ഇടുക്കി: എല്ലാം അയ്യപ്പന്റെ അനുഗ്രഹം എന്നുമാത്രമെ നാഗപ്പ ദളവയ്ക്ക് പറയാനുള്ളു… ബെംഗളൂരുവില്‍നിന്ന് അയ്യപ്പനെ കാണാന്‍ കേരളത്തിലേയ്ക്ക് പുറപ്പെടുമ്പോള്‍ ഇത്തരത്തിലൊരു അനുഭവം, ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 14 അംഗ തീര്‍ത്ഥാടകസംഘം പ്രതീക്ഷിച്ചിരുന്നില്ല.
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് 61,730 രൂപയും രേഖകളും അടങ്ങിയ ചെറുബാഗ് നഷ്ടമായ വിവരം അറിയുന്നത്. പണം നഷ്ടപ്പെട്ടതോടെ യാത്ര തടസ്സപ്പെട്ടു. എന്തു ചെയ്യണമെന്നറിയാതെ ഇവര്‍ സമീപത്തെ അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അഭയം തേടി. ക്ഷേത്ര ഭാരവാഹികളോട് കാര്യവും പറഞ്ഞു. ശബരിമല ദര്‍ശനം മുടങ്ങുമോയെന്ന മനോവേദനയില്‍ രാത്രി അവിടെ കഴിച്ചുകൂട്ടി.
ചൊവ്വാഴ്ച രാവിലെ ടൗണിലെ ഇംപീരിയല്‍ ബേക്കറി ഉടമ റെജി ക്ഷേത്രത്തിലെത്തി ബാഗ് തനിക്ക് കിട്ടിയതായും പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചതായും അറിയിച്ചു. റെജിയും തീര്‍ത്ഥാടകരും ഉടനെ പോലീസ് സ്റ്റേഷനിലെത്തി. വണ്ടിപ്പെരിയാര്‍ എസ്ഐ ബ്രിജിത് ലാലിന്റെ സാന്നിധ്യത്തില്‍ റെജി നാഗപ്പയ്ക്ക് പണമടങ്ങിയ ബാഗ് തിരികെ നല്കി. റെജിയ്ക്ക് നന്ദി പറഞ്ഞ് സംഘം ശബരിമല യാത്ര തുടര്‍ന്നു. ശബരിമല തീര്‍ത്ഥാടകരുടെ പണം തിരികെ നല്കിയ യുവാവിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
വണ്ടിപ്പെരിയാര്‍ പാലത്തിന് സമീപത്തുവച്ചായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍നിന്ന് ബാഗ് തെറിച്ച് പോയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: