മൂര്‍ത്തിയും അന്നവുമായ ചന്ദ്രനും അമൂര്‍ത്തിയും പ്രാണനും അത്താവുമായ സൂര്യനും ചേര്‍ന്ന സര്‍വാത്മകമായ ഈ മിഥുനം എങ്ങനെയാണ് പ്രജകളെ സൃഷ്ടിക്കുന്നതെന്ന് വിവരിക്കുന്നു.
സംവത്സരോ വൈ പ്രജാപതിഃ തസ്യായനേ ദക്ഷിണം ചോത്തരാച
തദ്യേ ഹ വൈ തദിഷ്ടാ പൂര്ത്തേകൃതമിത്യുപാസതേ തേ ചാന്ദ്രമസമേവ
ലോകമഭിജയന്തേ ത ഏവ പുനരാവര്‍ത്തന്തേ തസ്മാദേത
ഋഷയാഃ പ്രജാകാമാ ദക്ഷിണം പ്രതിപദ്യന്തേ, ഏഷ ഹ വൈരര്യെഃ പിതൃയാണഃ
സംവത്സര രൂപിയായ പ്രജാപതിക്ക് ദക്ഷിണായനം ഉത്തരായനം എന്നീ രണ്ടുമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഈലോകത്ത് ഇഷ്ടാപൂര്ണ കര്‍മ്മങ്ങളെ ഉപാസിക്കുന്നവര്‍ ദക്ഷിണായനമാര്ഗ്ഗത്തിലൂടെ ചന്ദ്രലോകത്തെത്തുന്നു. അവിടെനിന്ന് മടങ്ങി വരേണ്ടിവരും. പ്രജകളെ ആഗ്രഹിക്കുന്ന ഋഷിമാര്‍ ദക്ഷിണായനമാര്ഗത്തെയാണ് പിന്തുടരുന്നത്. പിതൃയാനമെന്ന് പറയുന്ന രയി എന്ന അന്നം ഈ ചന്ദ്രലോകം തന്നെയാണ്.
സൂര്യചന്ദ്രന്മാരായ മിഥുനം തന്നെയാണ് സംവത്സര സ്വരൂപിയായ പ്രജാപതി. ചന്ദ്രസൂര്യന്മാരുണ്ടാക്കുന്ന രാപകലുകള്‍ ചേര്‍ന്നാണ് ദിവസങ്ങളും പക്ഷങ്ങളും മാസങ്ങളും സംവത്സരങ്ങളും ഉണ്ടാകുന്നത്. സൂര്യന്റെ ഗതിയനുസരിച്ചാണ് ഉത്തര-ദക്ഷിണായനങ്ങള്‍ കല്പ്പിച്ചിരിക്കുന്നത്. കര്‍ക്കിടകം മുതല്‍ ധനു ഉള്‍പ്പെടെയുള്ള ആറുമാസത്തെ ദക്ഷിണായനത്തില്‍ സൂര്യന് ദക്ഷിണമാര്ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നു. കര്‍മ്മത്തെ ചെയ്യുന്നവര്‍ക്ക് അതിന് പറ്റിയ ലോകത്തെ കൊടുക്കുന്നു.
മകരം മുതല്‍ മിഥുനം ഉള്‍പ്പെടെയുള്ളതായ ഉത്തരായനത്തില്‍ ജ്ഞാനകര്മങ്ങളെ ഒരുമിച്ച് ചെയ്യുന്നവര്‍ക്കുള്ള ലോകത്തെ നല്കുന്നു. ചന്ദ്രനും ഇതുപോലെ ജ്യേഷ്ഠം മുതല്‍ ആറ് മാസം ദക്ഷിണായനും മാര്‍ഗ്ഗശീര്‍ഷം മുതല്‍ ആറ് മാസം ഉത്തരായണവുമാണ്. ഇഷ്ടാപൂര്ണങ്ങളെ ചെയ്യുന്നവര്‍ക്കാണ് അന്നരൂപമായ ചന്ദ്രലോകം. അഗ്നിഹോത്രം, തപസ്സ്, സത്യം, സ്വാധ്യായം, ആതിഥ്യം, വൈശ്യദേവം എന്നിവയെയാണ് ‘ഇഷ്ടം’ എന്നുപറയുന്നത്. കുളം, കിണര്‍, തടാകം, ദേവാലയങ്ങള്‍, തോട്ടം എന്നിവ ഉണ്ടാക്കല്‍, അന്നദാനം മുതലായവ ‘പൂര്ത്തയുമാണ്. ഇഷ്ടാപൂര്‍ത്തം ചെയ്ത് കര്‍മ്മഫലം അനുഭവിക്കാന്‍ ചന്ദ്രലോകത്തെത്തിയവര് പുണ്യം ക്ഷയിച്ചാല്‍ തിരിച്ചുവരണം. വീണ്ടും ജനിക്കും. പ്രജകളെ ആഗ്രഹിക്കുന്ന ഗൃഹസ്ഥന്മാര്‍ക്കുള്ളതാണ് ഈ ഗതി. അതുകൊണ്ട് ദക്ഷിണായനത്തെ പിതൃയാനമെന്നും പറയുന്നു. ഇതുതന്നെ രയി എന്ന ചന്ദ്രലോകം.
ഇനി ഉത്തരായന മാര്‍ഗ്ഗത്തെപ്പറ്റി പറയുന്നു.
അഥോത്തരേണ തപസാബ്രഹ്മചര്യേണ
ശ്രദ്ധയാ വിദ്യയാത്മാനമന്വിഷ്യാദിത്യമഭിജയന്തേ
ഏതജ്വെ പ്രാണാനാമായ തനമേതദുമതമഭയമേതത്
പരായണമേതസ്മാന്ന പുനരാവര്‍ത്തന്ത-ഇത്യേഷ
നിരോധഃ തദേഷ ശ്ലോകഃ
ഇന്ദ്രിയജയമാകുന്ന തപസ്സോടും ബ്രഹ്മചര്യത്തോടും വേദശാസ്ത്രാദികളിലൂടെ അടിയുറച്ച വിശ്വാസമായ ശ്രദ്ധയോടുംകൂടി ആദിത്യരൂപനായ പ്രജാപതി താനും ഒന്നാണെന്ന് വിദ്യകൊണ്ട് അറിയുന്നയാള്‍ ഉത്തരായണമാര്ഗ്ഗത്തിലൂടെ സൂര്യലോകത്തെത്തുന്നു. ഇതുതന്നെയാണ് എല്ലാ പ്രാണങ്ങളുടെയും ആശ്രയമായ സ്ഥാനം. അതിനാല്‍ സൂര്യലോകം നാശമില്ലാത്തതും അഭയത്തെ നല്കുന്നതുമാകുന്നു. ചന്ദ്രനുള്ളപോലെ വൃദ്ധിക്ഷയങ്ങള്‍ ഇവിടെയില്ല. വിദ്യയുള്ളവര്‍ക്കും ജ്ഞാനത്തോടുകൂടി കര്‍മ്മം ചെയ്യുന്നവര്‍ക്കുമുള്ള ഉത്കൃഷ്ടഗതിയും ഇതാണ്. ഇവിടെയെത്തിയാല്‍ സംസാരത്തിലേക്ക് തിരിച്ചുപോകേണ്ട. അവിദ്വാന്മാര്ക്ക് ഇത് നിരോധസ്ഥാനമാണ്. അവിദ്വാന്മാരായവര്ക്ക് ഇവിടെ കടക്കാന്‍ കഴിയാത്തതിനാല്‍ ആത്മാവായ ആദിത്യനെ പ്രാപിക്കാന്‍ കഴിയില്ല.
അനേക ജന്മങ്ങളിലെ പുണ്യംകൊണ്ടാണ് തപസ്സ്, ബ്രഹ്മചര്യം, ശ്രദ്ധ എന്നിവയുണ്ടാകൂ. ‘അഥ’ എന്ന വാക്ക് ഇതിനെയാണ് സൂചിപ്പിക്കുന്നത്. ഇപ്രകാരം വിരക്തി വന്നവര്‍ ആത്മഉപാസനയില് മുഴുകും. താനും പ്രജാപതിയായ സൂര്യനും ഒന്നാണെന്ന ഭാവം നേടിയവര്‍ക്കാണ് ഉത്തരായനത്തിലൂടെ സൂര്യലോകത്ത് എത്താന്‍ സാധിക്കുക. സൂര്യലോകത്തെത്തിയാല് തിരിച്ചുവരവില്ല. അവിടെനിന്ന് ആദിത്യമണ്ഡലത്തെ ഭേദിച്ച് നേടാം. ദക്ഷിണായനത്തിലൂടെ ചന്ദ്രലോകത്തെത്തുന്നവര്ക്ക് കര്‍മ്മഫലം അനുഭവിക്കാന്‍ വീണ്ടും ജന്മമെടുക്കേണ്ടതിനാല് സൂര്യലോകത്തേക്ക് പ്രവേശനമില്ല. ഉത്തരായനമാര്ഗ്ഗം വെളിച്ചത്തിന്റെയും തിരിച്ചുവരവില്ലാത്തതിന്റെയും ദക്ഷിണായനമാര്ഗം ഇരുട്ടിന്റെയും വീണ്ടും ജന്മമെടുക്കുന്നതുമാണ്. ഉത്തരായണത്തെ ദേവയാനമെന്നും ദക്ഷിണായനത്തെ പിതൃയാനമെന്നും വിളിക്കുന്നു. ഭഗവദ്ഗീത എട്ടാം അദ്ധ്യായത്തില്‍ ഈ രണ്ടുമാര്‍ഗ്ഗങ്ങളേയും വിശദീകരിക്കുന്നുണ്ട്.
ഈ വിഷയത്തെ വ്യക്തമാക്കുന്ന വേദമന്ത്രമാണ് ഇനി.
പഞ്ചപാദം പിതരം ദ്വാദശാകൃതിം
ദിവ ആഹുഃ പരേ അര്ധേ പുരീഷിണം
അഥേമ അന്യ ഉപരേ വിചക്ഷണം
സപ്തചക്രേ ഷഡര ആഹുരര്‍പ്പിതമിതി
എല്ലാറ്റിനേയും ജനിപ്പിക്കുന്ന സംവത്സര സ്വരൂപനായ പ്രജാപതിയെ അഞ്ച് ഋതുക്കളാകുന്ന കാലുകളോട് കൂടിയവനായും 12 മാസങ്ങളാകുന്ന അവയവങ്ങളോട് കൂടിയവനായും ആകാശത്തിനും (ദ്യുലോകം) മുകളിലുള്ള സ്ഥാനത്ത് ജലമുള്ളവനാലും കാലജ്ഞന്മാരായ ആളുകള്‍ പറയുന്നു. വേറെ ചിലര്‍ സര്‍വജ്ഞനായ സംവത്സര പ്രജാപതി ആറ് ഋതുക്കളാകുന്ന ആരക്കാലുകളോടും ഏഴുചക്രങ്ങളോടും അഥവാ ഏഴ് കുതിരകളോടും കൂടിയ രഥത്തില്‍ സഞ്ചരിക്കുന്നവനായി പറയുന്നു. ഈ ലോകം മുഴുവന്‍ അദ്ദേത്തില്‍ നിലനില്‍ക്കുന്നതായും പറയുന്നു. എല്ലാറ്റിനും സാക്ഷിയായി സൂര്യചന്ദ്രസ്വരൂപേണ വിളങ്ങുന്ന കാലാത്മാവായ സംവത്സര പ്രജാപതി ഈ ലോകത്തിന്റെ കാരണമാണെന്ന് ചുരുക്കം.
വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം എന്നിങ്ങനെയണ് ആറ് ഋതുക്കള്‍. ‘പഞ്ചപാദം’ എന്ന് വിശേഷിപ്പിക്കുന്നിടത്ത് ഹേമന്തത്തേയും ശിശിരത്തേയും ഒരുമിച്ച് കണക്കാക്കിയാണ് അഞ്ച് ഋതുക്കളാകുന്ന കാലുകള്‍ എന്ന് പറഞ്ഞത്. ചുറ്റുക എന്ന അര്‍ത്ഥത്തിലാണ് ‘സപ്തചക്ര’ എന്ന പ്രയോഗം. ഏഴു കുതിരകളെ പൂട്ടിയ തേരിലാണ് സൂര്യദേവന്റെ യാത്ര. ഇവിടെ കുതിരകളെയാണ് സപ്തചക്ര എന്നതുകൊണ്ടറിയേണ്ടത്.
(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍ ഫോണ്‍: 9495746977)
സ്വാമി ധ്രുവചൈതന്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: