തലശ്ശേരി: കൊട്ടിയൂരില്‍ വൈദികന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ് തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ഈ മാസം 30 ലേക്ക് മാറ്റി. കേസിലെ മുഴുവന്‍ പ്രതികളോടും കോടതിയില്‍ ഹാജരാവാന്‍ ജഡ്ജ് പി.എന്‍.വിനോദ് ഉത്തരവിട്ടു. കേസ് വിചാരണ തീയ്യതിയും അന്ന് പ്രഖ്യാപിക്കും.
വിചാരണ കൂടാതെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷിച്ച് നാല് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയതിനെ തുടര്‍ന്നാണ് തലശ്ശേരി കോടതിയില്‍ വിചാരണ ആരംഭിക്കാനുള്ള തടസ്സം നീങ്ങിയത്. ഹൈക്കോടതി ഉത്തരവ് പ്രതിഭാഗത്തോട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളിമേടയില്‍ കമ്പ്യൂട്ടര്‍ പരിശീലിക്കാനെത്തിയ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന കുറ്റത്തിന് വികാരി ഫാദര്‍ റോബിന് വടക്കുംചേരി ഉള്‍പെടെ പത്ത് പേരാണ് പ്രതിസ്ഥാനത്തുള്ളത്. ഇതില്‍ 2016 ഫിബ്രവരി 22 ന് അറസ്റ്റിലായ മുഖ്യപ്രതി വൈദികന് ഇപ്പോഴും റിമാന്റിലാണുള്ളത്. മറ്റ് ഒമ്പത് പ്രതികളും ജാമ്യത്തിലാണ്. ഇക്കഴിഞ്ഞ എപ്രില്‍ 20ന് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം പേരാവൂര്‍ പോലീസ് തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് വിചാരണ ആരംഭിക്കാനായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: