള്ളിയെത്തിയപ്പോള്‍ ദേവസ്വം ഓഫീസര്‍ ശ്രീരാജ് പറ നിറയ്ക്കാന്‍ നേതൃത്വം നല്കി. മേല്‍ശാന്തി തൃക്കത്ര മഠം ശ്രീധരന് എമ്പ്രാന്തിരി നീരാജനം ഉഴിഞ്ഞ് ദേവിയെ സ്വീകരിച്ചു. പഴയന്നൂര്‍ ക്ഷേത്രത്തിലും പറയെടുപ്പ് നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: