കൊച്ചി: മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി നല്കിയ പരാതിയില്‍ എന്ത് നടപടിയെടുത്തെന്ന് ജനുവരി 29നകം അറിയിക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശം നല്കി. ഗുജറാത്തില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനി ഭര്‍ത്താവിനെതിരെ എന്‍ഐഎ അന്വേഷണം തേടി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
പ്രണയം നടിച്ച് തന്നെ പീഡിപ്പിച്ചെന്നും യുവാവ് പിന്നീട് മതം മാറ്റി വിവാഹം കഴിച്ച ശേഷം തന്നെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്നും യുവതി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. യുവതി ഇക്കാര്യം വ്യക്തമാക്കി പരാതി നല്‍കിയിട്ടില്ലെന്ന് നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ പോലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെ ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോള്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് യുവതി അറിയിച്ചു. തുടര്‍ന്നാണ് എന്ത് നടപടിയെടുത്തെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.
ബെംഗളൂരുവില്‍ പഠിക്കാന്‍ പോയ സമയത്താണ് ന്യൂമാഹി സ്വദേശി തന്നെ പ്രണയിച്ച് വിവാഹം കഴിച്ചതെന്നും മതം മാറ്റി വ്യാജ ആധാര്‍ രേഖയുണ്ടാക്കിയാണ് വിവാഹം രജിസ്റ്റര്‍ ചെയ്തതെന്നും യുവതിയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നു. മുംബൈയിലെ സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ അനുസരിച്ച് പര്‍ദ്ദ ധരിക്കാനും ഐഎസിനെ പിന്തുണയ്ക്കാനും തന്നെ നിര്‍ബന്ധിച്ചിരുന്നെന്നും പിന്നീട് ഇയാളുടെ മാതാപിതാക്കള്‍ക്കൊപ്പം തന്നെ ജിദ്ദയിലേക്ക് കൊണ്ടു പോയെന്നും യുവതി വ്യക്തമാക്കി. ഇവിടെ നിന്ന് തന്നെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്നും എന്നാല്‍ 2017 ഒക്ടോബര്‍ 15 ന് രക്ഷപ്പെട്ട് അഹമ്മദാബാദിലെത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: